Connect with us

Ongoing News

കേരളത്തിന് മധുര പതിനാറ്

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ ഒരാഴ്ച പിന്നിടുമ്പോള്‍ നിറഞ്ഞ പ്രതീക്ഷകളുമായി സ്വന്തം മണ്ണില്‍ അങ്കത്തിനിറങ്ങിയ കേരളത്തിന്റെ അക്കൗണ്ടില്‍ പതിനാറ് സ്വര്‍ണമുള്‍പ്പെടെ 51 മെഡലുകള്‍. വനിതകളുടെ സൈക്ലിംഗിലും വാട്ടര്‍ പോളോയിലും നേടിയ സ്വര്‍ണത്തോടെയാണ് കേരളത്തിന്റെ സ്വര്‍ണ സമ്പാദ്യം പതിനാറായി ഉയര്‍ന്നത്. ഇതിനു പുറമെ പുരുഷന്മാരുടെ വാട്ടര്‍ പോളോയില്‍ ഒരു വെള്ളിയും സൈക്ലിംഗിലും അമ്പെയ്ത്തിലും ഡൈവിംഗിലും ഓരോ വെങ്കലവും ലഭിച്ചു.
സൈക്ലിംഗില്‍ വനിതകളുടെ 72 കിലോമീറ്റര്‍ റോഡ്മാസ്സ് സ്റ്റാര്‍ട്ട് ഇനത്തില്‍ വി രജനിയാണ് കേരളത്തിനായി ഇന്ന് ആദ്യ സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ കേരളത്തിന്റെ തന്നെ അഞ്ജിത വെങ്കലവും നേടിയിരുന്നു. തുടര്‍ന്ന് വാട്ടര്‍പോളോയില്‍ സര്‍വീസസിനെ തോല്‍പ്പിച്ച് വനിതാ ടീം രണ്ടാം സ്വര്‍ണവും കുറിച്ചു. അമ്പെയ്ത്തില്‍ ഇന്ത്യന്‍ ബോ ഇനത്തില്‍ പുരുഷന്മാരുടെ ടീമാണ് വെങ്കലം നേടതിയത്. ഒരു മീറ്റര്‍ സ്പ്രിംഗ്‌ബോര്‍ഡ് ഡൈവിംഗില്‍ കേരളത്തിന് വേണ്ടി മഹാരാഷ്ട്ര താരം സിദ്ധാര്‍ഥ് പര്‍ദേശിയും വെങ്കലം നേടി.
കേരളത്തിന്റെ മെഡല്‍ പ്രതീക്ഷകള്‍ക്ക് നിറം പകരുന്ന അത്‌ലറ്റ്കിസിലെ ട്രാക്കിലും ഫീല്‍ഡിലുമുള്ള മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനം നിലനിര്‍ത്താനായത് ഏറെ ആശ്വാസകരമാണ്. 35-ാം ദേശീയ ഗെയിംസില്‍ ഇതുവരെ കേരളത്തിന് ലഭിച്ച പകുതിയോളം മെഡലുകളും അക്വാട്ടിക് വിഭാഗത്തില്‍ നിന്നാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം