നൈജറിന് നേരെ വീണ്ടും ബോകോ ഹറാം ആക്രമണം

Posted on: February 9, 2015 4:31 am | Last updated: February 8, 2015 at 11:32 pm

bokoharamനിയാമി(നൈജര്‍): നൈജീരിയയിലെ നൈജര്‍ നഗരത്തിന് നേരെ ബോകോ ഹറാം തീവ്രവാദികള്‍ വീണ്ടും ആക്രമണം നടത്തി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയായിരുന്നു സംഭവമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇതു രണ്ടാമത്തെ തവണയാണ് ബോകോ ഹറാം നൈജീരിയയില്‍ ആക്രമണം നടത്തുന്നത്. അര്‍ധരാത്രി മുതല്‍ നൈജീരിയന്‍ സൈന്യവും തീവ്രവാദികളും ആരംഭിച്ച ഏറ്റുമുട്ടല്‍ പുലര്‍ച്ചെ അഞ്ച് വരെ നീണ്ടുനിന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശക്തമായ പോരാട്ടത്തിനൊടുവില്‍ തീവ്രവാദികള്‍ പിന്മാറിയതായും പ്രദേശം ഇപ്പോള്‍ ശാന്തമാണെന്നും സുരക്ഷാ സൈന്യം വ്യക്തമക്കി. തീവ്രവാദി ആക്രമണത്തില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ വ്യക്തമല്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബോകോ ഹറാം തീവ്രവാദികള്‍ക്കെതിരെ നൈജീരിയന്‍ സൈന്യം ശക്തമായ ആക്രമണമാണ് നടത്തുന്നത്. ഇവര്‍ക്കെതിരെ പോരാടുന്നതിന് വേണ്ടി ആഫ്രിക്കന്‍ യൂനിയന്‍ 7,500 പേരടങ്ങുന്ന പ്രത്യേക സുരക്ഷാ സേനക്കും രൂപം നല്‍കിയിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ബോകോ ഹറാം തീവ്രവാദി ആക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. 500ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിനിടെ തീവ്രവാദികള്‍ മുസ്‌ലിം, ക്രിസ്ത്യന്‍ പള്ളികളും അഗ്നിക്കിരയാക്കി.