Connect with us

Palakkad

നഗരവികസനം മുരടിപ്പിച്ചവര്‍ക്ക് ഷോക്ക് നല്‍കണം: കോടിയേരി

Published

|

Last Updated

പാലക്കാട്: നഗരത്തിന്റെ വികസനം മുരടിപ്പിച്ചവര്‍ക്ക് ശക്തമായ ഷോക്ക് നല്‍കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
നഗരത്തിലെ ജനങ്ങള്‍ക്ക് ശുദ്ധജലം, വൈദ്യുതി, ഗതാഗതത്തിനാവശ്യമായ റോഡുകള്‍, രാത്രികാലങ്ങളില്‍ വിളക്കുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പാക്കാനുള്ള ചുമതല നഗരസഭയ്ക്കാണ്. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കേണ്ട നഗരസഭ ഇവിടെ അതൊന്നും ചെയ്യാത്തതാണ് സമരത്തിന് കാരണമായത്.
കോണ്‍ഗ്രസും ലീഗും ബിജെപിയും ഒറ്റക്കെട്ടായാണ് നഗരസഭയില്‍ അഴിമതി നടത്തുന്നത് എന്നാണ് പറയുന്നത്. കേന്ദ്രം ഭരിക്കുന്നത് ബി ജെ പിയും സംസ്ഥാനം ഭരിക്കുന്നത് യു ഡി എഫുമാണ്. ജനങ്ങളുടെ ക്ഷേമത്തില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഒട്ടേറെ സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നഗരത്തിന്റെ വികസനത്തിനായി കൊണ്ടുവരാന്‍ സാധിക്കും. എന്നാലിവിടെ ഈ അവിശുദ്ധ കൂട്ടുകെട്ട് അഴിമതിക്ക് മാത്രമായി ഒതുങ്ങിയിരിക്കുന്നു.
മന്ത്രിമാര്‍ കോടികളുടെ അഴിമതിയും കോഴവാങ്ങലും നടത്തുമ്പോള്‍ തങ്ങള്‍ ലക്ഷങ്ങളെങ്കിലും വെട്ടിക്കണ്ടേ എന്നാണ് നഗരസഭ ഭരിക്കുന്നവരുടെ ചിന്ത. യു ഡി എഫ് സര്‍ക്കാര്‍ കോഴയിലും അഴിമതിയിലും മുങ്ങിത്താണുകഴിഞ്ഞു. മുഖ്യമന്ത്രിയാണ് അതിന്റെ ആസ്ഥാനകേന്ദ്രം. ഒടുവിലായി നാഷണല്‍ ഗെയിംസിനെ പോലും അഴിമതിയില്‍ മുക്കി.
അതില്‍ മഹാനായ കലാകാരന്‍ മോഹന്‍ലാലിനെ പോലും ബലിയാടാക്കി- കോടിയേരി പറഞ്ഞു. രാവിലെ ആറിന് മുമ്പ് സമരഭടന്മാര്‍ എത്തി നഗരസഭയുടെ ആറ് ഗേറ്റുകളും ഉപരോധിച്ചു. പകല്‍ മൂന്നുവരെ സമരം തുടര്‍ന്നു. എം നാരായണന്‍ അധ്യക്ഷനായി. സി പി എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം പി ഉണ്ണി, കെ വി രാമകൃഷ്ണന്‍, എന്‍ എന്‍ കൃഷ്ണദാസ്, പാലക്കാട് ഏരിയ സെക്രട്ടറി കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു. കെ കെ ദിവാകരന്‍ സ്വാഗതവും വി ഹരിദാസ് നന്ദിയും പറഞ്ഞു.