Connect with us

Gulf

ആഫ്രിക്കന്‍ സംഘം വധിക്കാന്‍ ശ്രമിച്ചെന്ന പരാതി വ്യാജം; ടാക്‌സി ഡ്രൈവര്‍ പിടിയില്‍

Published

|

Last Updated

ദിബ്ബ: യാത്രപോകാന്‍ വിളിച്ചു വിജനമായ സ്ഥലത്ത് കൊണ്ടുപോയി വധിക്കാന്‍ ശ്രമിക്കുകയും കാര്‍വാദിയിലേക്ക് മറിച്ചിടുകയും ചെയ്‌തെന്ന വ്യാജ പരാതി നല്‍കിയ ടാക്‌സി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാജ പരാതിയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; ഷാര്‍ജയില്‍ നിന്ന് ആഫ്രിക്കന്‍ വംശജരായ നാലുപേര്‍ ദിബ്ബയിലേക്ക് വ്യാജപരാതിക്കാരന്റെ ടാക്‌സി വിളിച്ചു. ദിബ്ബയിലെ അല്‍ ഗൗറ എന്ന സ്ഥലത്തെത്തിയപ്പോള്‍ സംഘത്തിലൊരാള്‍ തനിക്ക് മൂത്രമൊഴിക്കാനുണ്ടെന്ന് പറഞ്ഞ് കാര്‍ നിര്‍ത്താനാവശ്യപ്പെട്ടു. കാര്‍ നിര്‍ത്തിയ ഉടനെ കറുത്ത നിറമുള്ള ഒരു കാര്‍ അടുത്തുവന്നു നിര്‍ത്തി ടാക്‌സി ഡ്രൈവറോട് അതില്‍ കയറാനാവശ്യപ്പെട്ടു.
വിസമ്മതിച്ച ടാക്‌സി ഡ്രൈവറെ സംഘം കറുത്ത കാറില്‍ ബലമായി കയറ്റുകയും പൊതു നിരത്തില്‍ നിന്ന് അകലെ വിജയന പ്രദേശത്ത് കൊണ്ടുപോയി കൈവശമുണ്ടായിരുന്ന പണം പിടിച്ചുപറിക്കുകയും അടിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. വിജനമായ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട താന്‍ പരിസരത്തുള്ള വാദിയില്‍ തന്റെ കാര്‍ മറിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
പരാതി ലഭിച്ച പോലീസിലെ കുറ്റാന്വേഷണ വിഭാഗം ഉടന്‍ സ്ഥലത്തെത്തി ടാക്‌സി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. പരാതിയില്‍ പറഞ്ഞ സംഭവങ്ങളെക്കുറിച്ച് പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയതില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്കു കൊണ്ടുപോയി. തന്നെ ബലമായി കയറ്റിയ കാറിന്റെ നമ്പറോ ഇനമോ പറയാന്‍ കഴിയാത്തതും പരാതിയിലുള്ള ദുരൂഹതക്ക് കാരണമായി.
കൂടുതല്‍ ചോദ്യം ചെയ്യലില്‍, ഇയാളുടെ പരാതി തീര്‍ത്തും വ്യാജമാണെന്നും വിജനമായ സ്ഥലത്തെ വാദിയുടെ അടുത്ത് കൊണ്ടുപോയി നിര്‍ത്തിയ കാര്‍ താന്‍ തന്നെയാണ് വാദിയിലേക്ക് മറിച്ചിട്ടതെന്നും അജ്ഞാത സംഘം അക്രമിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ ദേഹത്ത് സ്വയം മുറിവേല്‍പിച്ചതെന്നും ഡ്രൈവര്‍ പോലീസിനു മുമ്പില്‍ മൊഴില്‍ നല്‍കി.
തന്റെ രാജ്യക്കാരായ ധാരാളം പേരില്‍ നിന്ന് കടം വാങ്ങിയ ഭീമമായ സംഖ്യ തിരിച്ച് കൊടുക്കാനില്ലാത്തതും തന്റെ പേരിലുള്ള വന്‍തുകയുടെ ട്രാഫിക് പിഴകളടക്കാന്‍ വകയില്ലാത്തതും താനോടിക്കുന്ന കാറിന്റെ ഉടമസ്ഥാവകാശമുള്ള കമ്പനിയുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാനുമാണ് വ്യാജ വധശ്രമ പരാതിക്ക് പ്രേരണയെന്നും പ്രതി മൊഴില്‍ നല്‍കി. വിവിധ തരം ബാധ്യതകളില്‍ നിന്ന് രക്ഷപ്പെട്ട് തന്ത്രപൂര്‍വം നാടുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു തന്റെ വ്യാജ പരാതിയുടെ പിന്നിലെന്നും ഏഷ്യക്കാരനായ ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു.