Connect with us

Articles

ജനാധിപത്യവിരുദ്ധതക്കെതിരെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മറുപടി

Published

|

Last Updated

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേടിയ ചരിത്ര വിജയം ജനാധിപത്യ മതേതര ശക്തികളെ സംബന്ധിച്ചിടത്തോളം അത്യന്തം ആവേശകരവും അഭിമാനകരവുമാണ്. ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വം എന്റെ കൈയില്‍ അമര്‍ന്നു കഴിഞ്ഞു എന്ന അമിതമായ ആത്മവിശ്വാസം വഴി നിരന്തരം പ്രസ്താവനകളും ജനവിരുദ്ധ നയങ്ങളും കൈക്കൊണ്ടിരിക്കുന്ന നവഫാസിസത്തിനെതിരെ ഇന്ത്യന്‍ ജനത നല്‍കിയ കനത്ത താക്കീത് ആയി, അല്ലെങ്കില്‍ ആയിരിക്കണം എ എ പിയുടെ വിജയം വിലയിരുത്തേണ്ടത്. ഒരു വെറും സംസ്ഥാന തിരഞ്ഞെടുപ്പ് വിജയം എന്നതിനേക്കാള്‍, ഇന്ത്യയിലെ നവഫാസിസ്റ്റ് ഭരണാധികാരത്തിനെതിരെയും ഫാസിസ്റ്റ് സംസ്‌കാരത്തിനെതിരെയുമുള്ള ഇന്ത്യന്‍ ജനതയുടെ പ്രതിഷേധമാണ് പ്രതീകാത്മകമായി ആം ആദ്മി പാര്‍ട്ടിയുടെ വിജയമായി മാറിക്കഴിഞ്ഞത്. 2014 ലെ പതിനാറാമത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയില്‍ സംഭവിച്ചിട്ടുള്ള, സംഭവിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധതകള്‍ക്കെതിരെയുള്ള ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മറുപടിയായാണ് യഥാര്‍ഥത്തില്‍ ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം.
ഇന്ത്യയില്‍ ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുമ്പോഴും അവക്ക് എന്തൊക്കെ പരിമിതികള്‍ ഉണ്ടായപ്പോഴും ഏറ്റവും ചുരുങ്ങിയത് “നമ്മളൊന്നല്ലേ” എന്നുപറയാന്‍ അവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍, നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഒന്നായിരുന്ന ജനതയെ പലതായി വെട്ടിമുറിക്കാനുള്ള ക്രൂരമായ ശ്രമം നഗ്നമായി ആരംഭിച്ചത്. അതിന്റെ പശ്ചാത്തലത്തിലാണ് സ്വാധി നിരജ്ഞന്‍ ജ്യോതി “രാമന്റെ മക്കള്‍” എന്നും “ഹറാം പിറന്നവരെ”ന്നും ഒരു രാഷ്ട്രീയ ജനതയെ രണ്ടായി പിളര്‍ത്തിയത്. ഇന്ത്യ-പാക് വിഭജനത്തേക്കാളും ആഴത്തില്‍ വിദ്വേഷം ജനിപ്പിച്ച പ്രയോഗമായിരുന്നു അത്. ഇത് തിരിച്ചറിയുന്നതില്‍ ജനാധിപത്യം പൊതുവില്‍ പരാജയപ്പെടുകയാണുണ്ടായത്. ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് തെരുവ് പ്രതിഷേധ പ്രകടനത്തില്‍ നടത്തിയ ഒരു പ്രസംഗമല്ല, മറിച്ച് ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു മന്ത്രി നടത്തിയ ഒരു ജനവിരുദ്ധ പ്രയോഗമായിരുന്നു അത്. അവിവാഹിതരായ അമ്മമാരെ രാഷ്ട്രം ഔദ്യോഗികമായി ആദരിക്കുന്ന പശ്ചാത്തലത്തിലാണ് അത്തരമൊരു പ്രയോഗം മന്ത്രി നടത്തിയത് എന്നത് കൂടുതല്‍ ആലോചന ആവശ്യപ്പെടുകയാണ്. അെല്ലങ്കിലും കുട്ടികള്‍ എന്ത് പിഴച്ചു? എവിടെ ജനിച്ചു, എപ്പോള്‍ ജനിച്ചു, എങ്ങനെ ജനിച്ചു എന്നത് ജനിക്കുന്നവരുടെ പ്രശ്‌നമല്ല. ജനനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാത്തവര്‍ക്കെതിരെയാണ് തീര്‍ച്ചയായിയിട്ടും, അനിവാര്യമാണെങ്കില്‍ പ്രതികരിക്കേണ്ടത്. അതിനുപകരം ഒരു പ്രദേശത്തെ ജനങ്ങളെ മൊത്തം അകാരണമായി ആക്ഷേപിക്കുകയാണ് മന്ത്രി ചെയ്തത്. അതുവഴി ഇന്ത്യന്‍ സംസ്‌കാരത്തിനും മാനവിക സംസ്‌കാരത്തിനും മുറിവേല്‍പ്പിക്കുകയായിരുന്നു ചെയ്തത്. യഥാര്‍ഥത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പോലും പ്രതീക്ഷയെ തകിടംമറിക്കുന്ന വിജയം നല്‍കിയ ജനം, സാധ്വി നിരഞ്ജന്‍ ജ്യോതി പോലുള്ളവര്‍ക്ക് ജനാധിപത്യത്തിന്റെ ഒന്നാം പാഠം പഠിപ്പിക്കുകകൂടിയാണ് ചെയ്തത്.
പത്ത് ലക്ഷത്തിന്റെ കോട്ട് ധരിച്ചിട്ടും സ്വയം ദൈവമായും ക്ഷേത്രത്തില്‍ വിഗ്രഹമായും തീര്‍ന്നിട്ടും എല്ലാവിധ ഉപജാപങ്ങളുടെയും കൂട്ടുകാരനായ അമിത് ഷായെ ചേര്‍ത്തുപിടിച്ചിട്ടും അദാനി, അംബാനി ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് രാക്ഷസന്മാരുടെ സര്‍വവിധ സഹായസഹകരണങ്ങള്‍ ഉണ്ടായിട്ടും പ്രധാനമന്ത്രി എന്ന നിലയില്‍ തിരഞ്ഞെടുപ്പിന് നേരിട്ട് നേതൃത്വം നല്‍കിയിട്ടും കനത്ത പ്രഹരമായി ഡല്‍ഹിയിലെ ജനത നല്‍കിയ ജനാധിപത്യ പ്രതികരണം തീര്‍ച്ചയായും വളരെ പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. ഒരു ഭാഗത്ത് രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളും മാനുഷിക വിഭവശേഷിയും ചൂഷണം ചെയ്തും മറുഭാഗത്ത് വ്യാജ ദേശീയ വികാരത്തിന് തീപിടിപ്പിച്ചും മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനവിരുദ്ധ നാടകം മനസ്സിലാകുന്ന ഒരു ജനത ഇന്ത്യയില്‍ വളര്‍ന്നുകഴിഞ്ഞു എന്ന തിരിച്ചറിവാണ് ഡല്‍ഹി ഫലം വ്യക്തമാക്കുന്നത്.
അതേസമയം, ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ നടത്താന്‍ പോകുന്ന ഭരണം എങ്ങനെയായിരിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. എ എ പി നടപ്പിലാക്കാന്‍ പോകുന്ന കാര്യങ്ങള്‍/ സ്വീകരിക്കുന്ന നിലപാടുകള്‍ എന്നിവയെ ആശ്രയിച്ചായിരിക്കും ഭരണത്തെകുറിച്ച് വിലയിരുത്താനാകുക. സംഘ്പരിവാര്‍ മുന്നോട്ടുവെക്കുന്ന നവഫാസിസ്റ്റ് കോര്‍പ്പറേറ്റ് വത്കരണ നയങ്ങള്‍ക്കെതിരെ ആരോഗ്യകരമായ ബദല്‍ സൃഷ്ടിക്കാന്‍ എ എ പിക്ക് സാധിക്കണം. പ്രത്യയശാസ്ത്രപരമായ പരിമിതി ഉള്ളതുകൊണ്ട് മാത്രം എ എ പി നേടിയ വിജയം അപ്രസക്തമാകുന്നില്ല. ഒരുപക്ഷേ ആം ആദ്മി പാര്‍ട്ടിയുടെ വിജയം എന്നതിനേക്കാള്‍ നരേന്ദ്ര മോദിക്കെതിരെയുള്ള ഒരു ജനതയുടെ വികാരത്തിന്റെ ഭാഗമാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ആ വികാരം ഡല്‍ഹിയുടെ പശ്ചാത്തലത്തില്‍ നിന്ന് ആവിഷ്‌കരിക്കാന്‍ ചരിത്രം തിരഞ്ഞെടുത്തൊരു രാഷ്ട്രീയ പാര്‍ട്ടിയായി മാറാന്‍ എ എ പിക്ക് കഴിഞ്ഞു എന്നതാണ് ഏറ്റവും പ്രധാനം. മറ്റു പാര്‍ട്ടികളോടൊപ്പം എ എ പിയും ഇവിടെ ചില കാര്യങ്ങള്‍ സ്വയം വിമര്‍ശപരമായി തിരിച്ചറിയേണ്ടതുണ്ട്. വിജയം എ എ പി നടത്തിയ പ്രചാരണങ്ങള്‍കൊണ്ടു മാത്രമല്ല, മറിച്ച് ഏതൊക്കെയോ രീതിയില്‍ നരേന്ദ്ര മോദിക്കെതിരെ രൂപപ്പെട്ട ജനരോഷം പ്രകടിപ്പിക്കാന്‍ ഡല്‍ഹിക്കാര്‍ക്കു മുമ്പില്‍ ഉണ്ടായിരുന്ന പ്രധാന സാന്നിധ്യം ആം ആദ്മി മാത്രമാണെന്ന കാരണം കൊണ്ടുകൂടിയാണ്.
ഡല്‍ഹിയില്‍, ഇന്ത്യയുടെ തലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ആത്മാഭിമാനമുള്ള ഒരിന്ത്യക്കാരന് തലയുയര്‍ത്തിപ്പിടിക്കാന്‍ പര്യാപ്തമായതായിരുന്നില്ല. തൃലോക്പുരിയില്‍ നടന്ന വര്‍ഗീയ കലാപം, ഡല്‍ഹിയുടെ കേന്ദ്രങ്ങളില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ അരങ്ങേറിയ ആക്രമങ്ങള്‍ തുടങ്ങിയവക്കെതിരെ ശക്തമായ ബഹുജനപ്രതിരോധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ നേതൃത്വം നല്‍കേണ്ടിയിരുന്ന കോണ്‍ഗ്രസ് അതില്‍ നിന്നെല്ലാം ഒഴിയുകയായിരുന്നു. സംഘ്പരിവാര്‍ ഗുജറാത്ത് പരീക്ഷണം ഡല്‍ഹിയില്‍ ആവര്‍ത്തിക്കാമെന്നാണ് കരുതിയത്. മോദി- അമിത് ഷാ- കോര്‍പ്പറേറ്റ് കൂട്ടുകെട്ടുകള്‍ അതിനുള്ള ഒരുക്കങ്ങള്‍ നേരത്തെ തന്നെ നടത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹിയിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ നിരന്തരം ആക്രമണങ്ങള്‍ അരങ്ങേറിയത്. മതകേന്ദ്രങ്ങള്‍ക്കെതിയുള്ള കൈയേറ്റങ്ങള്‍ക്കെതിരെ പരാതിപ്പെട്ടപ്പോള്‍, അക്രമമല്ല, അത് മോഷണമാണ്, അതിന് ആക്രമണവുമായി ബന്ധമില്ല, ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നു എന്നൊക്കെയാണ് സംഘ്പരിവാറും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചത്. രാജ്യ തലസ്ഥാനത്ത് ജനാധിപത്യത്തെ തളര്‍ത്തുന്ന ഇത്തരം സംഭവങ്ങള്‍ നടന്നിട്ട് ജനകീയ സമരങ്ങളെ മുന്നില്‍ നിന്ന് നയിക്കേണ്ട കോണ്‍ഗ്രസിന് മതേതര വിരുദ്ധമായ നീക്കങ്ങള്‍ക്കെതിരെ മുന്നില്‍നിന്ന് പോരാട്ടം നടത്താന്‍ കഴിഞ്ഞില്ല. വര്‍ഗീയ ധ്രുവീകരണം നടന്ന ത്രിലോക്പുരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രതിരോധ സമരങ്ങള്‍ സംഘടിപ്പിച്ചത് ഇടതുപക്ഷമാണ്. കോര്‍പ്പറേറ്റ് ഫാസിസ്റ്റ് കൂട്ടുകെട്ടിനെതിരെ പോരാടേണ്ട അനിവാര്യ ഘട്ടങ്ങള്‍ തിരിച്ചറിയാതിരുന്നാല്‍, അത് സ്വയം വിമര്‍ശപരമായി കണ്ടെത്താതിരുന്നാല്‍, കോണ്‍ഗ്രസിന് ഡല്‍ഹിയിലേത് പോലുള്ള അനുഭവങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും കീഴാള ജനതയുടെയും ആവേശമായ അംബേദ്കറെ പോലും സംഘ്പരിവാര്‍ ശക്തികള്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അംബേദ്കര്‍ ആര്‍ എസ് എസിന്റെ പ്രത്യയശാസ്ത്രം വിശ്വസിച്ചിരുന്നുവെന്ന് മോഹന്‍ ഭഗവതിന്റെ പ്രസ്താവന വന്നത് ഇന്നലെയാണ്. സംസ്‌കൃതം ഇന്ത്യയുടെ ദേശീയ ഭാഷയാക്കാനും കാവിക്കൊടി ദേശീയ പതാകയാക്കാനും അംബേദ്കര്‍ ആഗ്രഹിച്ചിരുന്നുവെന്ന പുതിയ, ഒരിടത്തും ഇല്ലാത്തതാണ് “കണ്ടെത്തി”ക്കൊണ്ടിരിക്കുന്നത്. ചരിത്രത്തില്‍ ഒരുടത്തുമില്ലാത്ത ആരോപണങ്ങളാണ് ഭഗവത് നടത്തിക്കൊണ്ടിരിക്കുന്നത്. 1936ല്‍ ജാതി നശീകരണം ലക്ഷ്യമാക്കിയ സംഘടനയുടെ അധ്യക്ഷ പ്രസംഗത്തിനായി ക്ഷണിക്കപ്പെടുകയും എന്നാല്‍ ആ പ്രസംഗം നടത്തുന്നതില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്ത ആളാണ് അംബേദ്കറെന്ന ചരിത്ര യാഥാര്‍ഥ്യം സൗകര്യപൂര്‍വം മറച്ചുവെക്കുകയാണ് ഇവര്‍. അന്ന് അവതരിപ്പിക്കാന്‍ കഴിയാത്ത പ്രസംഗമാണ് പിന്നീട് “ജാതിയുടെ ഉന്മൂലനം” എന്ന പേരില്‍ പുസ്തകമായി പുറത്തിറങ്ങിയത്. മാത്രമല്ല, “ഹിന്ദുവായി ജനിച്ച ഞാന്‍ ഹിന്ദുവായി മരിക്കാന്‍ ആഗ്രഹിക്കുന്നില്ലെ”ന്ന് 1956 ഒക്‌ടോബര്‍ 14നാണ് മൂന്ന് ലക്ഷത്തോളം ആളുകളോടാണ് അംബേദ്കര്‍ പ്രഖ്യാപിച്ചത്. അംബേദ്കറുടെ മതം മാറാനുള്ള ശ്രമത്തില്‍ നിന്നും പിന്തിരിയാന്‍ ആവശ്യപ്പെട്ട് രാജേന്ദ്ര പ്രസാദിനെ പോലുള്ളവര്‍ രംഗത്തെത്തിയിരുന്നു. അന്ന് അതിന് മറുപടിയായി അദ്ദേഹം പറഞ്ഞത്, മഹാരാഷ്ട്രയിലെ ഒരു ദളിതനെ ശങ്കരാചാര്യരായി അവരോധിച്ച് അവിടുത്തെ സവര്‍ണര്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വന്ന് സാഷ്ടാംഗം ചെയ്യട്ടെ എന്നായിരുന്നു. എന്നാല്‍ ഞാന്‍ മതപരിവര്‍ത്തന സംരംഭത്തില്‍ നിന്നും പിന്‍വാങ്ങാം എന്ന് വാക്കും നല്‍കി. എന്നാല്‍ ആ നിര്‍ദേശം അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. അത് അംഗീകരിക്കപ്പെട്ടാല്‍ ജാതിയുടെ മേല്‍ക്കോയ്മ അതോടെ തകരും. എന്നതുകൊണ്ട് മതപരിവര്‍ത്തനവും നടന്നു. ഈ അംബേദ്ക്കറെയാണ് ഇപ്പോള്‍ ആര്‍ എസ് എസ് ചുമക്കാന്‍ ശ്രമിക്കുന്നത്.
ഒരുഭാഗത്ത് ഇന്ത്യയിലെ മതനിരപേക്ഷതക്കുവേണ്ടി നവഫാസിസത്തിനെതിരെ പോരാടുന്നവരെ കലാപങ്ങളില്‍ കൊന്നുതള്ളുകയും മറുഭാഗത്ത് നവഫാസിസത്തിനെതിരായുള്ള പോരാട്ടങ്ങളില്‍ നേതൃപരമായ സാന്നിധ്യമാകേണ്ട കീഴാളവിഭാഗത്തേയും അവര്‍ക്ക് ആശയസംഹിത വിഭാവന ചെയ്തവരേയും നക്കിക്കൊല്ലാനുമുള്ള പരീക്ഷണമാണ് സംഘ്പരിവാര്‍ നടത്തുന്നത്. പത്തുലക്ഷം രൂപയുടെ കോട്ടുകൊണ്ടോ, ഒബാമയെ കെട്ടിപ്പുണര്‍ന്നതുകൊണ്ടോ വ്യാജ ആശയങ്ങള്‍ പ്രചരിപ്പിച്ചത് കൊണ്ടോ ഇന്ത്യന്‍ ജനതയെ അത്ര എളുപ്പത്തില്‍ പരാജയപ്പെടുത്താന്‍ കഴിയില്ല എന്ന പ്രതികരണമായാണ് ഡല്‍ഹി ഫലത്തില്‍ കാണുന്നത്.
തയ്യാറാക്കിയത്: അനസ് കെ കൊളത്തൂര്‍

---- facebook comment plugin here -----

Latest