Connect with us

Kerala

സി പി എം സംസ്ഥാന കമ്മിറ്റി യോഗം തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെയും സംഘടനാ റിപ്പോര്‍ട്ടിന്റെയും കരടില്‍ സി പി എം സംസ്ഥാന കമ്മറ്റിയില്‍ ചര്‍ച്ച തുടങ്ങി. സെക്രട്ടറിയേറ്റ് തയാറാക്കിയ റിപ്പോര്‍ട്ട് പിണറായി വിജയനാണ് യോഗത്തില്‍ അവതരിപ്പിച്ചത്. നാളെ വരെ തുടരുന്ന യോഗത്തില്‍ ഉയരുന്ന പൊതു നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും അന്തിമമായി സംസ്ഥാന സമ്മേളന വേദിയില്‍ അവതരിപ്പിക്കുക. വിഭാഗീയത പൂര്‍ണമായി അവസാനിപ്പിക്കാന്‍ കഴിഞ്ഞെന്ന ആത്മവിശ്വാസമാണ് കരട് റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത്. സംഘടനാ ദൗര്‍ബല്യങ്ങള്‍ ചില ഭാഗങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ വേണം. ജില്ലാസമ്മേളനങ്ങള്‍ നല്ല നിലയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് വിഭാഗീയത പൂര്‍ണമായി ഇല്ലാതായതിന്റെ തെളിവാണ്. ഒരിടത്ത് പോലും തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ ഇത് പാര്‍ട്ടിക്ക് കരുത്ത് നല്‍കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, സംസ്ഥാന സമ്മേളനത്തിന് മുമ്പ് തന്നെ ജില്ലാ സെക്രട്ടറിയേറ്റുകള്‍ രൂപവത്കരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആലപ്പുഴയില്‍ 20 മുതല്‍ 23 വരെയാണ് സംസ്ഥാന സമ്മേളനം. ഇതിന് മുന്നോടിയായി ജില്ലാ സെക്രട്ടറിയേറ്റുകള്‍ നിലവില്‍ വരും. എറണാകുളത്ത് സെക്രട്ടറിയേറ്റ് രൂപവത്കരണം പൂര്‍ത്തിയായി കഴിഞ്ഞു.
പകുതിയോളം ജില്ലകളില്‍ സംസ്ഥാന സെക്രട്ടറിേയറ്റ് അംഗങ്ങള്‍ പങ്കെടുത്ത് ജില്ലാ സെക്രട്ടറിയേറ്റ് രൂപവത്കരണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. വോട്ടെടുപ്പില്ലാതെ 14 ജില്ലകളിലും സമ്മേളനങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍, സെക്രട്ടറിയേറ്റ് രൂപവത്കരണം മാറ്റിവെക്കേണ്ടെന്ന ധാരണയാണ് സെക്രട്ടേറിയറ്റിലുണ്ടായ്ത. ഒമ്പത് മുതല്‍ 11 വരെ അംഗങ്ങളായിരിക്കും ജില്ലാ സെക്രട്ടറിയേറ്റിലുണ്ടാകുക. ജില്ലയിലെ പാര്‍ട്ടി അംഗത്വത്തിന്റെ അടിസ്ഥാനത്തിലാണ് സംഖ്യ നിശ്ചയിച്ചിരിക്കുന്നത്.