Connect with us

Ongoing News

ഹൈവേ മാര്‍ച്ചിന് കൊച്ചിയില്‍ പ്രൗഢസ്വീകരണം

Published

|

Last Updated

കൊച്ചി: ഗ്രാമ നഗര ഹൃദയങ്ങള്‍ കവര്‍ന്ന് ചരിത്ര സംഗമത്തിന്റെ വിളംബരം മുഴക്കിയെത്തിയ ഹൈവേ മാര്‍ച്ചിനെ കേരളത്തിന്റെ വന്‍നഗരം ഉജ്ജ്വലമായി വരവേറ്റു. അനന്തപുരിയില്‍ നിന്ന് പ്രയാണമാരംഭിച്ച മാര്‍ച്ചിന് വമ്പിച്ച സ്വീകരണമാണ് കൊച്ചിയില്‍ ലഭിച്ചത്. കേതയാറും കാളിയാറും തൊടുപുഴയാറും സംഗമിക്കുന്ന തെന്നിന്ത്യയിലെ ത്രിവേണി സംഗമ നഗരമായ മൂവാറ്റുപുഴക്കടുത്ത് അടൂര്‍പറമ്പില്‍ നിന്ന് നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് മാര്‍ച്ചിനെ എറണാംകുളം ജില്ലയിലേക്ക് സ്വീകരിച്ചത്. ചരിത്രത്തിന്റെ ഭാഗമായി മാറിയ പെരുമ്പാവൂരിലായിരുന്നു ജില്ലയില്‍ ആദ്യസ്വീകരണം. മാര്‍ച്ച് സ്വീകരണ കേന്ദ്രത്തിലെത്തുമ്പോള്‍ നിരവധി പേര്‍ യാത്രാ നായകരെ കാത്തുനില്‍ക്കുകയായിരുന്നു. സാജുപോള്‍ എം എല്‍ എ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എ എ ശംസുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു.
ആയിരങ്ങളുടെ ഹൃദയം തൊട്ടാണ് രണ്ടാമത്തെ സ്വീകരണ കേന്ദ്രമായ വ്യാവസായിക തലസ്ഥാനമായ കൊച്ചിയിലേക്ക് മാര്‍ച്ച് എത്തിയത്. ഗ്രാമങ്ങളുടെ ഹൃദയം തൊട്ടെത്തിയ യാത്രാ നായകനെയും സംഘത്തെയും മധ്യവര്‍ഗത്തിന്റെ കുടിയേറ്റ ഭൂമിയായ മെട്രോ നഗരവും പ്രതീക്ഷകളോടെയാണ് വരവേറ്റത്. നെട്ടൂര്‍ ഖദീജത്തുല്‍ ഖുബ്‌റ ഇസ്‌ലാമിക് കോംപ്ലക്‌സിലെ വിദ്യാര്‍ഥികള്‍ സ്‌നേഹപൂക്കള്‍ നല്‍കിയാണ് യാത്രയെ സ്വീകരിച്ചത്. സംസ്‌കാരങ്ങള്‍ കുടിയേറിയ ചരിത്രമുറങ്ങുന്ന മട്ടാഞ്ചേരി തെരുവില്‍ നടന്ന സ്വീകരണ സമ്മേളനം മന്ത്രി കെ ബാബു ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ അലി ദാരിമി അധ്യക്ഷത വഹിച്ചു. നിറഞ്ഞുകവിഞ്ഞ സദസ്സ് എറണാകുളത്തെ സമ്മേളന ഒരുക്കങ്ങള്‍ ബോധ്യപ്പെടുത്തുന്നതായിരുന്നു. സ്വഫ്‌വ റാലിയോടെയാണ് മാര്‍ച്ചിനെ നഗരിയിലേക്ക് ആനയിച്ചത്. എറണാംകുളം ജില്ലയിലെ സ്വീകരണ ശേഷം മാര്‍ച്ച് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അറബിക്കടലിന്റെ ഓളങ്ങളില്‍ പങ്കായമെറിഞ്ഞെത്തി പ്രവാചകാനുയായികള്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ നന്‍മ നട്ട കൊടുങ്ങല്ലൂരിനടുത്ത മൂന്നുപീടികയിലായിരുന്നു സമാപന സ്വീകരണം. ജില്ലാ അതിര്‍ത്തിയില്‍ വെച്ച് നേതാക്കള്‍ യാത്രയെ സ്വീകരിച്ചു. ഏറെ വൈകിയെത്തിയ യാത്രയെ സ്വീകരിക്കാന്‍ ആയിരങ്ങളാണ് കാത്തുനിന്നത്. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി സി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വി എസ് സുനില്‍കുമാര്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു. സയ്യിദ് ഫസല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഹൈവേ മാര്‍ച്ചിന് മധ്യകേരളത്തിലും ലഭിച്ച വന്‍വരവേല്‍പ്പ് അടുത്തെത്തിയ മഹാസംഗമത്തിന്റെ ചരിത്രവിജയത്തിന്റെ സൂചനയാണ് നല്‍കുന്നത്. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സി മുഹമ്മദ് ഫൈസി, അബ്ദുല്‍കരീം സഖാഫി ഇടുക്കി, ഉമര്‍ ഓങ്ങല്ലൂര്‍, കല്‍ത്തറ അബ്ദുല്‍ഖാദിര്‍ മദനി സംസാരിച്ചു. മാര്‍ച്ചിന് ഇന്ന് ഓട്ടുപാറ, വടക്കഞ്ചേരി, കോങ്ങാട്, പട്ടാമ്പി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. പേരോട് അബ്ദുറഹ്മാന്‍ സഖാഫി നയിക്കുന്ന ഹൈവെമാര്‍ച്ച് ഈ മാസം 15 ന് കാസര്‍കോട് സമാപിക്കും.