ഡീസല്‍,പെട്രോള്‍ വില കുറച്ചു

Posted on: February 3, 2015 5:47 pm | Last updated: February 3, 2015 at 11:27 pm

DIESELന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില തുടര്‍ച്ചയായി കുറയുന്ന സാഹചര്യത്തില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 2.42 രൂപയും ഡീസല്‍ ലിറ്ററിന് 2.25 രൂപയുമാണ് കുറച്ചത്. പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. സംസ്ഥാനത്തെ നികുതി കൂടി പരിഗണിച്ചാല്‍ വിലക്കുറവില്‍ നേരിയ വ്യത്യാസമുണ്ടാകും.
കഴിഞ്ഞ ആഗസ്റ്റിന് ശേഷം പെട്രോള്‍ വില തുടര്‍ച്ചയായി പത്താം തവണയാണ് കുറയുന്നത്. ഡീസല്‍ വില ഒക്‌ടോബറിന് ശേഷം ആറ് തവണയും കുറച്ചു. കഴിഞ്ഞ ജനുവരി പതിനാറിന് പെട്രോളിന് 2.42 രൂപയും ഡീസലിന് 2.25 രൂപയും കുറച്ചിരുന്നു. അന്ന് വില കുറയ്ക്കുന്നതിന് തൊട്ടുമുമ്പ് എക്‌സൈസ് തീരുവ ലിറ്ററിന് രണ്ട് രൂപ വര്‍ധിപ്പിച്ചതോടെ വിലക്കുറവ് ഇരട്ടിയാകുമായിരുന്നത് ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. നവംബറിന് ശേഷം നാല് തവണയാണ് എക്‌സൈസ് നികുതി സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതുമാണ് വില കുറയ്ക്കാന്‍ കാരണമെന്ന് പൊതുമേഖലാ എണ്ണക്കമ്പനി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ജൂണില്‍ ബാരലിന് 115 ഡോളറായിരുന്ന ക്രൂഡ് ഓയിലിന് അമ്പത് ഡോളറിനും താഴെയാണ് ഇപ്പോള്‍ വില.