Connect with us

Gulf

യുഎഇയില്‍ കര്‍ണാടക മീറ്റ് ഏപ്രില്‍ രണ്ടിന്‌

Published

|

Last Updated

അജ്മാന്‍: യു എ ഇയില്‍ കര്‍ണാടക മീറ്റ് നടത്തുമെന്ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി യു ടി ഖാദര്‍ പറഞ്ഞു. അജ്മാന്‍ ജി എം സി മൈതാനത്ത് ഇന്ന് നടക്കാനിരിക്കുന്ന ബ്യാരീസ് സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. ഏപ്രില്‍ രണ്ടിനാണ് കര്‍ണാടക മീറ്റ് നടത്തുക. വേദി പിന്നീട് അറിയിക്കും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധ രാമയ്യ അടക്കം മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. കര്‍ണാടകയിലേക്ക് ഗള്‍ഫില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കാനാണ് കര്‍ണാടക മീറ്റ്. ഗള്‍ഫ് മേഖലയില്‍ ഇത്തരമൊരു യോഗം ആദ്യമാണ്. യു എ ഇയില്‍ ആയിരക്കണക്കിന് കര്‍ണാടകക്കാരുണ്ടെന്നാണ് കര്‍ണാടക ഗവണ്‍മെന്റിന്റെ കണക്ക്. വ്യക്തമായ കണക്കുകള്‍ ലഭ്യമായിട്ടില്ല.
കര്‍ണാടകയില്‍ അപകടം നടന്ന് 48 മണിക്കൂറിനകം ആശുപത്രിയില്‍ എത്തിച്ചാല്‍ 25,000 രൂപയുടെ ചികിത്സ സൗജന്യമായിരിക്കും. ഇത് ഏത് ദേശക്കാര്‍ക്കും ലഭിക്കും. അപകടം സംഭവിച്ചാല്‍ ഉടന്‍ തന്നെ സ്ഥലത്തെത്താന്‍ ബൈക്ക് ആംബുലന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 104 ആണ് അപകട വിവരം അറിയിക്കേണ്ട നമ്പര്‍. അപകടം സംഭവിച്ചാല്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ രാജ്യാന്തര നിലവാരത്തില്‍ എത്തിക്കുന്നതിനുള്ള കര്‍മ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നോര്‍ത്ത് മംഗലാപുരം എം എല്‍ എ മൊയ്തീന്‍ ബാവ, ബ്യാരീസ് കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ഡോ. ബി കെ യൂസുഫ്, രക്ഷാധികാരി ബി എം മുംതാസ് അലി, പ്രൊഫ. ഡോ. കൗപ് മുഹമ്മദ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഇന്ന് രാവിലെ എട്ടിന് ജി എം സി മൈതാനത്താണ് ബ്യാരീസ് കള്‍ച്ചറല്‍ ഫോറത്തിന്റെ പരിപാടികള്‍. കായിക മത്സരങ്ങളും കലാമാമാങ്കവും ഉണ്ടാകും. ഏപ്രില്‍ മൂന്നിന് കര്‍ണാടക ബ്യാരീസ് സംഗമം നടക്കുമെന്ന് ഡോ. ബി കെ യൂസുഫ് അറിയിച്ചു.