Connect with us

Gulf

സി.ബി.എസ്.ഇ പരീക്ഷയും കേരള എന്‍ട്രന്‍സും ഒരേ തീയതിയില്‍; വിദ്യാര്‍ഥികള്‍ ആശങ്കയില്‍

Published

|

Last Updated

SSLC-Exam-370x211അബൂദബി: സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷയും കേരള എന്‍ട്രന്‍സ് പരീക്ഷയും ഒരേ തീയതിയില്‍ ആയത് വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തുന്നു. പന്ത്രണ്ടാം ക്ളാസിലെ സൈക്കോളജി വിഷയത്തിലെ പരീക്ഷയാണ് പ്രശ്നം. എഞ്ചിനീയറിങ് എന്‍ട്രന്‍സ് പാര്‍ട്ട് ഒന്ന് പരീക്ഷ നടക്കുന്ന ഏപ്രില്‍ 20നാണ് സൈക്കോളജി പരീക്ഷയും നടക്കുന്നത്.
സൈക്കോളജി ഓപ്ഷനല്‍ വിഷയമായി എടുത്ത കുട്ടികള്‍ എഞ്ചിനീയറിങ് മോഹം ഉപേക്ഷിക്കേണ്ട അവസ്ഥയാണ് നിലവിലെന്ന് രക്ഷാകര്‍ത്താവായ പന്തളം സ്വദേശിയും അബൂദബിയിലെ താമസക്കാരനുമായ ഷാജി.പി.ജോണ്‍ പറയുന്നു. ഫിസിക്സ്,കെമിസ്ട്രി, മാത്ത്സ് എന്നിവക്കൊപ്പം ഉപവിഷയമായി സൈക്കോളജി എടുത്തവരാണ് കുടുക്കിലായിരിക്കുന്നത്. യു.എ.ഇയില്‍ മാത്രം നൂറോളം കുട്ടികളെ പ്രശ്നം ബാധിക്കുന്നുണ്ട്. മറ്റ് ജി.സി.സി രാഷ്ട്രങ്ങളിലെയും കേരളത്തിലെയും കുട്ടികളുടെ കണക്കെടുത്താല്‍ കുട്ടികളുടെ എണ്ണം വീണ്ടും വര്‍ധിക്കും.
പ്രശ്ന പരിഹാരത്തിന് തന്‍െറ മകള്‍ പഠിക്കുന്ന അബൂദബി സെന്‍റ്.ജോസഫ്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഖേന സി.ബി.എസ്.ഇ അധികൃതരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ളെന്ന് ഷാജി പറയുന്നു. കേന്ദ്രീകൃത പരീക്ഷയായതിനാല്‍ ഒരു പേപ്പര്‍ മാത്രമായി മാറ്റാന്‍ കഴിയില്ളെന്നായിരുന്നു സി.ബി.എസ്.ഇ അധികൃതരുടെ പ്രതികരണം. രക്ഷകര്‍ത്താക്കള്‍ ഒറ്റക്കൊറ്റക്കും സി.ബി.എസ്.ഇയുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കേരള എന്‍ട്രന്‍സ് കമീഷണറുമായി ഇമെയില്‍ മുഖേന ബന്ധപ്പെട്ടപ്പോള്‍ ഒൗദ്യോഗികമായി ആവശ്യപ്പെടാന്‍ ആയിരുന്നു ആദ്യ മറുപടി. ഇതനുസരിച്ച് സെന്‍റ്.ജോസഫ്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ എന്‍ട്രന്‍സ് കമീഷണര്‍ക്ക് ഇമെയില്‍ അയച്ചെങ്കില്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ മാറ്റാന്‍ കഴിയില്ളെന്നായിരുന്നു മറുപടി. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന് ഇക്കാര്യം ചൂണ്ടികാട്ടി താന്‍ മെയില്‍ അയച്ചിരുന്നെങ്കിലും ഒരു മറുപടിയും കിട്ടിയില്ളെന്നും ഷാജി പറയുന്നു. എന്തായാലും വിദ്യാര്‍ഥികളുടെ ഭാവി പന്താടുന്ന തീരുമാനത്തിനെതിരെ ഈ മാസം 13ന് അബൂദബിയില്‍ എത്തുന്ന മന്ത്രിമാരായ രമേശ് ചെന്നിത്തലക്കും കുഞ്ഞാലിക്കുട്ടിക്കും നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ് രക്ഷാകര്‍ത്താക്കള്‍.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest