Connect with us

Ongoing News

9/19; മെഡല്‍ വേട്ടക്ക് കേരളം വേഗം കൂട്ടി

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസിലെ എട്ടാം ദിനത്തിലെ മെഡല്‍ക്ഷാമത്തിന് അറുതി വരുത്തി ഒമ്പതാം നാള്‍ കേരളം മെഡല്‍ വേട്ടയുടെ വേഗം കൂട്ടി. ഇന്നലെ ഫെന്‍സിംഗില്‍ രണ്ടും അത്‌ലറ്റിക്‌സില്‍ ഒരു സ്വര്‍ണവുമാണ് കേരളത്തിന്റെ മെഡല്‍ പട്ടികയില്‍ പുതുതായി എഴുതിച്ചേര്‍ത്ത്. ഇതോടെ കേരളത്തിന്റെ സ്വര്‍ണ സമ്പാദ്യം പത്തൊമ്പത് ആയി. കനോയിംഗില്‍ വനിതകളുടെ ടീമിനത്തില്‍ രണ്ട് വെള്ളിയും ഫെന്‍സിംഗ്, കയാക് വിഭാഗങ്ങളിലായി മൂന്ന് വെങ്കലവുമുള്‍പ്പെടെ എട്ട് മെഡലുകളാണ് ഇന്നലെ മലയാളി താരങ്ങള്‍ സ്വന്തമാക്കിയത്.
ഫെന്‍സിംഗില്‍ വനിതകളുടെ വ്യക്തിഗത എപ്പി വിഭാഗത്തില്‍ അസമിന്റെ കവിതദേവിയെ തോല്‍പ്പിച്ചാണ് ദില്‍ന കേരളത്തിനായി സ്വര്‍ണം സ്വന്തമാക്കിയത്. സാബ്രേ വ്യക്തിഗതയിനത്തില്‍ പഞ്ചാബിന്റെ കോമള്‍ പ്രീതിനെ തോല്‍പ്പിച്ച് ഭവാനി ദേവിയും സ്വര്‍ണം കരസ്ഥമാക്കി. ഫെന്‍സിംഗില്‍ തന്നെ പുരുഷന്മാരുടെ ഫോയില്‍ വിഭാഗത്തില്‍ വിപീഷും വനിതകളുടെ എപ്പി വിഭാഗത്തില്‍ സ്റ്റെഫിത ചാലിലും വെങ്കലവും നേടിയിട്ടുണ്ട്.
കേരളം ഏറെ മെഡല്‍ പ്രതീക്ഷ പുലര്‍ത്തുന്ന അത്‌ലറ്റിക്‌സില്‍ ഒ പി ജെയ്ഷയിലൂടെയാണ് മെഡല്‍ വേട്ടക്ക് തുടക്കമിട്ടത്. 5000 മീറ്റര്‍ ഓട്ടത്തില്‍ കേരളത്തിന്റെ ഒ പി ജെയ്ഷ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ഈ ഇനത്തില്‍ കേരളത്തിനായി ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ ജേതാവ് പ്രീജാ ശ്രീധരനും സ്‌കൂള്‍ മീറ്റിലെ പ്രതിഭയായ പി യു ചിത്രയും മത്സരിച്ചിരുന്നെങ്കിലും ഇരുവര്‍ക്കും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടംപിടിക്കാനായില്ല. കേരളത്തിന്റെ ടീം ക്യാപ്റ്റന്‍ കൂടിയായ പ്രീജാ ശ്രീധരന്‍ നാലാമതും പി യു ചിത്ര അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്.
വനിതകളുടെ കനോയിംഗ് ഡബിള്‍സില്‍ ആയിരം മീറ്റര്‍ വിഭാഗത്തില്‍ ബെറ്റി ജോസഫും ആതിര ഷൈനപ്പനുമാണ് കേരളത്തിനായി വെള്ളി നേടിയത്. ബെറ്റി ജോസഫും ആതിര ഷൈനപ്പനും സുബി അലക്‌സാണ്ടറും നിത്യാകുര്യാക്കോസ് മത്തായിയുമടങ്ങുന്ന സംഘം വെള്ളി നേടിയപ്പോള്‍, ആയിരം മീറ്റര്‍ വനിതാ കയാക്കില്‍ മിനിമോള്‍ കുട്ടപ്പനും ശില്‍പ്പ ശിശുപാലനുമടങ്ങുന്ന ടീം വെങ്കലവും നേടി. അതേസമയം, ബാഡ്മിന്റണ്‍ വനിത ടീം ഇനത്തില്‍ കേരളം മെഡല്‍ ഉറപ്പിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തര്‍പ്രദേശിനെ തോല്‍പ്പിച്ച് സെമി ടിക്കറ്റ് നേടിയതോടെയാണ് മെഡല്‍ ഉറപ്പായത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം