Connect with us

Articles

ദേശീയ 'ഗെയിംസ്' സമാപിച്ചോട്ടെ, എന്നിട്ട്?

Published

|

Last Updated

വിവാദ കായിക മാമാങ്കം സമാപനത്തിലേക്ക് നീങ്ങുകയാണ്. ഓണാഘോഷമല്ല, കായികോത്സവമാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ഓര്‍മിപ്പിച്ച ബഹുമാന്യ ചീഫ് സെക്രട്ടറിക്ക് നന്ദി. സുരേഷ് കല്‍മാഡിയയെ വീണ്ടും വീണ്ടും ഓര്‍മിപ്പിച്ച കായികമന്ത്രി തിരുവഞ്ചൂരിനും നല്ല നമസ്‌കാരം. ഒരു കേരളാ കല്‍മാഡിയാകാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് മന്ത്രിക്ക് പറയേണ്ടി വന്നത് കണ്ടിട്ട് കേരളക്കാര്‍ മൂക്കത്ത് വിരല്‍ വച്ചു. കോഴ, തമ്മിലടി, പിടിപ്പുകേട്, ലാലിസം, പൂഴ്ത്തിെവയ്പ് എന്നുവേണ്ട നവരസങ്ങളെല്ലാം പ്രദാനം ചെയ്ത മുപ്പത്തിയഞ്ചാമത് (അതും വിവാദത്തിലാണ്!) കായികമേള എത്രയും വേഗം അവസാനിച്ചാല്‍ മതിയെന്ന് ആഗ്രഹിക്കുന്ന ജനങ്ങളുണ്ടായാല്‍ അതിന് ആരെ കുറ്റപ്പെടുത്തും? ഇതിനെ 35-ാമത് എന്നു വിളിക്കരുത്, പത്താമത് മേള എന്നു വേണമെങ്കില്‍ വിളിക്കാമെന്ന് പരിണിത പ്രജ്ഞര്‍ മുന്നറിയിപ്പും നല്‍കി.
എത്രാമത്തെ മേളയെങ്കിലും ആകട്ടെ, ഏകദേശം 630 കോടി പൊടിപൊടിച്ച് നടത്തിക്കൊണ്ടിരിക്കുന്ന കായിക ഉത്സവം നമുക്കെന്ത് നല്‍കുമെന്ന വലിയ ചോദ്യം ഏവരുടെയും മുഖം മ്ലാനമാക്കാന്‍ തക്കതാണ്. സ്വര്‍ണവും വെള്ളിയുമൊക്കെ കേരളത്തിലെ കുട്ടികള്‍ നേടുന്നുണ്ട്. ഒന്നുമറിയാതെ അവര്‍ ഓടുകയും ചാടുകയും ചെയ്യുന്നു. അതിനെക്കാള്‍ തകൃതിയായി കളിക്ക് പിന്നിലെ കളികള്‍ അരങ്ങുതകര്‍ക്കുകയാണ്. അതിനെ “കേരളാ ഗെയിംസ്” എന്ന് മലയാള മനോരമ പത്രം പേരിട്ടു. (അവര്‍ക്ക് ലഭിച്ച പത്തു കോടി ഈ ഗെയിംസിന്റെ കൊഴുപ്പുകൂട്ടിയെന്നത് വേറെ കാര്യം!). ദേശീയ ഗെയിംസിന് പിന്നില്‍ തകര്‍ത്താടിയ “കേരളഗെയിംസ്” മാധ്യമങ്ങള്‍ നന്നായി ആഘോഷിക്കുകയും ചെയ്തു.
മന്ത്രി തിരുവഞ്ചൂര്‍, നാഷനല്‍ ഗെയിംസിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിര്‍വചിച്ചുകൊണ്ട് ലേഖനമെഴുതി: “”ദേശീയ ഗെയിംസിന്റെ പ്രധാന ലക്ഷ്യം രാജ്യത്തെ കായികതാരങ്ങള്‍ക്കും കായിക സംഘടനകള്‍ക്കും കായികരംഗത്തെ ഭരണകര്‍ത്താക്കള്‍ക്കും പുതിയ അറിവുകള്‍ നേടാനും അവരുടെ മികവ് തെളിയിക്കാനുമുള്ള അവസരം സൃഷ്ടിക്കുക എന്നതാണ്. സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ട്, ഭരണപരവും സാങ്കേതികവുമായ കാര്യക്ഷമതയോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വേദികളും ഉപകരണങ്ങളും ലഭ്യമാക്കുക എന്നതിനും ഗെയിംസിന്റെ സംഘാടനം കാരണമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇന്ത്യന്‍ കായികരംഗത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനായി സംസ്ഥാനങ്ങളില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചെടുക്കുക എന്നതും ലക്ഷ്യമാക്കിയിരുന്നു.”” അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം അക്ഷരംപ്രതി നടന്നുകൊണ്ടിരിക്കുകയല്ലേ? സാമ്പത്തിക അച്ചടക്കം, കാര്യക്ഷമത, പുതിയ അറിവുകള്‍ അങ്ങനെ എല്ലാറ്റിനും പുതിയ ഭാഷ്യങ്ങള്‍ ചമയ്ക്കാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നമുക്കു കഴിഞ്ഞല്ലോ!
സാമ്പത്തിക അച്ചടക്കത്തിന്റെ കാര്യമെടുത്താല്‍ ഉദ്ഘാടന സമ്മേളനത്തിന് മാത്രമായി പതിനഞ്ച് കോടിയല്ലേ ചെലവഴിച്ചിട്ടുള്ളൂ! ലാലിസം വെറും ഒരു കോടി അറുപത്തിയാറ് ലക്ഷം രൂപക്ക് മോഹന്‍ലാല്‍ ചെയ്തുകൊടുക്കുകയും ഒടുവില്‍ ആ തുക കറങ്ങിത്തിരിഞ്ഞ് ഖജനാവില്‍ തന്നെ എത്തുകയും ചെയ്തില്ലേ? ഇത്ര വലിയ അച്ചടക്കം മറ്റെവിടെ നടപ്പാകും? കഴിഞ്ഞ മേള ഝാര്‍ഖണ്ഡില്‍ നടന്നപ്പോള്‍ 611.33 കോടി രൂപയല്ലേ വെറുതെ കളഞ്ഞത്! കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ കാര്യം പറയാനുണ്ടോ? അപ്പോള്‍ പറയൂ, ഭേദം നമ്മള്‍ തന്നെയല്ലേ?
പിന്നെ കാര്യക്ഷമത. അതിന് ഉദ്ഘാടനചടങ്ങിനെക്കാള്‍ വലിയ ഉദാഹരണം പറയാനുണ്ടോ? തുടക്കം പാളുകയും കൈ പൊള്ളുകയും ചെയ്തതോടെ സമാപനച്ചടങ്ങുകള്‍ എങ്ങനെ നടത്തണമെന്നറിയാതെ സംഘാടകര്‍ അന്തംവിട്ടു നില്‍ക്കുന്നുവത്രേ! “കാര്യക്ഷമത” കൂടിയാല്‍ ഉദ്ഘാടനത്തേക്കാള്‍ വലിയ പൂരം സമാപനത്തില്‍ കണ്ടെന്നുവരും.
സംഘാടകരുടെ കാര്യക്ഷമതയ്ക്ക് ഇരയായവരില്‍ ഒരു പ്രമുഖനാണല്ലോ മോഹന്‍ലാല്‍. ലോകായുക്ത കേസെടുത്തപ്പോള്‍, അഴിമതിയുടെ പേരില്‍ മോഹന്‍ലാല്‍ അഞ്ചാം പ്രതിയാണിപ്പോള്‍. കായികമേളയില്‍ തന്റെ വ്യക്തിപ്രഭാവം കാണിക്കാന്‍ ശ്രമിച്ചതിന് കനത്ത വില നല്‍കേണ്ടിവന്നൂ, അദ്ദേഹത്തിന്. ചെലവായ മുഴുവന്‍ തുകയും തിരിച്ചുകൊടുക്കുന്നതുകൊണ്ടുമാത്രം കഴുകിക്കളയാവുന്ന അപമാനമല്ല ആ കലാകാരന് സംഭവിച്ചത്. കായിക മേളയുടെ ദുരന്തപര്യവസായിയായ കഥാപാത്രവും ലാല്‍ തന്നെ.
“പുതിയ അറിവു”കളിലേക്ക് വന്നാല്‍, സംഘാടനത്തിലെ പാളിച്ചകള്‍ മാത്രമല്ല, ഈ ദേശീയ ഗെയിംസിനെ ദേശീയ ശ്രദ്ധയിലേക്കു കൊണ്ടുവന്ന കാര്യമെന്ന് വ്യക്തമാകും. മറിച്ച്, തീരെ പ്രൊഫഷനലിസം പ്രദര്‍ശിപ്പിക്കാന്‍ കേരളത്തിന് കഴിയാതെപോയി എന്ന അറിവായിരിക്കും കൂടുതല്‍ മുഴച്ചുനില്‍ക്കാനിട. ദേശീയതലത്തില്‍, പല സംസ്ഥാനങ്ങളിലെയും ദയനീയ സ്ഥിതി തന്നെയാണ് കേരള കായികരംഗവും അഭിമുഖീകരിക്കുന്നത്. പണം ഒഴുക്കുന്നതുകൊണ്ടു മാത്രം ഗുണം സൃഷ്ടിക്കാന്‍ കഴിയില്ലെന്ന പാഠം ഈ മേള അടിവരയിട്ട് ഓര്‍മിപ്പിക്കുന്നു. ഒരു കായിക സ്പിരിറ്റും സംസ്‌കാരവും വികസിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു കാര്‍ണിവല്‍ സംഘടിപ്പിക്കുന്നതുപോലെയുള്ള അനുഭവം മാത്രമേ പ്രദാനം ചെയ്യാന്‍ കഴിയൂ. അഴിമതി സര്‍വവ്യാപിയായതിനാല്‍, അതില്‍ നിന്ന് മുക്തമായി നിലനില്‍ക്കാനോ എന്തെങ്കിലും സംഘടിപ്പിക്കാനോ ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയ്ക്കു കഴിയുകയുമില്ല.
കേരളത്തിലെ കായികമേഖല ഇന്നൊരു വലിയ കമ്പോളമായി വികസിച്ചുവന്നിട്ടുണ്ട്. മൂലധനം നിക്ഷേപിക്കാന്‍ കമ്പനികള്‍ “ക്യൂ”വിലാണ്. പക്ഷേ, നമുക്ക് നല്ല കായിക സ്‌കൂളുകള്‍ ഇനിയും ആരംഭിക്കാനായിട്ടില്ല. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഒരു കാലത്തുണ്ടായിരുന്ന കായികാധ്യാപകര്‍ പോലും ഇപ്പോഴില്ല എന്ന തിരിച്ചറിവ് ദുഃഖകരമാണ്. പുതിയ കായികാധ്യാപക നിയമനം നടക്കുന്നില്ല. നല്ല കോച്ചുമാര്‍ ഇല്ല. കായികരംഗത്തെ ഭൗതിക സാഹചര്യങ്ങള്‍ വികസിപ്പിക്കാനും കളിക്കാരെ വാര്‍ത്തെടുക്കാനും പ്രത്യേകം ഫോക്കസ് ചെയ്യണം. അതിനൊന്നും മെനക്കെടാന്‍ അധികാരികള്‍ തയ്യാറല്ലെങ്കില്‍, എത്ര വലിയ ആഘോഷങ്ങള്‍ സംഘടിപ്പിച്ചാലും കായിക രംഗം രക്ഷപ്പെടുമെന്ന് ഉറപ്പിക്കാനാകില്ല. ദേശീയ ഗെയിംസിന് ആതിഥ്യമരുളാന്‍ നമുക്ക് കിട്ടിയത് സുവര്‍ണാവസരമായിരുന്നു. കേരളത്തിന്റെ കായിക രംഗത്തെ ചിത്രം മാറ്റിവരയ്ക്കാന്‍ നമുക്ക് കഴിയുമായിരുന്നു; ഈ അവസരം ദീര്‍ഘവീക്ഷണത്തോടെ പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍. അതിന് പകരം, ഭയപ്പെട്ടെതെന്തോ, അവയൊക്കെയും സംഭവിച്ചിരിക്കുന്നു. ഒരൊറ്റ രാത്രികൊണ്ട് ദേശീയ ഗെയിംസിന്റെ ഗരിമ നഷ്ടപ്പെടാന്‍ ഇടയാക്കിയ കാര്യങ്ങളെക്കുറിച്ച് ശാന്തമായി ആലോചിക്കണം. എന്തുകൊണ്ട്?
നമുക്കെങ്ങനെ കായികരംഗത്തെ ശക്തിപ്പെടുത്താം? അതിനായി നല്ലൊരു നയം രൂപവത്കരിക്കണം. സത്യസന്ധരും ആത്മാര്‍പ്പിതരുമായ ആളുകളെ കണ്ടെത്തി അവരെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കാന്‍ കരുതല്‍ വേണം. ഈ മേഖലയില്‍ പ്രൊഫഷനല്‍ സമീപനം സ്വീകരിക്കാന്‍ അധികാരികള്‍ അമാന്തിക്കരുത്. സ്‌പോര്‍ട്‌സിനെ സ്‌നേഹിക്കുന്ന വലിയൊരു ജനാവലി കേരളത്തിലുണ്ട് എന്ന് സര്‍ക്കാര്‍ ഓര്‍ക്കുക. ജനുവരി 31ന് ഉദ്ഘാടന വേദിയില്‍, വന്നുനിറഞ്ഞ അര ലക്ഷത്തിലേറെ ആളുകളുടെ മനസ്സ് കാണാതെ പോകരുത്. ദേശീയ ഗെയിംസ് വിജയിപ്പിക്കാന്‍ ജനങ്ങള്‍ ആഗ്രഹിച്ചു, പക്ഷേ, അതിനെ പരാജയപ്പെടുത്താന്‍ അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും പ്രവൃത്തികള്‍ കാരണമായി. വിലപ്പെട്ട പാഠങ്ങള്‍ സമ്മാനിച്ചുകൊണ്ട് ഈ ദേശീയ ഗെയിംസ് അവസാനിക്കുമ്പോള്‍, അതില്‍ നിന്ന് എന്തെങ്കിലും ഗൗരവപൂര്‍വം പഠിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായാല്‍, ഭാവിയില്‍ വലിയ മുന്നേറ്റങ്ങള്‍ക്ക് അവസരമുണ്ട്. മറിച്ചായാല്‍, കേരളത്തിന്റെ കായികരംഗത്തിന് ഇനിയുമേറെ നാളുകള്‍ കാത്തിരിക്കേണ്ടി വരും, വികസനത്തിന്റെ ചിറകൊച്ച കേള്‍ക്കാന്‍.