Connect with us

Palakkad

നെല്ല് സംഭരണ അപേക്ഷ മടങ്ങി; കര്‍ഷകര്‍ നെട്ടോട്ടത്തില്‍

Published

|

Last Updated

കൊപ്പം: സപ്ലൈക്കോയുടെ നെല്ലുസംഭരണത്തിനായി അപേക്ഷ നല്‍കിയ പരുതൂര്‍ ഗ്രാമ പഞ്ചായത്തിലെ നൂറോളം കര്‍ഷകരുടെ അപേക്ഷ തെറ്റാണെന്ന് കാണിച്ച് മടങ്ങി.
ഇതോടെ വീണ്ടും സംഭരണത്തിനുള്ള അപേക്ഷ നല്‍കാനുള്ള നെട്ടോട്ടത്തിലാണ് കര്‍ഷകര്‍. ഏതാനും വര്‍ഷങ്ങളായി സപ്ലൈക്കോക്ക് നെല്ലു നല്‍കുന്നവരാണ് മിക്കകര്‍ഷകരും. ഇത്തവണ രണ്ടാം വിള നെല്ലു സംഭരണത്തിന് കഴിഞ്ഞ മാസമാണ് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ പാടത്ത് കൊയ്ത്ത് തുടങ്ങുന്ന വേളയിലാണ് ഭൂരിപക്ഷം അപേക്ഷകളും തെറ്റാണെന്ന് കാണിച്ച് ഇപ്പോള്‍ കൃഷിഭവനില്‍ എത്തിയിരിക്കുന്നത്.
കൃഷി സ്വന്തം സ്ഥലത്താണോ പാട്ടത്തിനാണോ എന്നത് വെവ്വേറെ കാണിക്കണമെന്നും ഭൂരിഭാഗം കര്‍ഷകരും ഇപ്രകാരമല്ല അപേക്ഷകല്‍ പൂരിപ്പിച്ചിരിക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇക്കാര്യം ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കുമ്പോള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കര്‍ഷകരുടെ ഈ ചോദ്യത്തിന് കൃഷിവകുപ്പ് അധിതര്‍ക്ക് മറുപടിയില്ല. ഇത്തവണ മുതലാണ് ഇത്തരം വിഷയം ശ്രദ്ധയില്‍ പെട്ടതെന്നും അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്.
പാട്ടത്തിന് സ്ഥലമെടുത്ത കര്‍ഷകര്‍ ഇക്കാര്യം 100 രൂപയുടെ മുദ്രപത്രത്തില്‍ സാക്ഷ്യപ്പെടുത്തിയാണ് അപേക്ഷ നല്‍കിയത്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് അപേക്ഷകള്‍ നല്‍കിയതെന്ന് കര്‍ഷകര്‍ പറയുന്നു.
സപ്ലൈക്കോ അധികൃതര്‍ സംഭരണവുമായി ബന്ധപ്പെട്ട് മുന്‍വര്‍ഷങ്ങളില്‍ നിന്നും മാറ്റങ്ങള്‍ വരുത്തിയ കാര്യം കര്‍ഷകരെ അറിയിക്കുന്നതിലുണ്ടായ വീഴ്ചയാണ് ഇപ്പോള്‍ കര്‍ഷകരെ ദുരിതത്തിലാക്കിയതെന്നും പരാതിയുണ്ട്.
അടുത്ത ദിവസം തൃത്താലയിലെത്തുന്ന വകുപ്പ് മന്ത്രിക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. അതേ സമയം കര്‍ഷകര്‍ക്ക് വീണ്ടും അപേക്ഷ നല്‍കാന്‍ സമയം അനുവദിച്ചിട്ടുണ്ടെന്ന് പരുതൂര്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

Latest