Connect with us

Kerala

ഗെയിംസ് അഴിമതിയും ബാര്‍കോഴയും സി ബി ഐ അന്വേഷിക്കണം: ബാലകൃഷ്ണപിള്ള

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസിലെ അഴിമതികളും ബാര്‍ക്കോഴയും സി ബി ഐ അന്വേഷിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. ബാര്‍ക്കോഴ കേസും അതിനോടൊപ്പം താന്‍ ഉന്നയിച്ച കാര്യങ്ങളും സി ബി ഐ അന്വേഷണത്തിന് വിടണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള രണ്ട് ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തുനല്‍കും.
അതില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ പൊതുജനങ്ങളെ സമീപിക്കുകയും നിയമപരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതോടൊപ്പം മുമ്പ് ഉമ്മന്‍ചാണ്ടിയോട് രേഖാമൂലം ആവശ്യപ്പെട്ട ഭക്ഷ്യ-സിവില്‍ സപ്ലൈസിലെ അഴിമതികളെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വീണ്ടും കത്തും നല്‍കും. ബാര്‍കോഴ കേസില്‍ ബിജു രമേശിന്റെ ഭാഗമല്ലാതെ മറ്റാര്‍ക്കും കക്ഷിചേരാന്‍ അവസരം നല്‍കുന്നില്ല. അതോടൊപ്പം കഴിഞ്ഞ സെപ്തംബര്‍ 28ന് താന്‍ മുഖ്യമന്ത്രിയോട് നേരിട്ട് ഉന്നയിച്ച കാര്യങ്ങളിലും അന്വേഷണമില്ല. ഇതും തനിക്ക് ബോധ്യമുള്ളതുമായ മറ്റ് അഴിമതികളെക്കുറിച്ചുമാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കുന്നത്. ഇതോടൊപ്പം ജില്ലകളിലെ ഉപഭോക്തൃ കോടതികളില്‍ ജഡ്ജിയെ നിയമിച്ചതിലുള്ള അഴിമതിയെക്കുറിച്ച് വീണ്ടും ഉന്നയിക്കുമെന്നും പിള്ള വ്യക്തമാക്കി.
ദേശീയ ഗെയിംസിലെ അഴിമതിയും സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഈ അഴിമതിയില്‍ നിന്നും മന്ത്രിക്ക് ഒഴിഞ്ഞുനില്‍ക്കാനാവില്ല. ദേശീയ ഗെയിംസ് അനുവദിച്ചപ്പോള്‍ ഉണ്ടായിരുന്ന മന്ത്രിയായ എം വിജയകുമാര്‍ തൊട്ട് ഇങ്ങോട്ടുള്ള എല്ലാ മന്ത്രിമാരെയും അന്വേഷണ പരിധിയില്‍ കൊണ്ടു വരണം. ഗണേഷ്‌കുമാറും അന്വേഷണം നേരിടട്ടെ, പക്ഷേ അന്വേഷണം സി ബി ഐ തന്നെ നടത്തണം. ഝാര്‍ഖണ്ഡിലെ ഗെയിംസില്‍ കൊള്ള നടന്നതുകൊണ്ട് ഇവിടെയുമാകാമെന്ന് പറയുന്നത് ശരിയല്ല. മോഹന്‍ലാലിനെ അപമാനിക്കുന്നത് ശരിയല്ല, അദ്ദേഹം നല്‍കുന്ന പണം തിരിച്ചുവാങ്ങണം. മലവിസര്‍ജ്ജനം നടത്തിയവനെ ചുമന്നാല്‍ ചുമക്കുന്നവനും നാറുമെന്ന സ്ഥിതിയാണ് ഇപ്പോള്‍ മോഹന്‍ലാലിനുണ്ടായിരിക്കുന്നത്. സര്‍ക്കാറിന്റെ തെറ്റുകുറ്റങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കും. ഉദ്യോഗസ്ഥരും രാഷ്ട്രീയനേതൃത്വവും നടത്തുന്ന അഴിമതികള്‍ തുറന്നുകാട്ടുമെന്നും പിളള പറഞ്ഞു.

---- facebook comment plugin here -----

Latest