Connect with us

National

ചോദ്യം ചെയ്തപ്പോള്‍ സിസോദിയ പത്രസമ്മേളനം ബഹിഷ്‌കരിച്ചു

Published

|

Last Updated

>>മാധ്യമങ്ങള്‍ക്ക് സെക്രട്ടേറിയറ്റില്‍ വിലക്ക് 
ന്യൂഡല്‍ഹി: ഡല്‍ഹി സെക്രട്ടേറിയറ്റിനകത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ എ എ പി നിലപാട് വിശദീകരിക്കണമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ആവശ്യത്തെ തുടര്‍ന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പത്രസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി. മന്ത്രിസഭ രൂപവത്കരിച്ച ശേഷം ആം ആദ്മി പാര്‍ട്ടി വിളിച്ചുചേര്‍ത്ത ആദ്യ പത്രസമ്മേളനമാണ് ഉപ മുഖ്യമന്ത്രി ബഹിഷ്‌കരിച്ചത്.
സെക്രട്ടേറിയറ്റ് പരിസരത്ത് കടക്കുന്നതില്‍ നിന്ന് പത്രപ്രവര്‍ത്തകരെ പൂര്‍ണമായും വിലക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അമര്‍ഷത്തിലാണ്. പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ സിസോദിയ എത്തിയ ഉടന്‍ തന്നെ ചോദ്യശരങ്ങള്‍ ഉയര്‍ന്നു. പത്രസമ്മേളനം ബഹളമയമായി. ഉപമുഖ്യമന്ത്രിയാകട്ടെ താന്‍ ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍ പത്രസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
മാധ്യമപ്രവര്‍ത്തകരും എ എ പി സര്‍ക്കാറും തമ്മില്‍ ഇടഞ്ഞത് നിര്‍ഭാഗ്യകരമാണെന്ന് ബി ജെ പി വക്താവ് സാംബിത് പത്ര അഭിപ്രായപ്പെട്ടു. 2013ല്‍ പ്രഥമ എ എ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും ഡല്‍ഹി സെക്രട്ടേറിയറ്റില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശം പരിമിതപ്പെടുത്തിയിരുന്നു. മന്ത്രിമാരുടെ മുറികള്‍ക്കകത്ത് പത്രപ്രവര്‍ത്തകര്‍ കടക്കുന്നത് വിലക്കുകയും ചെയ്തിരുന്നു.