പൂപ്പൊലി: മേഖലാ ഗവേഷണ കേന്ദ്രത്തിന് 90.65 ലക്ഷം രൂപ വരുമാനം

Posted on: February 4, 2015 11:04 am | Last updated: February 4, 2015 at 11:04 am

കല്‍പ്പറ്റ: പൂപ്പൊലി എന്ന പേരില്‍ ജനുവരി 20 മുതല്‍ ഫെബ്രുവരി രണ്ട് വരെ നടത്തിയ പുഷ്പ-സസ്യ-ഫല പ്രദര്‍ശനത്തിലൂടെ അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനു 90.654 ലക്ഷം രൂപ വരുമാനം. ഇതില്‍ 55.654 ലക്ഷം രൂപ 20 രൂപ നിരക്കിലുള്ള ടിക്കറ്റ് വില്‍പനയിലൂടെ ലഭിച്ചതാണ്. 35 ലക്ഷം രൂപയാണ് സ്റ്റാള്‍ അലോട്ട്‌മെന്റിലൂടെ കിട്ടിയത്.
ഫെബ്രുവരി ഒന്നിനായിരുന്നു ടിക്കറ്റ് വില്‍പനയിലൂടെ ഏറ്റവും കൂടുതല്‍ വരുമാനമെന്ന് ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ.പി.രാജേന്ദ്രന്‍ പറഞ്ഞു. 11.385 ലക്ഷം രൂപയാണ് അന്ന് ലഭിച്ചത്. ഉദ്ഘാടന ദിനമായ ജനുവരി 20ന് 61,800 രൂപയായിരുന്നു ടിക്കറ്റ് വിറ്റുവരവ്. മറ്റു ദിവസങ്ങളില്‍ ടിക്കറ്റ് വില്‍പനയിലൂടെ ലഭിച്ച തുകയുടെ വിവരം(തിയതി, തുക എന്നീ ക്രമത്തില്‍): ജനുവരി 21: 1,012,50 രൂപ. 22: 1,417,60. 23: 1,626,30. 24: 2,844,20. 25: 7,754,00. 26:7,241,70. 27: 3,741,40. 28: 2,682,30, 29:2,935,80. 30:3,599,60. 31: 5,450,70. ഫെബ്രുവരി രണ്ട്: 3,340,80.
2014 ഫെബ്രുവരിയില്‍ മേഖലാ ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പ്രഥമ പൂപ്പൊലിയിലൂടെ 42 ലക്ഷം രൂപയായിരുന്നു വരുമാനം. ചെലവ് 27 ലക്ഷം രൂപയും. രണ്ട് ലക്ഷം പേരാണ് പൂപ്പൊലി കാണാനെത്തിയത്.50 ലക്ഷം രൂപ ചെലവും 87 ലക്ഷം രൂപ വരവും കണക്കാക്കുന്നതായിരുന്നു ഇത്തവണത്തെ പൂപ്പൊലി ബജറ്റ്.
പൂപ്പൊലിക്കൊപ്പം കേരള കാര്‍ഷിക സര്‍വകലാശാല സംഘടിപ്പിച്ച ദേശീയ കാര്‍ഷികോത്സവത്തിനും ഇക്കുറി മേഖലാ ഗവേഷണ കേന്ദ്രം വേദിയായിരുന്നു.പൂപ്പൊലി ഒന്നാം പതിപ്പിന്റെ വിജയം കണക്കിലെടുത്താണ് സര്‍വകലാശാല ദേശീയ കാര്‍ഷികോത്സവത്തിനു അമ്പലവയലിനെ തെരഞ്ഞെടുത്തത്.
അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ദേശീയ കാര്‍ഷികോത്സവം, പുഷ്പ-സസ്യ-ഫല പ്രദര്‍ശനം എന്നിവയുടെ വിജയത്തിനുവേണ്ടി മികച്ച പ്രവര്‍ത്തനം നടത്തിയ തൊഴിലാളികളടക്കമുള്ളവരെ സമാപനച്ചടങ്ങില്‍ ആദരിച്ചു.
എടകല്‍ വാഴക്കോടന്‍ ബഷീര്‍(പൈതൃകഭവനം), കെ.ഗോവിന്ദന്‍(അമ്പെയ്ത്ത്), യൂസഫ് ഹാജി(ജനപ്രതിനിധി), കെ.വി.വത്സന്‍, എ.അബ്ദുല്‍ റഹ്മാന്‍(ഫാം മാനേര്‍മാര്‍), കെ.പുരുഷോത്തമന്‍, കെ.രഘുപ്രസാദ്, ആര്‍.ചന്ദ്രന്‍(സ്ഥിരം തൊഴിലാളികള്‍), കെ.ഡി.ജോസ്, എന്‍.സിന്ധു, കെ.സുജിത (താത്കാലിക തൊഴിലാളികള്‍), കെ.പി.അബ്ദുല്‍സലാം ആന്‍ഡ് ടീം(കാര്‍ഷിക കര്‍മസേന) എന്നിവരെയാണ് ആദരിച്ചത്. അമ്പകുത്തി വനിതാ സ്വയം സഹായ സംഘം, ദേശീയ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി നടത്തിയ സാങ്കേതിക സെമിനാര്‍ പരമ്പര സ്‌പോണ്‍സര്‍ ചെയ്ത ആകാശവാണി കോഴിക്കോട് നിലയം, ആത്മ വയനാട്, ഏറ്റവും വിജ്ഞാനപ്രദമായ സ്റ്റാള്‍ ഒരുക്കിയ ബത്തേരി സബ് ആര്‍.ടി.ഓഫീസ്, ക്രമസമാധാനപാലനം കുറ്റമറ്റ രീതിയില്‍ നിര്‍വഹിച്ച അമ്പലവയല്‍ പോലീസ്, വൈദ്യസഹായ രംഗത്ത് പ്രവര്‍ത്തിച്ച അമ്പലവയല്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയെ അനുമോദിച്ചു.