Connect with us

Kerala

എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളന ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

Published

|

Last Updated

കോട്ടക്കല്‍: ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് ഒന്ന് വരെ കോട്ടക്കല്‍ താജുല്‍ ഉലമാ നഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന് നാടെങ്ങും വന്‍ ഒരുക്കങ്ങള്‍. 26ന് സന്നദ്ധ വിഭാഗമായ സ്വഫ്‌വയുടെ ഇരുപത്തി അയ്യായിരം വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന റാലിയോടെയാണ് സമ്മേളനം ആരംഭിക്കുക. നാല് ദിവസത്തെ സമ്മേളനത്തില്‍ 15,000 സ്ഥിരം പ്രതിനിധികളും പതിനൊന്ന് അനുബന്ധ സമ്മേളനങ്ങളിലായി പതിനായിരം പ്രതിനിധികളും സംബന്ധിക്കും. മാര്‍ച്ച് ഒന്നിനാണ് സമാപന സമ്മേളനം. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. എടരിക്കോട്ടെ വിശാലമായ വയലില്‍ സമ്മേളനത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ചെയര്‍മാനും എം എന്‍ കുഞ്ഞമ്മദ് ഹാജി ജനറല്‍ കണ്‍വീനറുമായ സ്വാഗത സംഘമാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. സ്വാഗത സംഘത്തിന് കീഴില്‍ വന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. സമ്മേളനത്തോടനുബന്ധിച്ചുള്ള വിഭവ സമാഹരണത്തിലേക്ക് നാളികേരം നല്‍കിയാണ് മലയാളികള്‍ സമ്മേളനത്തിന് സ്‌നേഹ സാന്നിധ്യമാകുന്നത്. അഞ്ച് ലക്ഷം നാളികേരമാണ് സമ്മേളനത്തിനായി ശേഖരിക്കുന്നത്. സര്‍ക്കിള്‍ ഭാരവാഹികള്‍ വാഹനങ്ങളിലെത്തി ശേഖരിക്കുന്ന നാളികേരം സോണ്‍ ഘടകങ്ങളെ ഏല്‍പ്പിക്കും, സംസ്ഥാനത്തൊട്ടാകെ നാളികേര സമാഹരണത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. സമ്മേളന സന്ദേശം വീടുകളിലെത്തിക്കുന്നതിനായി പ്രാദേശികമായി ഗൃഹസന്ദര്‍ശന പരിപാടികള്‍ക്കും തുടക്കമായി. യൂനിറ്റ് പ്രവര്‍ത്തകരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
ഇന്നലെ മദ്‌റസകളിലും സ്‌കൂളുകളിലും നടന്ന സ്റ്റുഡന്‍സ് അസംബ്ലിയോടെ വിദ്യാര്‍ഥികള്‍ക്കും സമ്മേളന സന്ദേശം എത്തി. സമ്മേളനത്തിന്റെ ഭാഗമായി സമൂഹത്തിന് സമര്‍പ്പിക്കുന്ന സന്നദ്ധ സേവന വിഭാഗമായ സ്വഫ്‌വ അംഗങ്ങളുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. അനുബന്ധ പരിപാടികളില്‍ ഏറെ ശ്രദ്ധേയമായ കൃഷിത്തോട്ടത്തിലെ വിളവെടുപ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനകം പൂര്‍ത്തിയായി.
ഈ മാസം ആറിന് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന ഹൈവേ മാര്‍ച്ച് പത്തിന് കാസര്‍ക്കോട്ട് സമാപിക്കും. വിവിധ ജില്ലകളിലെ 29 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. സ്വാഗതസംഘം കണ്‍വീനര്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്, മീഡിയ കോ ഓര്‍ഡിനേറ്റര്‍ എസ് ശറഫുദ്ദീന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.