Connect with us

Kozhikode

ജപ്പാന്‍ കുടിവെള്ള പദ്ധതി 23ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Published

|

Last Updated

കോഴിക്കോട്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി ഈ മാസം 23ന് കമ്മീഷന്‍ ചെയ്യുന്നു. പെരുവണ്ണാമുഴിയില്‍ നിന്നും വെള്ളമെത്തിച്ച് നഗരവാസികളുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നിന് നിര്‍ണായകമാകുന്ന പദ്ധതി 23ന് വൈകിട്ട് അഞ്ചിന് ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിക്കും.
സംഭരണികളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കുന്നതിന് നടപടികള്‍ അവസാന ഘട്ടത്തിലാണ്. നഗരത്തിലെ ജലസംഭരണികള്‍ വഴി വെള്ളം വിതരണം ചെയ്യാനുള്ള സംവിധാനമാണ് ആദ്യം ഒരുക്കുന്നത്. പ്രതിദിനം 174 ദശലക്ഷം ലിറ്റര്‍ വെള്ളം പമ്പ് ചെയ്യാന്‍ കഴിയുന്നതോടെ നഗരത്തിലും പരിസരത്തും 24 മണിക്കൂറും കുടിവെള്ളം ലഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ആദ്യപടിയായി മലാപ്പറമ്പ്, ബാലമന്ദിരം, പൊറ്റമ്മല്‍, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ ടാങ്കുകള്‍ വഴിയാണ് ജപ്പാന്‍ പദ്ധതി വഴിയുള്ള വെള്ളം വിതരണം ചെയ്യുക. ഹൗസ് കണക്ഷനും മറ്റും നിലവിലുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് തന്നെ ഉപയോഗിക്കും. ഈസ്റ്റ്ഹില്‍, എരവത്ത്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ സംഭരണികളില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്നതിന് പ്രത്യേക പൈപ്പുകള്‍ സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ ജോലി തുടങ്ങിക്കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് പദ്ധതിയുടെ ട്രയല്‍ റണ്‍ നടന്നത്. മുഴുവന്‍ പൈപ്പ് വഴിയും വെള്ളം കടത്തിവിട്ട് പരിശോധിക്കുന്ന ജോലി അന്തിമ ഘട്ടത്തിലാണ്. പൈപ്പിലെ ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്ന ജോലിയാണ് രണ്ട് മാസമായി നടന്നുവരുന്നത്. പെരുവണ്ണാമൂഴി വൈദ്യുത പദ്ധതിയുടെ റിസര്‍വോയറിലെ ജലം സംഭരിച്ചു നിര്‍ത്തിയാണ് വിവിധ പഞ്ചായത്തുകളിലേക്ക് പൈപ്പുകള്‍ വഴി എത്തിക്കുന്നത്. ജലസംഭരണത്തിന് വിവിധ സ്ഥലങ്ങളിലായി 20 ടാങ്കുകളാണ് നിര്‍മിച്ചത്.