Connect with us

Ongoing News

പ്രതീക്ഷയോടെ കേരളം

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസിന് ഇന്ന് തിരിതെളിയുമ്പോള്‍ ഏറെ മെഡല്‍ പ്രതീക്ഷയിലാണ് ആതിഥേയരായ ടീം കേരളം. കഴിഞ്ഞ വര്‍ഷം ഝാര്‍ഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ ഏഴാം സ്ഥാനത്തായിരുന്നു കേരള ടീം. 30 സ്വര്‍ണവും 29 വെള്ളിയും 28 വെങ്കലവുമുള്‍പ്പെടെ 87 മെഡലുകളാണ് കേരളം സ്വന്തമാക്കിയത്. 70 സ്വര്‍ണം ഉള്‍പ്പെടെ 162 പോയിന്റുകള്‍ നേടി സര്‍വീസസ് ടീമായിരുന്നു ഒന്നാമത്.
അത്‌ലറ്റിക് ഇനങ്ങളിലാണ് കഴിഞ്ഞവര്‍ഷം കേരളത്തിന് ഏറ്റവുമധികം സ്വര്‍ണനേട്ടം ലഭിച്ചത്. കേരളത്തിന്റെ ആകെ മെഡലിന്റെ നേട്ടങ്ങളില്‍ 30 ശതമാനവും അത്‌ലറ്റിക് ഇനങ്ങളില്‍ തന്നെയായിരുന്നു. മൂന്ന് പുരുഷന്മാര്‍ക്കും ആറ് വനിതകള്‍ക്കുമുള്‍പ്പെടെ ഒമ്പത് സ്വര്‍ണമാണ് അത്‌ലറ്റിക് ഇനത്തില്‍ കേരളം സ്വന്തമാക്കിയത്. അത്‌ലറ്റിക് മത്സരങ്ങള്‍ക്കു പുറമെ സൈക്ലിംഗ് ഇനത്തില്‍ നാല് സ്വര്‍ണമുള്‍പ്പെടെ 15 മെഡലുകള്‍ കേരളം നേടി. റോവിംഗില്‍ 11 മെഡലുകളും സംസ്ഥാനത്തിന് നേടാനായി.
വനിതകളാണ് കഴിഞ്ഞ ദേശീയ ഗെയിംസില്‍ കേരളത്തിനുവേണ്ടി കൂടുതല്‍ മെഡലുകള്‍ നേടിയത് എന്നതാണ് മറ്റൊരു പ്രത്യേകത. കഴിഞ്ഞ ഗെയിംസില്‍ കേരളം നേടിയ 30 സ്വര്‍ണങ്ങളില്‍ 24 എണ്ണവും വനിതകള്‍ നേടിയതായിരുന്നു. അത്‌ലറ്റിക് ഇനങ്ങളില്‍ 142 മെഡലുകളാണ് ആകെ നല്‍കുന്നത്. ഇതില്‍ 12 എണ്ണവും വനിതകളുടെ നേട്ടങ്ങളായിരുന്നു.
ആകെ 87 മെഡലുകളില്‍ 57 എണ്ണവും വനിതകളുടെ വക. 24 സ്വര്‍ണങ്ങള്‍ക്കു പുറമെ 19 വെള്ളിയും 28 വെങ്കലവും വനിതകള്‍ നേടി. ഇക്കൊല്ലം 391 പുരുഷന്മാരും 353 വനിതാ താരങ്ങളുമായാണ് കേരളം മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ ദേശീയ ഗെയിംസിനേക്കാള്‍ കൂടുതല്‍ സ്വര്‍ണ നേട്ടങ്ങള്‍ കരസ്ഥമാക്കാമെന്ന പ്രതീക്ഷയിലാണ് വനിതാ ടീം.
രണ്ടാം തവണയാണ് കേരളം ദേശീയ ഗെയിംസിന് വേദിയാകുന്നത്. 1987ല്‍ 27-ാമത് ദേശീയ ഗെയിംസിന് കേരളമായിരുന്നു വേദിയായത്. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളിലായാണ് അന്ന് മത്സരങ്ങള്‍ നടന്നത്. 27 വര്‍ഷങ്ങള്‍ക്കു ശേഷം കായിക മാമാങ്കത്തിന് വീണ്ടും അരങ്ങൊരുങ്ങുമ്പോള്‍ കൂടുതല്‍ മെഡല്‍ നേട്ടത്തിന്റെ പ്രതീക്ഷയിലാണ് സംസ്ഥാനം.