Connect with us

Ongoing News

തണ്ടര്‍ബോള്‍ട്ട് റോന്ത് ചുറ്റുന്നതിനിടെ അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളുടെ പരസ്യ യോഗം

Published

|

Last Updated

പാലക്കാട്: മാവോയിസ്റ്റുകളെ പിടികൂടുന്നതിന് തണ്ടര്‍ബോള്‍ട്ടും പ്രത്യേക സേനയും റോന്ത് ചുറ്റുന്നതിനിടെ അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളുടെ പരസ്യ യോഗം. കഴിഞ്ഞ ദിവസമാണ് അട്ടപ്പാടി ഷോളയൂര്‍ വെള്ളകുളം ഊരില്‍ രാത്രി എട്ടിന് മൂന്നംഗ മാവോവാദിസംഘം ഊരുമൂപ്പന്റെ വീടിനുമുന്നില്‍ ഊരുവാസികളെ വിളിച്ചുചേര്‍ത്ത് യോഗം നടത്തിയത്. 25 വയസ്സ് തോന്നിക്കുന്ന രണ്ട് സ്ത്രീകളും 40 വയസ്സ് തോന്നിക്കുന്ന ഒരു പുരുഷനും അടങ്ങുന്ന സംഘമാണ് ഊരിലെത്തിയതത്രെ. സ്ത്രീകളടക്കമുള്ളവരുടെ പക്കല്‍ തോക്കും ബാഗുകളും ഉണ്ടായിരുന്നതായി ഊരുവാസികള്‍ പറഞ്ഞു. അരക്ക് ചുറ്റും ബോംബുപോലെ തോന്നിക്കുന്ന ബെല്‍റ്റ് ചുറ്റിയിരുന്നു. യോഗത്തിനിടെ ലഘുലേഖകള്‍ വിതരണം ചെയ്യുകയും വനംവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മുക്കാലിയില്‍ വനംവകുപ്പിന്റെ ഓഫീസിന് നേരെ ആക്രമണം നടത്തിയത് തങ്ങളാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ആക്രമണമുണ്ടാകുമെന്നും മാവോയിസ്റ്റുകള്‍ യോഗത്തില്‍ പറഞ്ഞു. വെള്ളത്തിനും മണ്ണിനും കാടിനുംമേല്‍ ജനകീയാധികാരം സ്ഥാപിക്കുക, കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ സാമ്രാജ്യത്വ ഫ്യൂഡല്‍ നയങ്ങള്‍ക്കെതിരെ അണിനിരക്കുക, ഭൂമി കര്‍ഷകന്, അധികാരം ജനങ്ങള്‍ക്ക് തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ ലഘുലേഖകളും സംഘം വിതരണം ചെയ്തു.
മാവോയിസ്റ്റ് വേട്ടക്കായി നിയോഗിക്കുന്ന പോലീസ് സേനയില്‍ ചേരരുതെന്ന് മാവോയിസ്റ്റുകള്‍ യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി. മാവോയിസ്റ്റുകളെ ശത്രുക്കളായി കാണലാണ് ഇതിന്റെ പിന്നിലെന്നും ഇത് ഗുണത്തേക്കാള്‍ ദോഷമായിരിക്കും ഭാവിയില്‍ ചെയ്യുകയെന്നും യോഗത്തില്‍ മാവോയിസ്റ്റുകള്‍ പറഞ്ഞതായി ആദിവാസികള്‍ പറഞ്ഞു.
അരമണിക്കൂറോളം നീണ്ടു നിന്ന യോഗത്തിന് ശേഷം മാവോയിസ്റ്റുകള്‍ വനത്തിനുള്ളിലേക്ക് പോയി. അട്ടപ്പാടിയില്‍ രണ്ട് മാസത്തിനിടെ രണ്ട് ആക്രമണങ്ങളാണ് മാവോയിസ്റ്റുകള്‍ നടത്തിയത്.—
ഈ ആക്രമണവുമായി ബന്ധപ്പെട്ട് ഒരു തുമ്പുപോലുമുണ്ടാക്കാതെ പോലീസും പ്രത്യേക സേനയും വട്ടം കറങ്ങുന്നതിനിടെയാണ് മവോയിസ്റ്റുകള്‍ അട്ടപ്പാടിമേഖലയില്‍ യോഗം വിളിച്ചുകൂട്ടി പ്രവര്‍ത്തനം ശക്തമാക്കുന്നത്.