Connect with us

Kozhikode

294 വിദ്യാര്‍ഥികളെ സ്‌കൂളില്‍ പൂട്ടിയിട്ടതായി പരാതി

Published

|

Last Updated

കോഴിക്കോട്: ഫീസ് അടക്കാത്തതിന്റെ പേരില്‍ പ്രധാനാധ്യാപകന്‍ വിദ്യാര്‍ഥികളെ സ്‌കൂളിലെ കോണ്‍ഫറന്‍സ് ഹാളില്‍ പൂട്ടിയിട്ടതായി പരാതി. പുതിയറയിലെ ഹില്‍ടോപ്പ് പബ്ലിക് സ്‌കൂളിലെ 294 കുട്ടികളെയാണ് പ്രിന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിനുള്ളില്‍ പൂട്ടിയത്. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ പന്തീരാങ്കാവ് സ്വദേശി മേപ്പാടത്ത് ഇ അബ്ദുര്‍റഹ്മാനെ മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തു.
എന്നാല്‍ ഫീസടക്കാത്ത കുട്ടികളെ ഒരു ഹാളിലേക്ക് വിളിച്ചുവരുത്തി ഇക്കാര്യം രക്ഷിതാക്കളെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും രാവിലെ സ്‌കൂളിലെത്തിയ രക്ഷിതാക്കളാണ് ഹാളിലെ വാതിലുകള്‍ അടച്ചതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
ഇന്നലെ രാവിലെ സ്‌കൂള്‍ തുടങ്ങിയ ഉടനെയാണ് സംഭവം. ഫീസിന്റെ മൂന്നാം ഗഡു അടക്കാത്ത നാല് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ പ്രിന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിടുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ 10 നായിരുന്നു മൂന്നാം ഗഡു ഫീസ് അടക്കേണ്ട അവസാന തീയതി.
ഒരു ഹാളില്‍ കൊള്ളാത്ത അത്രയും കുട്ടികളെ പൂട്ടിയിട്ടതോടെ പലര്‍ക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതില്‍ ചിലരെ ആശുപത്രിയില്‍ എത്തിച്ചതായും രക്ഷിതാക്കള്‍ പറഞ്ഞു.
സ്‌കൂള്‍ ഇവിടെ നിന്നും പന്തീരാങ്കാവിലേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നുണ്ട്. ഇതിനെതിരെ രക്ഷിതാക്കള്‍ പ്രതിഷേധത്തിലാണ്. ഇതിനിടെയാണ് പ്രിന്‍സിപ്പലിന്റെ ഭാഗത്ത് നിന്ന് ഇത്തരം നടപടിയുണ്ടായതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. അടുത്തിടെ സ്‌കൂളിലെ ഫീസ് മൂന്നിരട്ടിയായി വര്‍ധിപ്പിച്ചതായും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി.
സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍, മെഡിക്കല്‍ കോളജ് സി ഐ എന്നിവരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ നസീര്‍ ചാലിയത്തിന്റെ നിര്‍ദേശം. സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പ്രൊബേഷനറി ഓഫീസറോടും വിശദീകരണം നല്‍കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനോടും ആവശ്യപ്പെട്ടതായും നസീര്‍ ചാലിയം അറിയിച്ചു. കേസ് ഈ മാസം ഏഴിന് കമ്മീഷന്‍ പരിഗണിക്കും.

---- facebook comment plugin here -----

Latest