Connect with us

International

ഇസില്‍ വിരുദ്ധ ആക്രമണത്തെ കുറിച്ച് നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നതായി സിറിയ

Published

|

Last Updated

ദമസ്‌കസ്: സിറിയയില്‍ ഇസില്‍ തീവ്രവാദികള്‍ക്കെതിരെ അമേരിക്കന്‍ നേതൃത്വത്തില്‍ വ്യോമാക്രമണം നടത്തുമെന്ന വിവരം ഇറാഖ് ഉള്‍പ്പെടെയുള്ള മൂന്നാം കക്ഷികള്‍ അറിയിച്ചിരുന്നതായി സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ്. അമേരിക്കയുമായി നേരിട്ട് സഹകരണമില്ലെങ്കിലും അവരുടെ വ്യോമ സേന ഇസിലിനെതിരെ സെപ്തംബര്‍ മുതല്‍ ബോംബാക്രമണം നടത്തുന്നുണ്ടെന്ന് ബി ബി സിക്ക് അനുവദിച്ച അഭിമുഖത്തില്‍ അസദ് പറഞ്ഞു. പരോക്ഷമായ സഹകരണമുണ്ടോ എന്ന ചോദ്യത്തിന് അതാണ് സത്യമെന്നും ഇറാഖും മറ്റുരാജ്യങ്ങളുമുള്‍പ്പെടെയുള്ള മൂന്നാംകക്ഷികള്‍ മുഖേനയാണ് സഹകരണമെന്നും ചിലപ്പോള്‍ അവര്‍ സന്ദേശങ്ങള്‍ കൈമാറാറുണ്ടെന്നും എന്നാല്‍ അതില്‍ സൈനിക തന്ത്രപരമായ ഒന്നുമില്ലെന്നും അസദ് പറഞ്ഞു. മൂന്നാം കക്ഷികള്‍ മുഖാന്തിരം ചര്‍ച്ചകള്‍ നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ചര്‍ച്ചകളില്ലെന്നും വിവരങ്ങള്‍ കൈമാറലേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സൈന്യം ബാരല്‍ ബോംബുകള്‍ ഉപയോഗിക്കുന്നുവെന്ന വാര്‍ത്ത അസദ് നിഷേധിച്ചു. തങ്ങള്‍ക്ക് ബോംബുകളും മിസൈലുകളും വെടിയുണ്ടകളുമുണ്ട്. എന്നാല്‍ സൈന്യം വിവേചനരഹിതമായി അവ ഉപയോഗിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. 2013 ആഗസ്റ്റില്‍ ദമാസ്‌കസിന് പുറത്ത് സിറിയന്‍ സര്‍ക്കാര്‍ രാസായുധം ഉപയോഗിച്ച് 1,400 ഓളം സ്വന്തം ജനതയെ കൊലപ്പെടുത്തിയെന്ന ആരോപണവും അസദ് നിഷേധിച്ചു.
നേരത്തെ ചില ഏജന്‍സികള്‍ നടത്തിയ നടത്തിയ അന്വേഷണത്തില്‍ സിറിയന്‍ സൈന്യം വിമതര്‍ക്ക് നേരെ മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. സിറിയന്‍ സൈന്യവും വിമതരും വര്‍ഷങ്ങളായി തുടരുന്ന പോരാട്ടങ്ങള്‍ക്കിടെ പതിനായിരങ്ങളാണ് ഇതുവരെ കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിന് പേര്‍ പലായനം ചെയ്യുകയുമുണ്ടായി.