Connect with us

International

183 ബ്രദര്‍ഹുഡ് പ്രവര്‍ത്തകരുടെ ഈജിപ്ത് കോടതി ശരിവെച്ചു

Published

|

Last Updated

കൈറോ: പോലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ ബ്രദര്‍ഹുഡ് പ്രവര്‍ത്തകരായ 183 പേര്‍ക്കുള്ള വധശിക്ഷ ഈജിപ്ത് കോടതി ശരിവെച്ചു. നിരോധിക്കപ്പെട്ട ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തകരായ ഇവര്‍ 2013 ആഗസ്റ്റില്‍ കര്‍ദാസ നഗരത്തില്‍ വെച്ച് പോലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ബ്രദര്‍ഹുഡ് പിന്തുണയുള്ള മുഹമ്മദ് മുര്‍സി അധികാരത്തില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്നാണ് ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 188 പേര്‍ക്ക് വധശിക്ഷ നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതില്‍ രണ്ട് പേരെ പിന്നീട് കുറ്റവിമുക്തരാക്കി. ഒരാള്‍ക്ക് പത്ത് വര്‍ഷത്തെ ജയില്‍ ശിക്ഷ നല്‍കാനും ഉത്തരവായിട്ടുണ്ട്. വിചാരണ വേളയില്‍ മറ്റു രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ ഇവരെയും കേസില്‍ നിന്ന് ഒഴിവാക്കി. രാജ്യത്തിനെതിരെയും രാജ്യത്തെ നിയമങ്ങള്‍ക്കെതിരെയും ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ കോടതിക്ക് മുമ്പിലെത്തിച്ച് വിചാരണ ചെയ്ത് യുക്തമായ ശിക്ഷ നല്‍കണമെന്ന് നേരത്തെ ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തി ചൂണ്ടിക്കാട്ടിയിരുന്നു. കൈറോയില്‍ മുര്‍സി അനുകൂലികള്‍ കൈയേറിയിരുന്ന രണ്ട് കേന്ദ്രങ്ങള്‍ക്ക് നേരെ സൈന്യം ആക്രമണം നടത്തിയ അതേദിവസം തന്നെയായിരുന്നു പോലീസ് ഉദ്യോഗസ്ഥരും ആക്രമിക്കപ്പെട്ടിരുന്നത്. അതേസമയം, കൂട്ടമായി വധശിക്ഷ വിധിക്കുന്ന ഈജിപ്ത് കോടതിയുടെ നടപടിയെ മനുഷ്യാവകാശ സംഘടനകള്‍ എതിര്‍ത്തിട്ടുണ്ട്. യുക്തമായ വിചാരണയില്ലാതെയാണ് കോടതി ഇവര്‍ക്കെതിരെ കുറ്റം ചുമത്തുന്നതെന്ന് അവര്‍ ആരോപിക്കുന്നു. 2014 ഏപ്രിലില്‍ 683 പേര്‍ക്ക് ഈജിപ്ത് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ലോകവ്യാപകമായ പ്രതിഷേധവും അരങ്ങേറിയിരുന്നു.