ധോണിയില്‍ വീണ്ടും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു

Posted on: February 3, 2015 12:44 am | Last updated: February 2, 2015 at 11:45 pm

പാലക്കാട്: ധോണിയില്‍ പാലചുവട് ടി ഡി രാമകൃഷ്ണന്റെ കൃഷിയിടത്തില്‍ കാട്ടാനയിറങ്ങി 40 ഓളം വാഴയും തെങ്ങുകളുമാണ് ഞായാറാഴ്ച രാത്രിയില്‍ കാട്ടാന നശിപ്പിച്ചത്. മൂന്നംഗകാട്ടാന ധോണിയില്‍ തമ്പടിച്ചിരിക്കുകയാണ്.
പലപ്പോഴും കൃഷിയിടങ്ങളില്‍ ഇറങ്ങി നശിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ദിവസം ജനാര്‍ദ്ദനന്‍ എന്നയാളുടെ തെങ്ങുകള്‍ നശിപ്പിച്ചിരുന്നു.
ഏതാനും ദിവസം മുമ്പ് മലമ്പുഴ ഉദ്യാനത്തിലും നഗരത്തിന് സമീപമുള്ള വേനോലിയിലും കാട്ടാന ഇറങ്ങി ഭീതി പടര്‍ത്തിയിരുന്നു.
കൃഷിയിടങ്ങള്‍ക്ക് പുറമെ വീടുകളിലും കാട്ടാന സൈ്വരവിഹാരം നടത്തുന്നത് മനുഷ്യജീവന് ഭീഷണിയായിരിക്കുകയാണ്. രാത്രിക്കാലമായാല്‍ കാട്ടാന ശല്യം മൂലം പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുകയാണ്. പല കര്‍ഷകരും ബേങ്കില്‍ നിന്ന് വായ്പയെടുത്താണ് കൃഷിയിറക്കിയിരിക്കുന്നത്.
കൃഷി നാശം സംഭവിച്ചത് മൂലം പലര്‍ക്കും ബേങ്കിലെടുത്ത വായ്പ പോലുംതിരിച്ച് അടക്കാനാവുന്നില്ല.—ഇത് മൂലം ജപ്തി ഭീഷണിയും നേരിടുന്നു.
കൃഷി നാശം സംഭവിച്ചവര്‍ക്ക് തുച്ഛമായ നഷ്ടപരിഹാരമാണ് ലഭിക്കുന്നതെന്നും ഇത് ഉയര്‍ത്തമെന്നാവശ്യവും ശക്തമായിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് പരാതിനല്‍കിയെങ്കിലും നടപടി മാത്രമായില്ല.ഇതിനെതിരെ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്