Connect with us

Malappuram

ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പത്രങ്ങളില്‍ പരസ്യം നല്‍കി തട്ടിപ്പ്

Published

|

Last Updated

നിലമ്പൂര്‍: പത്രങ്ങളിലൂടെ പരസ്യം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവ് നിലമ്പൂര്‍ പോലിസിന്റെ കസ്റ്റഡിയില്‍. മഞ്ചേരി പുല്‍പ്പറ്റ കാരാക്കാടന്‍ അബ്ദുര്‍റഹിമാനെ(44)യാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ആറ് വര്‍ഷത്തിലേറെയായി വിവിധ പത്രങ്ങളില്‍ ബിസിനസ് പങ്കാളിയാക്കാമെന്ന് പത്ര പരസ്യം നല്‍കിയാണ് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 30 ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തത്. മലേഷ്യയില്‍ ആടുവളര്‍ത്തല്‍, ഇലക്‌ട്രോണിക്‌സ് ബിസിനസില്‍ പങ്കാളിത്തം, കരിഞ്ചീരകം എണ്ണ എന്നീ ബിസിനസുകളില്‍ പങ്കാളിയാവുന്നവര്‍ക്ക് ലക്ഷത്തിന് 5000 രൂപ വരെ വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. വാഹനങ്ങളുടെ മൈലേജ് വര്‍ധിപ്പിക്കുന്നതിനുള്ള പ്രത്യേക ഓയില്‍, ഹലാലായ ബിസിനസ് തുടങ്ങിയവയില്‍ ഹലാലായ ലാഭ വിഹിതം നല്‍കാമെന്നാണ് പ്രധാന വാഗ്ദാനങ്ങളിലൊന്ന്.
പണത്തിന് ഈടായി ഇടപാടുകള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ ചെക്കുകള്‍ നല്‍കാറാണ് പതിവ്. പണത്തിന് തിരികെ ആവശ്യമുള്ളപ്പോള്‍ ഒരുമാസത്തിനകം അറിയിക്കണമെന്നാണ് ഇയാള്‍ ആവശ്യപ്പെടാറുള്ളത്. മഞ്ചേരി കേന്ദ്രീകരിച്ചാണ് ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയത്.
ബിസിനസില്‍ പങ്കാളികളാകാന്‍ തയ്യാറുള്ളവരുടെ വീടുകളിലും, പൊതുസ്ഥലങ്ങളിലും നേരിട്ട് എത്തിയാണ് ഇടപാട് ഉറപ്പിക്കുന്നത്. ഇരയായവരില്‍ ഒട്ടേറെ മത പണ്ഡിതന്മാരുമുണ്ട്. പരസ്യം നല്‍കുമ്പോള്‍ ഫോണ്‍ നമ്പര്‍ മാറ്റുകയും, വിളിക്കുന്നവരോട് പല പേരുകളുമായരുന്നു പറഞ്ഞിരുന്നത്.
തട്ടിപ്പിനിരയായവരില്‍ ഒരാള്‍ തന്റെ സുഹൃത്തിന്റെ സഹായത്തോടെ തന്ത്രപരമായ നീക്കത്തിനിടയിലാണ് നിലമ്പൂരില്‍ വെച്ച് ഇയാള്‍ പൊലീസിന്റെ വലയിലായത്. മൂന്നര ലക്ഷം രൂപ ബിസിനസിലേക്ക് നിക്ഷേപിക്കാമെന്നും, അത് നിലമ്പൂരിലെത്തിയാല്‍ കൈമാറാമെന്നുമുള്ള ഉറപ്പില്‍ ഇയാള്‍ ബൈക്കില്‍ നിലമ്പൂരിലെത്തുകയായിരുന്നു. സ്ഥലത്തെത്തി സംശയം തോന്നി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വലയിലായത്. ഇയാളുടെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ പരാതിയുള്ളതായി സൂചനയുണ്ട്. കാസര്‍കോട് രണ്ട് ലക്ഷം, എടവണ്ണപ്പാറ സ്വദേശി ഇസ്മായിലില്‍ നിന്നും നാല് ലക്ഷം, ഓമാനൂര്‍ സ്വദേശിയുടെ പക്കല്‍ നിന്ന് 50000, പട്ടാമ്പി സ്വദേശിയില്‍ നിന്നും രണ്ട് ലക്ഷം, കൊണ്ടോട്ടിയില്‍ നിന്നും മൂന്ന് ലക്ഷം എന്നിങ്ങനെ തട്ടിപ്പു നടത്തിയതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. പണം വാങ്ങിയവരുടെ പേരുകള്‍ ഡയറിയിലുണ്ടെന്നും ഇയാള്‍ മൊഴി നല്‍കിയിതായും സൂചനയുണ്ട്. തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.