Connect with us

National

റഷ്യന്‍ ബാലന് ഇന്ത്യന്‍ ഹൃദയം

Published

|

Last Updated

ചെന്നൈ: രണ്ട് വയസ്സ് മാത്രം പ്രായമുള്ള റഷ്യന്‍ ബാലന്റെ ഹൃദയം വിജയകരമായി മാറ്റിവെച്ചു. ചെന്നൈയിലെ ഫോര്‍ട്ടിസ് മലാര്‍ ആശുപ്രത്രിയിലാണ് അത്ഭതുകരമായ ശസ്ത്രക്രിയ നടന്നത്. റഷ്യയിലെ മോസ്‌കോ സ്വദേശിയായ ഗ്ലേബ് കുദ്രിയാറ്റ്‌സവ് എന്ന രണ്ട് വയസ്സുകാരന്റെ ഹൃദയ സംബന്ധമായ രോഗം ഒന്നാം വയസ്സില്‍ സ്ഥിരീകരിച്ചിരുന്നു. രോഗശമനത്തിനായി രാജ്യത്ത് പരിഹാരമില്ലെന്ന് മനസ്സിലാക്കിയ മാതാവ് നെല്ലി വിദേശ രാജ്യങ്ങളിലെ ആശുപത്രികളെ സമീപിക്കുകയായിരുന്നു. ജര്‍മനിയില്‍ വെച്ച് രോഗം സ്ഥിരീകരിച്ചെങ്കിലും ശ്വാസകോശത്തിലെ സമ്മര്‍ദം കാരണം ചികിത്സ തുടരാന്‍ കഴിഞ്ഞില്ല. ഒടുവില്‍ പ്രതീക്ഷയോടെയാണ് ഗ്ലേബിന്റെ കുടുംബം ഇന്ത്യയിലെത്തിയത്.
റഷ്യയില്‍ നിന്ന് ചികിത്സ തേടി എത്തിയപ്പോള്‍ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായിരുന്നു. ഹൃദയവും വൃക്കയും വേണ്ടവിധം പ്രതികരിച്ചിരുന്നില്ല. ഒന്നര മാസത്തിന് ശേഷം ആരോഗ്യനില മെച്ചപ്പെടാതെ തുടരുമ്പോഴാണ് മണിപ്പാല്‍ ആശുപത്രിയില്‍ ഗ്ലേബിന്റെ ശരീരത്തിന് യോജിച്ച ഹൃദയമുണ്ടെന്ന വിവരം അധികൃതര്‍ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ വെച്ച് നടത്തിയ ശസ്ത്രക്രിയയിലാണ് ഹൃദയം മാറ്റി വെച്ചതെന്ന് അത്യാഹിത വിഭാഗം തലവന്‍ സുരേഷ് റാവു പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പത്തൊമ്പതിന് പശ്ചിമ ബംഗാളില്‍ നിന്നുള്ള കുട്ടിയുടെ ഹൃദയം മാറ്റിവെച്ചെങ്കിലും പൂര്‍ണമായി വിജയകരമായിരുന്നില്ല. കുട്ടികള്‍ക്ക് വേണ്ടിയുള്ള ചികിത്സയില്‍ ഹൃദയദാതാക്കള്‍ കുറവായതും വലുപ്പത്തിലും രക്തഗ്രൂപ്പിലും സമാനതകള്‍ ആവശ്യമാകുന്നതും ഈ ശാസ്ത്രക്രിയയെ സങ്കീര്‍ണമാക്കുന്നുണ്ട്. ഇതിനിടെയാണ് റഷ്യയില്‍ നിന്നുള്ള രണ്ട് വയസ്സുകരാന് അത്ഭുതകരമായി ഹൃദയം മാറ്റിവെച്ചത്. പ്രാഥമികമായി ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും തുടര്‍ ചികിത്സകളുടെ വലിയ കടമ്പകള്‍ തന്നെ കയറാനുണ്ട് ഗ്ലേബിന്.

Latest