രാജ്യത്ത് താപനില വര്‍ധിക്കുന്നു; അബുദാബിയില്‍ പൊടിക്കാറ്റ്

Posted on: February 11, 2015 7:00 pm | Last updated: February 11, 2015 at 7:47 pm

അല്‍ ഐന്‍: രാജ്യത്ത് താപനില വര്‍ധിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില വര്‍ധിച്ചതായും ഇത് 30 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയതായും കേന്ദ്രം വിശദീകരിച്ചു. അതേസമയം ഇന്നലെ അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. ഇത് റോഡില്‍ ദൂരക്കാഴ്ച നന്നേ കുറയാന്‍ ഇടയാക്കി. പൊടിക്കാറ്റ് സാധാരണ ജീവിതത്തെ സാരമായി ബാധിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി വാഹനങ്ങളുമായി പുറത്തിറങ്ങിയവര്‍ക്ക് ലക്ഷ്യത്തില്‍ എത്താന്‍ ഏറെ ക്ലേശിക്കേണ്ടി വന്നു. ഇന്നലെ രാവിലെ 10.30ന് തന്നെ പൊടിക്കാറ്റ് ഉണ്ടാവുമെന്നും വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കലാവസ്ഥാ കേന്ദ്രം അഭ്യര്‍ഥിച്ചിരുന്നു. അല്‍ ഹംറ മേഖലയില്‍ 100 മീറ്ററിലും താഴെയായിരുന്നു ദൂരക്കാഴ്ച.
തീരപ്രദേശങ്ങളിലും ഉള്‍നാടന്‍ മേഖലയിലുമായിരുന്നു താപനില ഏറ്റവും ഉയര്‍ന്നത്. എന്നാല്‍ ഇതിനാല്‍ വേനല്‍ക്കാലം ആരംഭമല്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അധികൃതര്‍ സൂചന നല്‍കി.
മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാവും കാറ്റിന്റെ വേഗം. ഇന്ന് പൊതുവില്‍ മോശം കാലാവസ്ഥയാവും രാജ്യത്ത് അനുഭവപ്പെടുക. പൊടിക്കാറ്റും മണല്‍ക്കാറ്റും പല ഭാഗങ്ങളിലും ഉണ്ടായേക്കാം. ഇത് ദൂരക്കാഴ്ച ക്രമാതീതമായി കുറയാന്‍ ഇടയാക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.