Connect with us

Malappuram

ജില്ലയില്‍ വാഹനാപകട പരമ്പര

Published

|

Last Updated

കല്‍പ്പറ്റ: ഇന്നലെ ജില്ലയില്‍ വാഹനാപകട പരമ്പര. മൂന്നിടത്തായി നടന്ന അപകടങ്ങളില്‍ ഒരാള്‍ മരിക്കുകയും 24 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

പുത്തൂര്‍ വയലില്‍ ഏ ആര്‍ ക്യാമ്പിന് സമീപം സ്വകാര്യ ബസ്സ് ബൈക്കിലിടിച്ച് പുത്തൂര്‍വയല്‍ എ ആര്‍ ക്യാമ്പിനടുത്തുള്ള കാരാട്ട് വീട്ടില്‍ ഹുസൈന്‍-സൈനബ ദമ്പതികളുടെ മകന്‍ നിയാസ് (24)ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. ബൈക്ക് കലുങ്കില്‍ തട്ടി മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്ക.് വൈത്തിരി ചേരട്ടി അഖില്‍ പനമരം സ്വദേശി ദിലീപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.വെറ്ററിനറി സര്‍വ്വകലാശാലയ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സീറ്റ് നിറയെ യാത്രക്കാരുമായി മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ എസ് ആര്‍.ടി.സി ബസ് മടക്കിമല വളവില്‍ നിയന്ത്രണം വിട്ട് 15 അടിയോളം താഴ്ചയിലേക്ക് തലകുത്തനെ മറിഞ്ഞു. ബസിലുണ്ടായിരുന്നവര്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. ഇന്നലെ വൈകീട്ട് 6.10നാണ് അപകടമുണ്ടായത്. പരുക്കേറ്റ 35 പേരെ കല്‍പ്പറ്റയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരും പ്രാഥമിക ശുശ്രൂഷക്കു ശേഷം ആശുപത്രി വിട്ടു. ഭാഗ്യത്തിനാണ് വന്‍ ദുരന്തം ഒഴിവായത്. ഇറക്കമിറങ്ങി വരുകയായിരുന്ന ബസ് വളവിനടുത്തുവച്ച് ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ടുവെങ്കിലും സാവധാനമാണ് കുഴിയിലേക്ക് വീണത്. ഇതുകാരണമാണ് വന്‍ ദുരന്തം ഒഴിവായത്. ടയറുകള്‍ മുകളിലായി മണ്‍ഭിത്തിയിലേക്ക് ഒരു വശം ചെരിഞ്ഞാണ് ബസ് നിലം പതിച്ചത്. ഓടിക്കൂടിയ നാട്ടുകാര്‍, ഫയര്‍ഫോഴ്‌സും പോലീസും എത്തുന്നതിനു മുമ്പു തന്നെ എല്ലാവരെയും പുറത്തെടുത്തു. ബസില്‍ മൊത്തം 60 യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന് കണ്ടക്ടര്‍ പറഞ്ഞു. കോഴിക്കോട് ഡിപ്പോയിലെ ആര്‍ എന്‍ സി 204 നമ്പര്‍ ബസാണ് അപകടത്തില്‍പെട്ടത്.
ഇന്നലെ വൈകീട്ട് പെയ്ത ചാറ്റല്‍ മഴയാണ് അപകടത്തിനു കാരണമായത്. ഇതിനിടെ ബസിന്റെ ടയറുകള്‍ വളരെ മോശമായിരുന്നുവെന്ന വസ്തുതയും വെളിച്ചത്തു വന്നു. തലകീഴായി മറിഞ്ഞു കിടന്ന ബസിന്റെ ടയറുകള്‍ മൊട്ടയായിരുന്നു. ഇതും അപകടത്തിന് കാരണമായി.
മടക്കിമല വളവ് സ്ഥിരം അപകടകേന്ദ്രമാണ്. ഇവിടെ നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇവിടെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം അധികൃതര്‍ മാനിക്കാത്തതില്‍ പ്രതിഷേധിച്ച് അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ വഴി തടഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ എ ഡി എം നാട്ടുകാരുമായി ചര്‍ച്ച നടത്തി. ഒരാഴ്ചക്കുള്ളില്‍ അപകടവളവില്‍ കരിങ്കല്‍ഭിത്തി നിര്‍മാണം തുടങ്ങുമെന്നാണ് എ ഡി എം നാട്ടുകാര്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്.