ആണവ സമ്പുഷ്ടീകരണം: ഇറാന് അവകാശമുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ്

Posted on: February 10, 2015 3:19 am | Last updated: February 9, 2015 at 11:20 pm

putinടെഹ്‌റാന്‍: ഇറാന് ആണവ സമ്പുഷ്ടീകരണം നടത്താന്‍ നിയമപരമായ അവകാശമുണ്ടെന്നും നിലവിലെ സ്ഥിതിഗതികള്‍ തിരിച്ചുവിട്ട് ആരും ഏകപക്ഷീയമായ മുതലെടുപ്പിന് ശ്രമിക്കരുതെന്നും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ പറഞ്ഞു. ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച ഒത്തുതീര്‍പ്പുകളില്‍ റഷ്യ സുപ്രധാന സംഭാവന നല്‍കിയിട്ടുണ്ടെന്നും ഇത് താന്‍ പെരുപ്പിച്ച് പറയുന്നതല്ലെന്നും ഈജ്പിത് പത്രത്തിന് പുടിന്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ ആര്‍ എന്‍ എ റിപ്പോര്‍ട്ട് ചെയ്തു. വിശ്വാസത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് തങ്ങളുടെ നിലപാട്. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ സമ്പുഷ്ടീകരണം നടത്താന്‍ ഇറാന് അവകാശമുണ്ട്. എന്നാല്‍ അത് സ്വാഭാവികമായും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇറാനുമായി ചര്‍ച്ച നടത്തുന്ന ആറ് വന്‍കിട രാജ്യങ്ങളെ ബോധ്യപ്പെടുത്തുന്നത് എളുപ്പമല്ല. തങ്ങള്‍ ആദ്യവും തുടര്‍ച്ചയായും ആവശ്യപ്പെടുന്നത് ഇരു വിഭാഗവും ഒരു മേശക്കുചുറ്റുമിരുന്ന് ഗൗരവതരമായ ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നാണെന്നും പുടിന്‍ പറഞ്ഞു.