നാടുണര്‍ത്താന്‍ സാര്‍ഥവാഹക പോരാളികളിന്ന് പാതയിലിറങ്ങും

Posted on: February 5, 2015 10:21 am | Last updated: February 5, 2015 at 10:21 am

sys logoകോട്ടക്കല്‍: സാര്‍ഥവാഹക പോരാളികളുടെ നാടുണര്‍ത്തിയുള്ള പ്രചാരണങ്ങള്‍ ഇന്നാരംഭിക്കും.
താജുല്‍ ഉലമാ നഗറില്‍ ഈമാസം 26ന് എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന് തുടക്കമാകാനിരിക്കെയാണ് പ്രചാരണത്തിന് വേറിട്ട പ്രവര്‍ത്തനത്തിലൂടെ പ്രവര്‍ത്തകര്‍ ജില്ലയിലെ പാതയിലിറങ്ങുന്നത്. ജില്ലാ എസ് വൈ എസ് പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ നയിക്കുന റോഡ് മാര്‍ച്ച് കാട്ടുമുണ്ട മഖാം സിയാറത്തോടെ എടക്കരയില്‍ നിന്നാണ് ആരംഭിക്കുന്നത്. പ്രധാന കവലകള്‍ കടന്നു പോകുന്ന മാര്‍ച്ചിന് ആറിടങ്ങളിലാണ് ഇന്ന് സ്വീകരണം. രാവിലെ ഒമ്പതിന് എടക്കരയില്‍ നിന്നും പ്രയാണം ആരംഭിക്കുന്ന മാര്‍ച്ച് കരുവാരക്കുണ്ട്, കാരക്കുന്ന്, കാവനൂര്‍, എടവണ്ണപ്പാറ എന്നിവിടങ്ങളില്‍ പര്യടനം നടത്തും. വൈകുന്നേരം ഏഴിന് പള്ളിക്കല്‍ ബസാറില്‍ സമാപിക്കും.
സമ്മേളന ഭാഗമായി രൂപം കൊണ്ട ജില്ലാ ഇ സിയാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. യൂനിറ്റില്‍ നിന്നും ശേഖരിച്ച സമ്മേളന നിധി സ്വീകരണ കേന്ദ്രങ്ങളില്‍ നേതാക്കള്‍ ഏറ്റുവാങ്ങും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ വടശ്ശേരി ഹസ്സന്‍ മുസ്‌ലിയാര്‍, മുഈനുദ്ദീന്‍ സഖാഫി, ശക്കീര്‍ അരിമ്പ്ര, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ പ്രസംഗിക്കും. സ്വീകരണ കേന്ദ്രങ്ങളില്‍ വിവിധ സോണുകളിലെ പ്രവര്‍ത്തകര്‍ എത്തിയാണ് സമ്മേളന നിധി ഏല്‍പ്പിക്കുക. നാളെ രാവിലെ ഒമ്പതിന് തലപ്പാറയില്‍ നിന്നും ജില്ലാ റോഡ് മാര്‍ച്ച് പുനരാരംഭിക്കും.