ടെഹ്‌റാന്‍ : ആണവ വിഷയത്തില്‍ ഇറാനും വന്‍കിട രാജ്യങ്ങളുമായുള്ള ചര്‍ച്ച ജുലൈയിലേക്ക് നീട്ടിയ തീരുമാനത്തെ ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് തള്ളിക്കളഞ്ഞു. ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ശരീഫും തമ്മില്‍ രണ്ടാംവട്ട ചര്‍ച്ച ഞായറാഴ്ച ജര്‍മന്‍ നഗരമായ മ്യൂണിക്കില്‍ നടന്നിരുന്നു. 90 മിനിറ്റ് നീണ്ടുനിന്ന ചര്‍ച്ചയില്‍ മാര്‍ച്ച് 31 ഓടെ അന്തിമ തീരുമാനത്തിലെത്താനുള്ള ശ്രമമാണ് നടന്നത്. കഴിഞ്ഞ മാസങ്ങളില്‍ കാര്യങ്ങളില്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്നും ഇപ്പോള്‍ അന്തിമ കരാറിലെത്താനുള്ള അവസരമാണെന്നും ശരീഫ് ചര്‍ച്ചയില്‍ പറഞ്ഞു. ഇപ്പോഴാണ് ഇതിനുള്ള അവസരമെന്നും തങ്ങള്‍ക്ക് ഈ അവസരത്തെ ഉപയോഗപ്പെടുത്താനാകണമെന്നും ഇനിയും ഇത് ആവര്‍ത്തിക്കാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകാന്‍ ആരും ആഗ്രഹിക്കില്ല, ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകുന്നത് ആവശ്യമോ അല്ലങ്കില്‍ ഉപകാരപ്രദമോ ആയിരിക്കില്ല. തങ്ങള്‍ എത്രയും വേഗം അന്തിമ കരാറിലെത്താനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ശരീഫ് പറഞ്ഞു. ഇറാന്റെ ആണവ പദ്ധതി നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഇറാനും വന്‍ശക്തികളായ അമേരിക്ക, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളുമായി നിരവധി വട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും ഇതുവരെ അന്തിമ തീരുമാനത്തിലെത്താനായിട്ടില്ല.