Connect with us

Palakkad

മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി: വിജ്ഞാപനമായി

Published

|

Last Updated

മണ്ണാര്‍ക്കാട്: പുതിയ മുന്‍സിപ്പാലിറ്റികളുടെ രൂപീകരണവുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനമനുസരിച്ചുളള സര്‍ക്കാര്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജനുവരി 25ന് ഇ എം 3/13 (3)/ 2014 തസ്വഭവ. നമ്പര്‍ പ്രകാരമാണ് വിജ്ഞാപനമിറങ്ങിയത്. 2015 നവമ്പര്‍ ഒന്നുമുതല്‍ പ്രാബല്ല്യത്തില്‍ വരത്തക്കവിധം മുന്‍സിപ്പാലിറ്റി രൂപീകരിക്കാനാണ് വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മണ്ണാര്‍ക്കാട് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും തെങ്കര ഗ്രാമപഞ്ചായത്തിലെ 15,16 വാര്‍ഡുകളും ചേര്‍ത്താണ് മണ്ണാര്‍ക്കാട് ആസ്ഥാനമായി മുന്‍സിപ്പിലാറ്റിക്കായി വിജ്ഞാപനമിറക്കിയിരിക്കുന്നത്. ഫെബ്രുവരി 8വരെ ഇതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാനുളള സമയം അനുവദിച്ചിട്ടുണ്ട്. ഇവ തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് രേഖാമൂലം നല്‍കേണ്ടതാണ്. വിജ്ഞാപനമിറങ്ങിയതോടെ മുന്‍സിപ്പാലിറ്റി രൂപീകരണവുമായി ബന്ധപ്പെട്ടുളള ആശയ കുഴപ്പങ്ങള്‍ക്ക് വിരാമമായി.
നിര്‍ദ്ദിഷ്ട മുന്‍സിപ്പിലാറ്റിയില്‍ തെങ്കര പഞ്ചായത്തിലെ ചില ഭാഗങ്ങള്‍ കൂടാതെ കുമരംപുത്തൂര്‍ പഞ്ചായത്തിലെ ചങ്ങലീരി മേഖലകൂടി ഉള്‍പ്പെടുത്തുമെന്ന് പരക്കെ അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ വിജ്ഞാപനത്തില്‍ കുമരംപുത്തൂര്‍ പഞ്ചായത്തിലെ നിലവിലെ ഒരു ഭാഗവും നിര്‍ദ്ദിഷ്ട മുന്‍സിപ്പാലിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അലനല്ലൂര്‍ പഞ്ചായത്ത് വിഭജിച്ച് എടത്തനാട്ടുകര പഞ്ചായത്ത് രൂപവത്ക്കരിക്കുന്നതിന്റെയും വിജ്ഞാപനം ഇതോടൊപ്പം ഇറങ്ങിയിട്ടുണ്ട്. കോട്ടപ്പളള ആസ്ഥാനമാക്കിയാണ് പുതിയ എടത്തനാട്ടുകര ഗ്രാമപഞ്ചായത്ത്. വടക്ക് കരുവാരകുണ്ട്, കിഴക്ക് കോട്ടോപ്പാടം, തെക്ക് അലനല്ലൂര്‍, പടിഞ്ഞാറ് എടപ്പറ്റ ഗ്രാമഞ്ചായത്തുകളാണ് നിര്‍ദ്ദിഷ്ട എടത്തനാട്ടുകര പഞ്ചായത്തുകളാണ് അതിര്‍ത്ഥി പങ്കിടുന്നത്. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന നിര്‍ദ്ദിഷ്ട എടത്തനാട്ടുകര പഞ്ചായത്തില്‍ പഴയ അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 10 വാര്‍ഡുകളാണ് ഉള്‍പ്പെടുന്നത്.
എടത്തനാട്ടുകര പഞ്ചായത്ത് രൂപവത്ക്കരണവുമായി ബന്ധപ്പെട്ട് ജനുവരി 25ന് ഇ എം 3/13 (1)/2014 തസ്വഭവ. നമ്പറിലാണ് വിജ്ഞാപനമിറങ്ങിയിരിക്കുന്നത്. ഇതുസംബന്ധിടച്ചുളള ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കുന്നതിനും ഫെബ്രുവരി 8വരെ സമയം അനുവദിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest