ലൈബീരിയയില്‍ എബോള വാക്‌സിന്‍ പരീക്ഷണം തുടങ്ങി

Posted on: February 2, 2015 10:32 pm | Last updated: February 2, 2015 at 10:32 pm

ebola-virus3മണ്‍റോവിയ: ലൈബീരിയന്‍ തലസ്ഥാനത്ത് എബോള വാക്‌സിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗം തുടങ്ങി.
മണ്‍റോവിയുടെ പരിസര പ്രദേശങ്ങളില്‍ എബോളയുടെ വ്യാപനം തടയാന്‍ ലക്ഷ്യം വെച്ചാണ് വാക്‌സിന്‍ പരീക്ഷണ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. നൃത്ത സംഗീത പരിപാടികളുടെ അകമ്പടിയോടെയാണ് ക്യാമ്പയിന്‍ നടക്കുന്നത്. ലൈബീരിയക്കാരുടെ വാക്‌സിന്‍ പരിശോധനയോടുള്ള വിമുഖതയെ തരണം ചെയ്യാന്‍ വേണ്ടിയാണ് ക്യാമ്പില്‍ സംഗീത നൃത്ത പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. അമേരിക്കയുമായി ചേര്‍ന്നുകൊണ്ടുള്ള ലൈബീരിയന്‍ സര്‍ക്കാറിന്റെ പദ്ധതികളില്‍ പെട്ടതാണ് എബോള വാക്‌സിന്‍ പരീക്ഷണം. എബോള വാക്‌സിന്‍ ലൈബീരിയക്കും ലോകത്തിനും ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ക്യാമ്പ് സന്ദര്‍ശിച്ച ലൈബീരിയന്‍ വൈസ് പ്രസിഡന്റ് ജോസഫ് ന്യൂമ ബൊകെയ് പറഞ്ഞു. ലൈബീരിയക്കാരോട് ധൈര്യമായിരിക്കുവാനും അദ്ദേഹം നിര്‍ദേശം നല്‍കി.
വാക്‌സിനില്‍ അടങ്ങിയിരിക്കുന്ന അല്‍പം എബോള വൈറസ് രോഗകാരിയായ വൈറസിനെതിരെയുള്ള വാക്‌സിന്റെ പ്രതിരോധ ശക്തിയെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുമെന്ന് കണക്കാക്കപ്പെടുന്നു. യു എന്‍ ആരോഗ്യ ഏജന്‍സിയുടെ കണക്കു പ്രകാരം കഴിഞ്ഞ ആഴ്ചയില്‍ മാത്രം നൂറോളം പേര്‍ക്ക് എബോള രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2014 മാര്‍ച്ച് മുതല്‍ ഇതുവരെ 8,000 ആളുകളാണ് എബോള മൂലം മരണപ്പെട്ടിട്ടുള്ളത്.