Connect with us

Kozhikode

പ്രതിനിധി രജിസ്‌ട്രേഷന്‍ തുടങ്ങി; സമാപന മഹാസംഗമത്തിനായി പ്രവര്‍ത്തകര്‍ ഒരുങ്ങുന്നു

Published

|

Last Updated

കോഴിക്കോട്;എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിനായി സുന്നികേരളം ഒരുങ്ങി. പിന്നിട്ട അറുപതാണ്ടിന്റെ കര്‍മശേഷിയില്‍ കേരളത്തിന്റെ യുവബോധത്തെ മുന്നോട്ടുനയിച്ച ആദര്‍ശസംഘത്തിന്റെ മഹാസംഗമത്തിനായി ഗ്രാമ നഗര വ്യത്യാസമില്ലാതെ മുന്നൊരുക്കങ്ങള്‍ തുടങ്ങി. സമ്മേളനത്തിന്റെ പ്രതിനിധി രജിസ്‌ട്രേഷന്‍ അവസാനഘട്ടത്തിലേക്ക് കടന്നു. അടുത്ത മാസം 26 മുതല്‍ 28 വരെ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ റജിസ്റ്റര്‍ ചെയ്ത ഇരുപത്തിയയ്യായിരം സ്ഥിരം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പഠനങ്ങളും ചര്‍ച്ചകളും പ്രാര്‍ഥനകളുമായി സമ്പന്നമാകുന്ന പ്രതിനിധി സമ്മേളനത്തിന്റെ രജിസ്‌ട്രേഷന് അവസാന മണിക്കൂറുകളിലും വലിയ പ്രതികരണമാണ് ലഭിക്കുന്നത്. എസ് വൈ എസ് സ്റ്റേറ്റ് കൗണ്‍സിലര്‍മാര്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സോണ്‍ ഭാരവാഹികള്‍, സര്‍ക്കിള്‍ ഘടകങ്ങളിലെ പ്രധാന പ്രവര്‍ത്തകര്‍, യൂനിറ്റിലെ തിരഞ്ഞെടുത്ത പ്രതിനിധി എന്നിവരക്കം തിരഞ്ഞെടുത്ത ഇരുപത്തിയയ്യായിരം പേരാണ് മൂന്ന് ദിവസത്തെ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. എസ് എസ് എഫ്, എസ് എം എ, എസ് ജെ എം സംസ്ഥാന ജില്ലാ പ്രതിനിധികളും പങ്കെടുക്കും. സംസ്ഥാന കമ്മിറ്റി സോണ്‍ കമ്മിറ്റി വഴി വിതരണം ചെയ്ത പ്രത്യേക ഫോറം വഴിയാണ് റജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. കൂടാതെ www.syskerala.com എന്ന വെബ്‌സൈറ്റ് വഴിയും രജിസ്റ്റര്‍ ചെയ്യാം. പ്രവാസി പ്രതിനിധികള്‍ക്ക് വേണ്ടിയും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 1 ന് കേരളം കാത്തിരുന്ന സമാപന മഹാ സമ്മേളനത്തിന് വേണ്ടിയും പ്രവര്‍ത്തകര്‍ തയ്യാറെടുപ്പ് തുടങ്ങി. സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മത്സരബുദ്ധിയോടെ ഏറ്റെടുത്ത വിവിധ ഘടകങ്ങള്‍ സമാപന സമ്മേളനത്തിനും പരമാവധി പ്രവര്‍ത്തകരെ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്രാദേശിക ഘടകങ്ങള്‍ വാഹനങ്ങള്‍ ബുക്ക് ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.