Connect with us

National

നിതിഷ് കതാര വധം: പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: നിതിഷ് കതാര വധക്കേസിലെ കൊലയാളികളെന്ന് കോടതി കണ്ടെത്തിയ വികാസ് യാദവിനും പിതൃ സഹോദര പുത്രന്‍ വിശാലിനും ജീവപര്യന്തം ശിക്ഷ. 25 വര്‍ഷം കഠിന തടവിന് പുറമെയാണ് ഡല്‍ഹി ഹൈക്കോടതി ശിക്ഷ വിധിച്ചത്. ഇത് വധശിക്ഷയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹരജി തള്ളി. മൂന്നാം പ്രതി സുഖദേവ് പെഹല്‍വാനും ജീവപര്യന്തം ശിക്ഷയാണ്. ഇയാള്‍ക്ക് നേരത്തെ വിധിച്ച 20 വര്‍ഷത്തെ തടവ് ശിക്ഷയും അനുഭവിക്കണം.
കുറ്റാരോപിതരായ എല്ലാവരും കഠിന തടവുശിക്ഷ അനുഭവിക്കട്ടെയെന്ന് പറഞ്ഞാണ് കോടതി വിധി പ്രഖ്യാപിച്ചത്. തെളിവു നശിപ്പിച്ചതിന്റെ പേരില്‍ മൂന്ന് പേര്‍ക്കു വിധിച്ച അഞ്ച് വര്‍ഷം തടവിനു പുറമെയാണിത്. ജസ്റ്റിസ് ഗീത മിത്തലും ജസ്റ്റിസ് ജെ ആര്‍ മിഥയും അടങ്ങുന്ന പ്രത്യേക ബഞ്ച്, യു പിയിലെ രാഷ്ട്രീയ നേതാവ് ഡി പി യാദവിന്റെ മകന്‍ വികാസിനും അദ്ദേഹത്തിന്റ പിതൃ സഹോദര പുത്രന്‍ വിശാലിനും 50 ലക്ഷം രൂപ വീതം പിഴ ചുമത്തിയിട്ടുമുണ്ട്.
കുറ്റവാളികളായ മൂന്ന് പേര്‍ക്കും വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് നിതിഷ് കതാരയുടെ മാതാവ് നല്‍കിയ ഹരജി തള്ളികൊണ്ടാണ് ഡല്‍ഹി ഹൈക്കോടതി ശിക്ഷ വിധിച്ചത്. വിധി പ്രഖ്യാപിക്കുന്ന സമയത്ത് നീലം കതാര സമീപത്തുണ്ടായിരുന്നു. ഹരജി തള്ളിയതില്‍ ആദ്യം നിരാശ പ്രകടിപ്പിച്ചെങ്കിലും വിധിയില്‍ മാറ്റം വരുത്തിയതിന്റെ പേരില്‍ അവര്‍ സന്തോഷം അറിയിച്ചു.