വാര്‍ത്തയില്‍ വെള്ളം ചേര്‍ത്തു; എന്‍ ബി സി അവതാരകന് ‘പണികിട്ടി’

Posted on: February 11, 2015 10:05 pm | Last updated: February 11, 2015 at 11:05 pm

ന്യൂയോര്‍ക്ക് : വ്യാജ വാര്‍ത്ത ചമച്ചതിനെത്തുടര്‍ന്ന് അവതാരകനെ എന്‍ ബി സി ന്യൂസ് സസ്‌പെന്‍ഡ് ചെയ്തു. അമേരിക്കന്‍ ചാനലായ എന്‍ ബി സിയുടെ ഏറെ പ്രശസ്തമായ നൈറ്റ്‌ലി ന്യൂസ് എന്ന പരിപാടിയുടെ അവതാരകനും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ ബ്രിയാന്‍ വില്യംസിനെയാണ് ശമ്പളമില്ലാതെ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഇറാഖ് യുദ്ധസമയത്ത് താന്‍ സഞ്ചരിച്ച ഹെലികോപ്റ്ററിന് തീപ്പിടിച്ചുവെന്ന് പരിപാടിയില്‍ പറഞ്ഞത് നുണയായിരുന്നുവെന്ന് വില്യംസ് സമ്മതിച്ചതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ വിശ്വാസമര്‍പ്പിച്ച എന്‍ ബി സി ന്യൂസിനെ ബ്രിയാന്റെ നടപടി അപകടത്തിലാക്കിയെന്ന് എന്‍ ബി സിയുടെ സി ഇ ഒ സ്റ്റീവ് ബര്‍കി പ്രസ്താവനയില്‍ പറഞ്ഞു. ബ്രിയാന്റെ നടപടി മാപ്പര്‍ഹിക്കാത്തതും സസ്‌പെന്‍ഷന്‍ നടപടി ഉചിതവുമാണെന്നും അദ്ദേഹം പറഞ്ഞു. 2004 മുതല്‍ നൈറ്റ്‌ലി ന്യൂസിന്റെ അവതാരകനാണ് 55കാരനായ ബ്രിയാന്‍. 2003ല്‍ ഇറാഖ് യുദ്ധകാലത്ത് അമേരിക്കന്‍ സൈന്യത്തിന്റെ ഹെലികോപ്റ്ററില്‍ സഞ്ചരിക്കവെ റോക്കറ്റ് പതിച്ച് ഹെലികോപ്റ്ററിന് തീപ്പിടിച്ചുവെന്നാണ് പരിപാടിയില്‍ പറഞ്ഞത്. ഇത് സംബന്ധിച്ച് എന്‍ ബി സി നടത്തിയ അന്വേഷണത്തിന് ശേഷമാണ് സംഭവം വ്യാജമായിരുന്നുവെന്ന് ബ്രിയാന്‍ തുറന്നു സമ്മതിച്ചതും സസ്‌പെന്‍ഷന്‍ നടപടി നേരിട്ടതും. ഹെലികോപ്റ്ററിന് നേരെ ആക്രമണം നടക്കുമ്പോള്‍ ബ്രിയാന്‍ ഹെലികോപ്റ്ററിലോ പരിസരത്തുപോലുമോ ഉണ്ടായിരുന്നില്ലെന്ന് അമേരിക്കന്‍ സൈനിക പത്രം സ്റ്റാര്‍സ് ആന്‍ഡ് സ്‌ട്രൈപ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തനിക്ക് തെറ്റ് പറ്റിയതായി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ബ്രിയാന്‍ സമ്മതിച്ചിരുന്നു.