Connect with us

International

ബാല്‍ക്കന്‍ യുദ്ധം: സെര്‍ബിയയും ക്രൊയേഷ്യയും വംശഹത്യ നടത്തിയിട്ടില്ലെന്ന് ഐ സി സി

Published

|

Last Updated

വാഷിംഗ്ടണ്‍: 1990കളില്‍ നടന്ന ബാല്‍ക്കന്‍ യുദ്ധങ്ങള്‍ക്കിടെ സെര്‍ബിയയോ ക്രൊയേഷ്യയോ വംശഹത്യകള്‍ നടത്തിയിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ പരമോന്നത നീതിപീഠം. ഇരുരാജ്യങ്ങളും മറ്റേ വിഭാഗത്തിനെതിരെ നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ആരും വംശഹത്യ ലക്ഷ്യമാക്കിയിരുന്നില്ലെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി(ഐ സി സി) പ്രസിഡന്റ് പീറ്റര്‍ തോംക പറഞ്ഞു.
വംശഹത്യ നടത്തിയെന്ന കേസ് ഇരുരാജ്യങ്ങള്‍ക്കെതിരെയും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹേഗിലെ കോടതിയില്‍ അദ്ദേഹം വ്യക്തമാക്കി. ക്രൊയേഷ്യയിലെ ചില പ്രദേശങ്ങളില്‍ സെര്‍ബിയ നടത്തിയ അതിക്രമങ്ങള്‍ വംശഹത്യ ലക്ഷ്യം വെച്ചാണെന്ന ക്രൊയേഷ്യയുടെ വാദം തെളിയിക്കാനായിട്ടില്ലെന്നും 17 ജഡ്ജിമാരടങ്ങുന്ന ബഞ്ച് വ്യക്തമാക്കി.
1990 കളില്‍ ബാല്‍ക്കനില്‍ നിരവധി സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. തങ്ങളുടെ പതിനായിരക്കണക്കിന് പേര്‍ അഭയാര്‍ഥികളായതായി ക്രൊയേഷ്യ വാദിക്കുന്നു. ഇതിന് നഷ്ടപരിഹാരവും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 2010ല്‍ സെര്‍ബിയയും ഐ സി സിയെ സമീപിച്ചു. രണ്ട് ലക്ഷത്തിലധികം സെര്‍ബിയക്കാര്‍ ക്രൊയേഷ്യ നടത്തിയ ആക്രമണങ്ങള്‍ക്കിടെ അഭയാര്‍ഥികളായെന്ന് അവരും വാദിച്ചിരുന്നു.