കുളിര്‍ മാവിന്റെ തോല്‍ വെട്ടിയെടുത്ത് വില്‍പ്പന: നാല് പേര്‍ പിടിയില്‍

Posted on: February 7, 2015 10:48 am | Last updated: February 7, 2015 at 10:48 am

പേരാമ്പ്ര: പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ചില്‍പ്പെട്ട മുതുകാട് ബീറ്റിലെ മുള്ളന്‍കുന്ന് ഇടിഞ്ഞതോട് ഭാഗത്തുള്ള വനത്തില്‍ നിന്ന് കുളിര്‍ മാവിന്റെ തോല്‍ വെട്ടിയെടുത്ത് ഉണക്കി വില്‍പ്പനക്ക്‌കൊണ്ടുപോകുകയായിരുന്നയാള്‍ ഉള്‍പ്പെടെ നാല് പേര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി. കക്കയം സ്വദേശി കുമാരന്‍ (35), ശ്രീധരന്‍ (30), ബാബു (28), ആന്റണി (62) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
റെയ്ഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പന്നിക്കോട്ടൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എം മോഹനന്‍, രമേശന്‍, അജികുമാര്‍, ഗാര്‍ഡുമാരായ വിനു, ജയേഷ്, സജു, പ്രമോദ് എന്നിവര്‍ നടത്തിയ പരിശോധനയില്‍ ഒരു പ്രതിയെ തൊണ്ടിസഹിതം പിടികൂടുകയും ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് മൂന്ന്‌പേരെക്കൂടി അറസ്റ്റ് ചെയ്യുകയുമായിരുന്നു. 30 കിലോ ഉണക്കിയ തോല്‍ പിടിച്ചെടുത്തതായി അധികൃതര്‍ പറഞ്ഞു. പേരാമ്പ്ര ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) രഞ്ജിനി പ്രതികളെ റിമാന്‍ഡ് ചെയ്തു.