Connect with us

Kozhikode

കാപ്പാട് - അടിവാരം പാതയുടെ രണ്ടാം ഘട്ട നിര്‍മാണം തുടങ്ങി

Published

|

Last Updated

താമരശ്ശേരി: മലയോര മേഖലയുടെ ചിരകാല സ്വപ്‌നമായിരുന്ന കാപ്പാട്-തുഷാരഗിരി-അടിവാരം സംസ്ഥാനപാതയുടെ രണ്ടാം ഘട്ട നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചിപ്പിലിത്തോട് അങ്ങാടിയില്‍ മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞ് നിര്‍വഹിച്ചു.
400 ദിവസങ്ങള്‍ കൊണ്ട് 100 പാലങ്ങളും നിരവധി റോഡുകളും കെട്ടിടങ്ങളും നിര്‍മിച്ച് നാടിന് സമര്‍പ്പിച്ചതായി അദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധചെലുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സി മോയിന്‍കുട്ടി എം എല്‍ എ അധ്യക്ഷത വഹിച്ചു. എം ഐ ഷാനവാസ് എം പി, മുന്‍ എം എല്‍ എ ജോര്‍ജ് എം തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുര്‍ റസാഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആന്റണി നീര്‍വേലില്‍, ആയിശക്കുട്ടി സുല്‍ത്താന്‍, ജില്ലാ പഞ്ചായത്തംഗം വി ഡി ജോസഫ് ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിച്ചു.
ചുരം ഒന്നാം വളവിന് മുകളില്‍ ചിപ്പിലത്തോട് മുതല്‍ തുഷാരഗിരി ആര്‍ച്ച് മോഡല്‍ പാലം വരെയുള്ള അഞ്ച് കിലോ മീറ്ററിലാണ് റോഡ് നിര്‍മിക്കുന്നത്. ഇതില്‍ ഒന്നര കിലോമീറ്റര്‍ റോഡ് നിലവിലുണ്ട്. 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡില്‍ ഏഴര മീറ്ററില്‍ ടാറിംഗ് നടത്തും. 13 കലുങ്കുകളും നിര്‍മിക്കും. 14.30 കോടിയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചത്. 2005 ല്‍ സംസ്ഥാന പാതയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച റോഡിന് പ്രദേശവാസികള്‍ ഭൂമി സൗജന്യമായി വിട്ടുകൊടുത്തെങ്കിലും സാങ്കേതികതയുടെ പേരില്‍ പ്രവൃത്തി നീണ്ടുപോകുകയായിരുന്നു. റോഡ് യാഥാര്‍ഥ്യമാകുന്നതോടെ വയനാട് ചുരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ച് തുഷാരഗിരിയിലെത്താനാകും. ചിപ്പിലിത്തോട് പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും പുതിയ പാത വഴിയൊരുക്കും.

---- facebook comment plugin here -----

Latest