Connect with us

National

ലിയാഖത്ത് ഷായെ തീവ്രവാദിയാക്കിയ പോലീസിനെതിരെ നടപടി വേണമെന്ന് എന്‍ ഐ എ

Published

|

Last Updated

ന്യൂഡല്‍ഹി: ഹിസ്ബുല്‍ മുജാഹിദീന്റെ ചാവേറാണെന്ന് ആരോപിച്ച് കാശ്മീര്‍ സ്വദേശി ലിയാഖത് ഷായെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ച ഡല്‍ഹി പോലീസിനെതിരെ ശക്തമായ നടപടി ശിപാര്‍ശ ചെയ്ത് എന്‍ ഐ എ. ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്ലിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ വകുപ്പ് തല നടപടി വേണമെന്നാണ് ശിപാര്‍ശ. അസി. കമ്മീഷണര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും ബാക്കി ഇന്‍സ്‌പെക്ടര്‍മാരുമാണ്. വടക്കന്‍ കാശ്മീരിലെ ലോലാബ് സ്വദേശിയായ ലിയാഖത് ഷായെ നേപ്പാള്‍ അതിര്‍ത്തിയില്‍ സ്വീകരിക്കാന്‍ അസ്‌ലം ഹല്‍ക എന്നയാളെ വിട്ടത് ഇവര്‍ ഗൂഢാലോചന നടത്തിയായിരുന്നു.
ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ കനത്ത പിഴ ചുമത്തി ശിക്ഷിക്കാനാണ് എന്‍ ഐ എ ശിപാര്‍ശ ചെയ്തത്. ഷാക്കെതിരെ തീവ്രവാദ കുറ്റങ്ങള്‍ മനഃപൂര്‍വം ചുമത്തി തീവ്രവാദിയാക്കി ചിത്രീകരിച്ചതില്‍ എന്‍ ഐ എ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സൂചന നല്‍കിയിരുന്നു. ഡല്‍ഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്.
പോലീസുകാര്‍ക്കെതിരെ നടപടിയെടുത്താല്‍, ഷാക്കെതിരെ വ്യാജകുറ്റം ചുമത്താന്‍ ഗൂഢാലോചനയില്‍ പങ്കാളിയായ ഹല്‍ക എന്നയാള്‍ക്കെതിരെ വിചാരണ നടപടികള്‍ക്ക് കോടതിയെ എന്‍ ഐ എ സമീപിക്കും. ഹല്‍ക ഇപ്പോള്‍ ജാമ്യത്തിലാണ്. എന്‍ ഐ എ സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിച്ച കോടതി ഏപ്രില്‍ ആറിന് വാദം കേള്‍ക്കും.
2013 മാര്‍ച്ച് 20നാണ് ഷായെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. തലസ്ഥാനത്ത് സ്‌ഫോടനം നടത്താന്‍ എത്തിയതാണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. പാക്കധീന കാശ്മീരില്‍ നിന്ന് നിയമാനുസൃതം ജമ്മു കാശ്മീരിലേക്ക് പുറപ്പെട്ട ഷായെ നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്നത്തെ കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് കേസ് എന്‍ ഐ എയെ ഏല്‍പ്പിച്ചത്.