Connect with us

Gulf

വരയില്‍ വിസ്മയമായി ആമിന അഫ്‌റ

Published

|

Last Updated

ആമിന അഫ്‌റ വരച്ച പ്രമുഖരുടെ ചിത്രങ്ങള്‍ (ഇന്‍സൈറ്റില്‍ ആമിന അഫ്‌റ)

അബുദാബി: വരകളുടെ ലോകത്ത് വിസ്മയം തീര്‍ത്ത് കൊച്ചുകലാകാരി ശ്രദ്ധേയമാകുന്നു. അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആമിന അഫ്‌റയാണ് ഈ കലാകാരി. ചെറുപ്രായത്തില്‍ തന്നെ ആയിരക്കണക്കിന് ചിത്രങ്ങള്‍ വരച്ചുകഴിഞ്ഞു.പെന്‍സില്‍ ഡ്രോഡിംഗാണ് ഇഷ്ട മേഖല. നിരവധി പ്രശസ്തരുടെ ചിത്രങ്ങള്‍ ഈ മിടുക്കി വരച്ചിട്ടുണ്ട്. ചിലത് മിനുട്ടുകള്‍ കൊണ്ട് വരക്കും. ഓരോ വ്യക്തിയുടെയും മുഖ ഭാവത്തിനനുസരിച്ചാണ് ചിത്രം പൂര്‍ത്തിയാക്കുന്നത്.

ശൈഖ് ഖലീഫ, ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, മാഹാത്മാഗാന്ധി, എ പി ജെ അബ്ദുല്‍ കലാം, പ്രണബ് കുമാര്‍ മുഖര്‍ജി, സരോജിനി നായിഡു, എം എ യൂസുഫലി, ഡോ. ബി ആര്‍ ഷെട്ടി തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരുടെയെല്ലാം ചിത്രങ്ങള്‍ മനോഹരമായി വരച്ചിട്ടുണ്ട്.
പെന്‍സില്‍ ഡ്രോയിംഗിനു പുറമെ ഓയില്‍ പെയിന്റിംഗ് കൂടി സ്വായത്തമാക്കാനുള്ള ശ്രമത്തിലാണ് ഈ കൊച്ചുകലാകാരി. സാധാരണയില്‍ നിന്നു വ്യത്യസ്തമാണ് അഫ്‌റ, ചിത്രം വരക്കുന്നത്. മറ്റാരും അറിയരുതെന്ന വാശിയും കൂടി ആ പ്രവര്‍ത്തിക്കുണ്ട്.
ആദ്യ കാലഘട്ടത്തില്‍ സ്‌കൂളിലെ സഹപാഠികള്‍ക്കോ ടീച്ചര്‍മാര്‍ക്കോ അറിയില്ല ഇവള്‍ ഒരു ചിത്രകാരിയാണെന്ന്.
പുറത്ത് യാത്ര ചെയ്ത് വീട്ടില്‍ എത്തിയാല്‍ വഴിയില്‍ കണ്ട കാഴ്ച കാന്‍വാസില്‍ പകര്‍ത്തും. അറബ് ലോകത്തെ പ്രമുഖരുടെ ഫോട്ടോകള്‍ പെന്‍സില്‍ കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട് ഇവള്‍. അറബ് നേതാക്കളെ വരക്കുന്നത് താരതമ്യേന എളുപ്പമാണെന്നാണ് ആമിനയുടെ പക്ഷം.
രണ്ടാം വയസ്സിലാണ് ആദ്യമായി ചിത്രം വരച്ച് തുടങ്ങിയതെന്ന് ഉപ്പ റഫീഖ് അഹമ്മദ് സാക്ഷ്യപ്പെടുത്തുന്നു. രണ്ടര വയസുള്ളപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് പത്രത്തില്‍ വന്ന വാര്‍ത്ത അതേപോലെ ക്യാന്‍വാസില്‍ പകര്‍ത്തിയായിരുന്നു തുടക്കം. ഇത് ശ്രദ്ധയില്‍പെട്ട രക്ഷിതാക്കളാണ് ഇവള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കിയത്. വരച്ച പ്രമുഖരുടെ ചിത്രങ്ങള്‍ ഫ്രൈം ചെയ്ത് വീട്ടില്‍ പ്രത്യേകമായി സൂക്ഷിച്ച് വച്ചിട്ടുണ്ട് അഫ്‌റ. പ്രമുഖരുടെ ചിത്രങ്ങള്‍ അവര്‍ക്ക് തന്നെ നേരിട്ട് കൊടുക്കണമെന്ന ആഗ്രഹത്തിലാണ് അഫ്‌റയുള്ളത്. വന്‍ തുക മുതല്‍ മുടക്കിയാണ് ആവശ്യമായ വസ്തുക്കള്‍ പിതാവ് വാങ്ങി നല്‍കുന്നത്. ജബീനയാണ് മാതാവ്. അഹമ്മദ് റഫീഖ്, ആദില്‍ ഹസന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി