അബുദാബിയില്‍ കഴിഞ്ഞ വര്‍ഷം ചുവപ്പു സിഗ്നല്‍ മറികടന്ന 21,000 കേസുകള്‍

Posted on: February 13, 2015 6:30 pm | Last updated: February 13, 2015 at 7:08 pm

അബുദാബി: കവലകളില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കണമെന്ന് അബുദാബി ട്രാഫിക് വിഭാഗം ആവശ്യപ്പെട്ടു. മഞ്ഞവെളിച്ചം കത്തിയ ശേഷം സിഗ്നലുകള്‍ മറികടക്കാന്‍ വേണ്ടി അമിതവേഗതയില്‍ വാഹനമെടുക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
അബുദാബിയിലെ കവലകളിലെല്ലാം ഫഌഷില്ലാത്ത കാമറകള്‍ നിയമലംഘകരെ നിരീക്ഷിക്കാന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം കാമറകള്‍വഴി, പോയ വര്‍ഷം ചുവപ്പ് സിഗ്നല്‍ മറികടന്നതിന് പിടിക്കപ്പെട്ടത് 21,688 വാഹനങ്ങളാണ്. ഗുരുതരമായ അപകടങ്ങള്‍ക്കും മരണമുള്‍പെടെയുള്ള അത്യാഹിതങ്ങള്‍ക്കും കാരണമാകുന്നതാണ് ചുവപ്പ് സിഗ്നല്‍ മറികടക്കുകയെന്നത്. ഇത് ഗുരുതരമായ നിയമലംഘനമായാണ് ട്രാഫിക് വിഭാഗം കാണുന്നതെന്ന് അബുദാബി ട്രാഫിക്കിനു കീഴിലെ റോഡ് സേഫ്റ്റി ആന്‍ഡ് ട്രാഫിക് എഞ്ചിനീയറിംഗ് തലവന്‍ മേജര്‍ ഖലീഫ മുഹമ്മദ് അല്‍ ഖയീലി വ്യക്തമാക്കി.
800 ദിര്‍ഹം പിഴയാണ് ഇത്തരക്കാര്‍ക്കുള്ള ശിക്ഷ. എട്ട് ബ്ലാക്ക് പോയിന്റുകളും ചുമത്തും. ഇതിനും പുറമെ 15 ദിവസത്തേക്ക് വാഹനം പിടിച്ചിടുകയും ചെയ്യും. വാഹനം പിടിച്ചിടുന്നതിനുപകരമായി പ്രസ്തുത കാലയളവിലെ ഓരോ ദിവസത്തിനും 100 ദിര്‍ഹം വീതം പണമടച്ചാല്‍ മതിയാകുമെന്നും അല്‍ ഖയീലി അറിയിച്ചു. അബുദാബിയിലെ 50 കവലകളില്‍ നിലവില്‍ ഫഌഷില്ലാത്ത നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ ഭാഗത്തുമുള്ള അഞ്ച് ട്രാക്കുകളിലും ഒരേപോലെ കാമറയുടെ നിരീക്ഷണമുണ്ടാകും, അദ്ദേഹം പറഞ്ഞു.