Connect with us

Articles

അഴിമതി ഇല്ലാതാക്കാനാകുമോ?

Published

|

Last Updated

കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടയില്‍ കൈക്കൂലി വാങ്ങല്‍ എന്ന ചെറിയ പ്രവൃത്തിയില്‍ നിന്ന് ഒരു ദേശത്തിന്റെ ഒന്നാകെയുള്ള മനസ്സും ജീവിതരീതിയുമായി അഴിമതി വളര്‍ന്നിരിക്കുന്നു. ഈ പോക്ക് ശരിയാണോ? അഴിമതിയെ പൂര്‍ണമായും ഇല്ലാതാക്കാനാകുമോ അല്ലെങ്കില്‍ ഏതൊരു സമൂഹത്തിലും അഴിമതിയുടെ ഒരംശം എല്ലായ്‌പോഴും ഉണ്ടായിരിക്കുമോ? നമ്മുടെ ദൈനംദിന ജീവിതത്തില്‍ (“കൈക്കൂലി” നല്‍കാന്‍ നമ്മള്‍ തയാറാകുന്നതോ അല്ലെങ്കില്‍ ബന്ധുവിന് ജോലി ലഭിക്കാന്‍ സഹായിക്കുന്നതോ എന്തുമാകട്ടെ) അഴിമതിയുടെ നിലനില്‍പ്പിന് നമ്മളും ഏതെങ്കിലും വിധത്തിലുള്ള സംഭാവന നല്‍കുന്നുണ്ടോ? അടി മുതല്‍ മുടി വരെ സഹിഷ്ണുതയില്ലാതുള്ള നയം സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതാണോ അഴിമതി തടയാനുള്ള ഏക മാര്‍ഗം? കുടുംബഭാരം താങ്ങാന്‍ തുച്ഛമായ ശമ്പളം തികയാതെ വരുന്നതുകൊണ്ടാണോ പലരും കൈക്കൂലിയിലേക്ക് തിരിയുന്നത്? ദാരിദ്ര്യം കാരണമാണോ അഴിമതി അപകടകരമാം വിധം കുതിച്ചുയരുന്നത്? ചോദ്യങ്ങളുടെ പട്ടിക അങ്ങനെ നീളുകയാണ്.
രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകളിലാണ് അഴിമതി ഏറെയും നടക്കുന്നതെന്ന് പ്രവാസി ഇന്ത്യക്കാര്‍ വിശ്വസിക്കുന്നു. വില്ലേജ്, പഞ്ചായത്ത്, താലൂക്ക് ഓഫീസുകളും കലക്ടറേറ്റും അഴിമതിയുടെ കൂത്തരങ്ങായിരിക്കുന്നു. നൈതികത തൊട്ടുതീണ്ടാത്ത ഉദ്യോഗസ്ഥര്‍ കൃത്രിമമായി കേസുകള്‍ ചമയ്ക്കുമെന്ന ഭയത്താല്‍ പോലീസിനെ കാണുമ്പോള്‍ ജനങ്ങള്‍ ഓടിയൊളിക്കുന്നു. (ഇതിന് വിപരീതമായി, ജനാധിപത്യ തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന അനവധി പൊലീസുകാര്‍ നാട്ടിലുണ്ട്.)
പൊതു സേവകര്‍ കരുതുന്നത് അവരെന്തോ പ്രത്യേക അവകാശങ്ങളുള്ള സ്ഥാനത്താണ് എന്നാണ്. അതുകൊണ്ട് പൊതുജനത്തിന് സേവനം നല്‍കുന്നതിനു മുന്നോടിയായി അവര്‍ കൈക്കൂലി ആവശ്യപ്പെടുന്നു. അതു പക്ഷേ ദാരിദ്ര്യം കൊണ്ടാണോ? കുറഞ്ഞ ശമ്പളക്കാരനായ ഒരു സാധാരണ പൊതുസേവകന് തന്റെ കുടുംബത്തെ പോറ്റുന്നതിനും മാതാപിതാക്കളെ സഹായിക്കുന്നതിനും സ്‌കൂള്‍ ഫീസ് നല്‍കുന്നതിനും ഉയര്‍ന്ന വാടക അടയ്ക്കുന്നതിനുമെല്ലാം കൂടുതല്‍ പണം ആവശ്യമായി വരുന്നു. പക്ഷേ, ദുഃഖകരമെന്നു പറയേണ്ടൂ, സമ്പന്നരും അഴിമതിയില്‍ മുഴുകിയിരിക്കുകയാണ്. ഇതിന് വിശദീകരണമില്ല. എന്നാല്‍ അഴിമതിയിലൂടെ സമ്പന്നരായവര്‍ക്ക് അത് ഉപേക്ഷിക്കാനാകില്ല, കാരണം അവര്‍ അതിലാണ് ജീവിക്കുന്നത്.
കേരളത്തിലെ അഴിമതി എത്രത്തോളം ആഴത്തിലുള്ളതാണ്? നമ്മുടെ പൊതു സേവകര്‍ വളരെ കുറഞ്ഞ ശമ്പളം ലഭിക്കുന്നവരും അഴിമതിയിലൂടെ വരുമാനത്തിലെ കുറവ് നികത്താന്‍ നിര്‍ബന്ധിതരായവരുമാണോ? അഴിമതിയെന്നത് ചിരസ്ഥായിയാണോ? ഇത് ഇല്ലാതാകാന്‍ സമയമെടുക്കും. സത്യസന്ധരും കഠിനാധ്വാനികളും ആത്മാര്‍ഥതയുള്ളവരും അര്‍പ്പണബോധമുള്ളവരുമായ സര്‍ക്കാര്‍ ജീവനക്കാര്‍ ഇപ്പോഴുമുണ്ട്.
നാണക്കേട്! ഇന്ത്യയില്‍ അഴിമതി ഇല്ലാതാകുന്ന ദിവസം നമ്മള്‍ കുറ്റകൃത്യങ്ങള്‍, ദാരിദ്ര്യം, യുദ്ധങ്ങള്‍, എയ്ഡ്‌സ് തുടങ്ങിയവയോടെല്ലാം വിട പറയുന്ന ദിവസമായിരിക്കും. ദുഃഖകരമായ കാര്യം ഇത് ഏറെക്കുറെ അസാധ്യമാണ് എന്നതാണ്.
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ മാധ്യമങ്ങളുടെ 80 ശതമാനം സ്ഥലത്തും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണവേലയാണ് നിറയുന്നത്. മാധ്യമങ്ങള്‍ ആഘോഷിക്കുകയാണോ? ഓരോ തവണയും ഒരു ഗൗരവതരമായ രാഷ്ട്രീയ പ്രശ്‌നം ഉണ്ടാകുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥരിലെ ഒരു വലിയ വിഭാഗത്തിനും രാഷ്ട്ര നിര്‍മാണത്തിലുള്ള ആവേശം നഷ്ടപ്പെടുകയാണ് എന്നത് ഒരു രഹസ്യമായ കാര്യമല്ല. വ്യക്തമായി പറഞ്ഞാല്‍, ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ പൊതുവേ വളരെ അപകടകരമായ തോതില്‍ നിരാശ വളര്‍ന്നുകൊണ്ടിരിക്കുകയാണ് – സാധാരണക്കാരന്റെ പ്രശ്‌നങ്ങളോട് തണുത്തതും അര്‍ധ മനസ്സോടെയുമുള്ള സമീപനം, ആവേശരഹിതമായ ഒരു വികാരം.
“ഒന്നും സംഭവിക്കില്ല, ചരിത്രം സ്വയം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും” എന്ന ഒരു തരം മനോഭാവമാണിത്. സത്യം പറഞ്ഞാല്‍ ഈ മനോഭാവം കാലക്രമത്തില്‍ അനുഭവപരിചയമില്ലാത്ത, പരിശീലനം സിദ്ധിക്കാത്ത, മുടന്തരായിട്ടുള്ള ഒരു തൊഴിലാളി വര്‍ഗത്തെ സൃഷ്ടിക്കും. യഥാര്‍ഥത്തില്‍ മറ്റുള്ളവരുടെ കുറവുകള്‍ അവഗണിച്ച് അവര്‍ക്കൊപ്പം നമ്മള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ നമ്മുടെ പിഴവുകള്‍ അവഗണിച്ച് അവരും നമുക്കൊപ്പം പ്രവര്‍ത്തിക്കും.
ഒരു വീട്ടമ്മ ചോദിക്കുന്നു: “കൈക്കൂലി നല്‍കുന്നതിന് വ്യക്തിപരമായി ഞാന്‍ എതിരാണ്, പക്ഷേ ഒരു ഡോക്ടര്‍ എന്നെ ചികിത്സിക്കാന്‍ വിസമ്മതിച്ചാല്‍ ഞാന്‍ എന്തു ചെയ്യും?” അഴിമതി ഇന്നൊരു ദുരാചാരം മാത്രമല്ല, സമൂഹത്തിന്റെ എല്ലാ മേഖലകളിലും അതൊരു ജീവിതരീതി തന്നെയായി മാറിക്കൊണ്ടിരിക്കുകയാണ്-രാഷ്ട്രീയ വൃത്തങ്ങള്‍ മുതല്‍ ബിസിനസ് ബോര്‍ഡ് റൂമുകള്‍ വരേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരേയും ആരോഗ്യ, നീതിന്യായ മേഖലകള്‍ വരേയും അത് വ്യാപിച്ചു കിടക്കുന്നു. വിരമിച്ച ഒരു ഭരണ വിദഗ്ധന്‍ അഭിപ്രായപ്പെടുന്നു: “തീരുമാനമെടുക്കല്‍ എന്നത് ഉന്നതങ്ങളില്‍ (ഉദ്യോഗസ്ഥ വൃന്ദത്തിലെ) കിടന്ന് ബുദ്ധിമുട്ടുകയാണ്, ഫയലുകള്‍ വേഗത്തില്‍ നീങ്ങുന്നില്ല.” അധികാര സ്ഥാനങ്ങള്‍ക്കും അതിന്റെ മോധാവികള്‍ക്കും ഇടയില്‍ ഒരു ശീതസമരം വളര്‍ന്നുവരികയാണ്. അതിന്റെ അവസാന ഫലം എന്താണ്? ആര്‍ക്കാണ് നഷ്ടം? ഈ സാഹചര്യം തുടരുകയാണെങ്കില്‍ മധ്യവര്‍ഗ സമൂഹത്തിന്റെ ജീവിത നിലവാരത്തിന് വന്‍ തിരിച്ചടി നേരിടേണ്ടി വരും.
ഇത് എത്ര നാള്‍ തുടരും? സ്ഥിരമായ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടായിട്ടും കേരളത്തിലെ നൂറു കണക്കിന് കിലോ മീറ്ററുകളോളം റോഡുകളുടെയും അവസ്ഥ വളരെ മോശമാണ്. പല ഗ്രാമങ്ങളിലും കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ വലയുന്നു; മോശപ്പെട്ട ആരോഗ്യ സംവിധാനവും മലിനീകരണവും കാരണം ജനങ്ങള്‍ മരണമടയുന്നു. മോശപ്പെട്ട ആരോഗ്യ സംവിധാനവും ചിലരുടെ പ്രൊഫഷനല്‍ അല്ലാത്ത സമീപനവും കാരണം ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുന്നു. പല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും പൊതുജനത്തിന്റെ ആവശ്യം നിറവേറ്റുന്നതില്‍ പരാജയപ്പെടുന്നു. രാജ്യത്തെ വിവിധ തലങ്ങളിലുള്ള ആളുകള്‍ അഴിമതിയുടെയും മറ്റ് വിവിധ ദുരുപയോഗങ്ങളുടേയും പേരില്‍ അന്വേഷണം നേരിടുകയാണ്. കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ ഉദ്യോഗസ്ഥരേയും ഡോക്ടര്‍മാരേയും സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്യുന്നു. ലൈംഗിക വിവാദത്തിന്റെയും സ്വഭാവദൂഷ്യത്തിന്റെയും പേരില്‍ നേതാക്കളെ രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്താക്കുന്നു.
കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍മാരെ കൈയോടെ പിടികൂടുന്നു. മറ്റൊരു ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡനത്തിന്റെ ആരോപണം ഉയരുന്നു. 1980-കളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ഇന്നത്തെ കേരളം. നമ്മുടെ സംസ്ഥാനത്തെ നിയന്ത്രിക്കുന്നതിന് അന്നില്ലായിരുന്ന ഉപകരണങ്ങള്‍ ഇന്നുണ്ടെന്ന് നാം ആവേശം കൊള്ളുന്നു. എന്നാല്‍ അവയെ ഉപയോഗപ്പെടുത്തുന്നതിനുള്ള ഇച്ഛാശക്തി നമുക്കുണ്ടോ? നമ്മുടെ സംസ്ഥാനത്തേയും സമൂഹത്തേയും ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് വിടുതല്‍ നേടാന്‍ നമുക്ക് കഴിയുമെന്ന് നമ്മുടെ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥ വൃന്ദത്തിനും പൊതുജനത്തിനും ആകമാനവും ഒരു ആത്മവിശ്വാസം കൈവരേണ്ടതുണ്ട്. കേരളീയര്‍ പൊതുവേ ഏറ്റവും അപകടകരമായ ആത്മവിശ്വാസ പ്രതിസന്ധിയിലൂടെയാണോ ജീവിക്കുന്നത്? ജനങ്ങള്‍ക്ക് എല്ലാത്തിലും വിശ്വാസം നഷ്ടപ്പെട്ടതായി തോന്നുന്നു. കാരണം അവര്‍ കൂടുതല്‍ കൂടുതല്‍ സ്വാര്‍ഥരാവുകയാണ്. 5-10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴേക്കും ചില സര്‍ക്കാറുദ്യോഗസ്ഥര്‍ നിര്‍ഗുണരും നിരുത്സാഹികളും “ഒരു ഉപയോഗവുമില്ല”, “ഞാന്‍ ശ്രദ്ധിക്കാറില്ല”, അലസം തുടങ്ങിയ സമീപനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവരാണ്. വസ്തുതകളെ നമുക്ക് നിഷേധിക്കാനാകില്ല: തീര്‍ച്ചയായും, സംസ്ഥാനത്ത് നല്ലൊരു പങ്ക് ആത്മാര്‍ഥതയുള്ളവരും കഠിനാധ്വാനികളുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ട്.
മിക്ക ടി വി ചാനലുകളും റിയാലിറ്റി ഷോകളുടെ തിരക്കിലാണ്. കുട്ടികളുടെ ഭാവിയുടെ കാര്യത്തില്‍ മാതാപിതാക്കള്‍ ആശയക്കുഴപ്പത്തിലാകുന്നു. വിദ്യാഭ്യാസം വന്‍ വ്യവസായമായി മാറുന്നു. കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതില്‍ അധികൃതര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു. കൊലപാതകങ്ങള്‍ വര്‍ധിക്കുന്നു, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ല. നമ്മുടെ റോഡുകള്‍, ജല വിതരണം, ഡ്രെയ്‌നേജ് സംവിധാനം തുടങ്ങിയവയെല്ലാം മിക്ക സ്ഥലങ്ങളിലും സമ്പൂര്‍ണ പരാജയമാണ്. പക്ഷേ സര്‍ക്കാര്‍ ഓഫീസുകളിലെ ബിസിനസ് സാധാരണ പോലെതന്നെ നടക്കുന്നു. തീര്‍ച്ചയായും ഈ വിഷയങ്ങളെല്ലാം സര്‍ക്കാറിന് വെല്ലുവിളികളാണ്.
തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ തിരക്കിലാണ് രാഷ്ട്രീയക്കാര്‍. കഷ്ടം, കേരളത്തിലെ സാധാരണക്കാര്‍ക്ക് ഈ ചിന്തയില്ല. സാധാരണക്കാരന്‍ തന്റെ ഉപജീവന മാര്‍ഗം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇരവും പകലും മുഴുകിയിരിക്കുന്നു. നമുക്ക് ഈ സാഹചര്യത്തെ തുടരാന്‍ വിടണമോ? അധികാരികള്‍ പരാജയപ്പെടുന്നതും തൊഴില്‍ നഷ്ടപ്പെടുന്നതും വരെ പൊതുജനം കാത്തിരിക്കണോ? പൊതുജനം തങ്ങളുടെ കഴിഞ്ഞകാല അനുഭവങ്ങളെ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കേണ്ട സമയമാണിത്.
സാങ്കേതികമായി, രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും ദുഷ്‌ചെയ്തികളെ മധ്യവര്‍ഗം സഹിക്കുന്നു. അവര്‍ സഹനം ഇഷ്ടപ്പെടുന്നതു കൊണ്ടല്ല, മറിച്ച് വേറെ വഴിയില്ലാത്തതുകൊണ്ടാണത്. ഒരുപിഴവുമില്ലാത്ത സംവിധാനം എന്നത് ഉട്ടോപ്യന്‍ ആശയമാണ്, എങ്കിലും ചിലപ്പോഴെങ്കിലും നമുക്ക് ധാര്‍മികത സംസാരിക്കാനും ഉയര്‍ത്തിപ്പിടിക്കാനും കഴിയും. മുകള്‍ത്തട്ടില്‍ നിന്നും അടിത്തട്ടില്‍ നിന്നും മാറ്റമുണ്ടാകണം. ഒരു മാതൃക സ്ഥാപിക്കാന്‍ കേരളത്തിലെ രാഷ്ട്രീയക്കാര്‍ പരിശ്രമിക്കണം, മറ്റുള്ളവര്‍ അത് പിന്തുടരുകയും വേണം.