Connect with us

Kozhikode

മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ്: ആക്ഷന്‍ കമ്മിറ്റി ഉപവാസ സമരം പിന്‍വലിച്ചു

Published

|

Last Updated

കോഴിക്കോട്: മാനാഞ്ചിറ – വെള്ളിമാട്കുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്താനിരുന്ന അനിശ്ചിതകാല ഉപവാസ സമരം പിന്‍വലിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്നലെ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യങ്ങള്‍ പരിഗണിച്ചതനിലാണ് സമരം താത്കാലികമായി പിന്‍വലിച്ചത്. റോഡ് വികസനത്തിന്റെ പ്രാരംഭ നടപടികള്‍ക്കായി 25 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. മാത്രമല്ല സ്ഥലമേറ്റെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് റവന്യൂ മന്ത്രിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും ചെയ്തു ഇതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ധിക്കാരപരമായ പെരുമാറ്റമാണ് ഉണ്ടാവുന്നതെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ അനുവദിച്ച 25 കോടി രൂപ വേണ്ട വിധത്തില്‍ ജില്ലാ ഭരണകൂടത്തിന് വിനിയോഗിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെ ഭരണ സംവിധാനത്തില്‍ മാറ്റം വരുത്താതെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് എം ജി എസ് നാരായണന്‍, ജന. സെക്രട്ടറി എം പി. വാസുദേവന്‍, ഡി സി സി പ്രസിഡന്റ് കെ സി അബു, അഡ്വ. മാത്യു കട്ടിക്കാന, സിറാജ് വെള്ളിമാട്കുന്ന് പങ്കെടുത്തു.
രാവിലെ കലക്ടറേറ്റിന് പടിക്കല്‍ നടത്തിയ ഉപവാസ സമരം എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. അഡ്വ. മാത്യു കട്ടിക്കാന അധ്യക്ഷത വഹിച്ചു. സംവിധായകന്‍ വി എം വിനു, ഡി സ ിസി പ്രസിഡന്റ് കെ സി. അബു, സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, ബി ജെ പി ജില്ലാ പ്രസിഡന്റ് പി രഘുനാഥ്, ഗ്രോ വാസു, ഡോ. കെ മൊയ്തു, തായാട്ട് ബാലന്‍, ഡോ. പി എ ലളിത പ്രസംഗിച്ചു.

Latest