Connect with us

Ongoing News

നെയ്മറിന് ഡബിള്‍; ബാഴ്‌സലോണ കിംഗ്‌സ് കപ്പ് സെമിയില്‍

Published

|

Last Updated

മാഡ്രിഡ്: സ്പാനിഷ് കിംഗ്‌സ് കപ്പില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി ബാഴ്‌സലോണ സെമിഫൈനലില്‍. ആദ്യ പാദം 1-0ന് ജയിച്ച ബാഴ്‌സ രണ്ടാം പാദം 3-2നും ജയിച്ചതോടെ ഇരുപാദത്തിലുമായി 4-2ന് മുന്നിലെത്തി. അങ്ങേയറ്റം വാശിയേറിയ പോരില്‍ അത്‌ലറ്റിക്കോയുടെ രണ്ട് താരങ്ങള്‍ ചുവപ്പ് കണ്ടു. രണ്ടാം പാദത്തിലെ അഞ്ച് ഗോളുകളും ആദ്യ പകുതിയില്‍ സംഭവിച്ചു. ബാഴ്‌സക്കായി നെയ്മര്‍ ഡബിള്‍ നേടി. ഒരു ഗോള്‍ മിറാന്‍ഡയുടെ സെല്‍ഫ് ഗോള്‍. അത്‌ലറ്റിക്കോക്ക് വേണ്ടി ടോറസും റൗള്‍ ഗാര്‍സിയയും ഗോളടിച്ചു.
അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തം തട്ടകത്തില്‍ ഞെട്ടിയുണര്‍ന്നതു പോലെ ഒന്നാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി. സ്പാനിഷ് സ്‌ട്രൈക്കര്‍ ഫെര്‍നാന്‍ഡോ ടോറസായിരുന്നു സ്‌കോറര്‍. ഇതോടെ, ഇരുപാദ സ്‌കോര്‍ 1-1 തുല്യമായി. ഒമ്പതാം മിനുട്ടില്‍ ബ്രസീലിയന്‍ താരം നെയ്മറിലൂടെ ബാഴ്‌സ നിര്‍ണായകമായ എവേ ഗോള്‍ നേടി, ഇരുപാദത്തിലുമായി 2-1ന് മുന്നിലെത്തി. റൗള്‍ ഗാര്‍സിയ മുപ്പതാം മിനുട്ടില്‍ നേടിയ പെനാല്‍റ്റി ഗോളില്‍ അത്‌ലറ്റിക്കോ വീണ്ടും സമനില പിടിച്ചു (2-2). ആദ്യ പകുതിക്ക് പിരിയാന്‍ നാല് മിനുട്ട് ശേഷിക്കുമ്പോള്‍ നെയ്മറിലൂടെ ബാഴ്‌സ വീണ്ടും ലീഡെടുത്തു, ഇരുപാദ സ്‌കോര്‍ 3-2.
മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ സ്‌കോര്‍ 2-2 തുല്യം. രണ്ട് എവേ ഗോളുകള്‍ നേടിയത് ബാഴ്‌സയുടെ സാധ്യതകള്‍ വര്‍ധിപ്പിച്ചു. രണ്ടാം പകുതിയില്‍ ബാഴ്‌സ ഗോളടിക്കാതെ നോക്കുകയും രണ്ട് ഗോള്‍ അധികം സ്‌കോര്‍ ചെയ്യുകയും ചെയ്താല്‍ മാത്രമേ അത്‌ലറ്റിക്കോക്ക് സെമി സാധ്യതയുള്ളൂ. എന്നാല്‍, ആദ്യ പകുതിക്ക് പിരിഞ്ഞപ്പോള്‍ ടണലിനുള്ളില്‍ വെച്ചുണ്ടായ കശപിശയില്‍ അത്‌ലറ്റിക്കോയുടെ ഗാബിക്ക് ചുവപ്പ് കാര്‍ഡ് കണ്ടു. രണ്ടാം പകുതിയില്‍ മരിയോ സുവാരസിനും ചുവപ്പ് കണ്ടതോടെ അത്‌ലറ്റിക്കോ ഒമ്പത് പേരുമായി മത്സരം പൂര്‍ത്തിയാക്കേണ്ടി വന്നു.