Connect with us

Kasargod

കാസര്‍കോട്-ബൈന്തൂര്‍ ട്രെയിന്‍ സര്‍വീസ് ഇന്നുമുതല്‍, കാസര്‍കോട്ട് സ്വീകരണം നല്‍കും

Published

|

Last Updated

കാസര്‍കോട്: കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ നിര്‍ദേശ പ്രകാരം പ്രഖ്യാപിച്ച കാസര്‍കോട് ബൈന്തൂര്‍ ട്രെയിന്‍ സര്‍വീസ് ഇന്ന് വൈകിട്ട് 6നും 6.30നും ഇടയില്‍ ബൈന്തൂരില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്‍ഫറന്‍സ് വഴി ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും. രാത്രിയില്‍ കാസര്‍കോട്ടെത്തുന്ന തീവണ്ടിക്ക് കാസര്‍കോട് റെയില്‍വേ പാസഞ്ചേര്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ജനപ്രതിനിധി ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിക്കും.
ബൈന്തൂര്‍-കാസര്‍കോട് ട്രെയിന്‍ സര്‍വീസിനു വേണ്ടി കാസര്‍കോട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ദീര്‍ഘകാലമായി പോരാട്ടം തുടരുകയായിരുന്നു. മംഗലാപുരം സെന്‍ട്രലില്‍ പോകാതെ കങ്കനാടി വഴിയാണ് തീവണ്ടിയുടെ യാത്ര നിശ്ചയിച്ചിരിക്കുന്നത്. കാസര്‍കോട് നിന്ന് രാവിലെ 6.40നു പുറപ്പെടുന്ന തീവണ്ടി 8.05ന് കങ്കനാടിയിലും 11.50ന് ബൈന്തൂറിലും എത്തും. തിരിച്ച് ബൈന്തൂറില്‍ നിന്ന് ഉച്ചക്ക് 1.05ന് പുറപ്പെട്ട് വൈകിട്ട് 4.50ന് കങ്കനാടിയില്‍ എത്തും. 6.10നാണ് കാസര്‍കോട്ട് എത്തുക. ഉദ്ഘാടന ദിവസം പ്രത്യേക തീവണ്ടിയാണ് ഓടുക. സ്ഥിരം സര്‍വീസ് 10നു കാസര്‍കോട്ട് നിന്ന് തുടങ്ങും. 14 ജനറല്‍ കോച്ചുകള്‍ ഉള്‍പ്പെടെ 16 കോച്ചുകളാണ് തീവണ്ടിക്ക്.