Connect with us

International

ഹിസ്ബുല്ല നേതാവ് കൊല്ലപ്പെട്ടത് മൊസാദ്- സി ഐ എ ഓപറേഷനില്‍

Published

|

Last Updated

വാഷിംഗ്ടണ്‍: ഹിസ്ബുല്ല നേതാവ് ഇമാദ് മുഗ്നിയ കൊല്ലപ്പെട്ട 2008 ലെ സിറിയന്‍ കാര്‍ ബോംബ് സ്‌ഫോടനത്തിനു പിന്നില്‍ ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസാദും അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ യുമാണെന്ന് റിപ്പോര്‍ട്ട്.
അമേരിക്കയും മൊസാദും ഒരുമിച്ചു തന്ത്രമൊരുക്കിയാണ് മുഗ്നിയെ വധിച്ചതെന്ന് അമേരിക്കയുടെ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ വെച്ച് പാര്‍ക്ക് ചെയ്ത കാറിനു പിന്നിലെ ടയറില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചായിരുന്നു മുഗ്‌നി കൊല്ലപ്പെട്ടത്.
മൊസാദ് എജന്റ് ടെല്‍ അവീവില്‍ വെച്ച് റിമോട്ട് സംവിധാനമുപയോഗിച്ചാണ് അമേരിക്കന്‍ നിര്‍മിത ബോംബ് ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1992 ല്‍ 29 പേര്‍ കൊല്ലപ്പെട്ട അര്‍ജന്റീനയിലെ ഇസ്‌റാഈല്‍ എംബസിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തിലും 1980 ലെ ലബനാനില്‍ പാശ്ചാത്യരെ തട്ടികൊണ്ട് പോയതിന് പിന്നിലും പ്രവര്‍ത്തിച്ചത് മുഗ്‌നിയാണെന്ന് സംശയിക്കപ്പെട്ടിരുന്നു. 1983 ല്‍ ബെയ്‌റൂത്തിലെ അമേരിക്കന്‍ നാവിക സേനാ താവളത്തില്‍ 241 അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ബോംബ് സ്‌ഫോടനത്തിലും 1985 ലെ ടി ഡബ്ല്യൂ എ 847 വിമാനം റാഞ്ചിയതിലും മുഗ്‌നിക്ക് പങ്കുള്ളതായി കണ്ടത്തിയിരുന്നു.
അതേസമയം വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ സി ഐ എ തയ്യാറായില്ല.