Connect with us

Alappuzha

ഹോക്കിയുടെ ആരവത്തിലേക്ക് ദേശിംഗനാട്

Published

|

Last Updated

കൊല്ലം: ഫെബ്രുവരി ഒന്ന് മുതല്‍ 14 വരെ നടക്കുന്ന 35-ാമത് ദേശീയ ഗെയിംസിന്റെ കൊല്ലത്തെ മത്സരങ്ങള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഹോക്കി, റഗ്ബി എന്നീ മത്സരങ്ങള്‍ക്കാണ് ദേശിംഗനാട് ആതിഥ്യമരുളുന്നത്. ഹോക്കി വിഭാഗത്തില്‍ ഒരു ദിവസം നാല് മത്സരങ്ങളാണ് നടക്കുന്നത്. രാവിലെ 7.30, 9.30, ഉച്ചക്ക് രണ്ട് മണി, നാല് മണി എന്നിങ്ങനെയാണ് സമയക്രമം. ഫെബ്രുവരി 11ന് ഫൈനല്‍.

ഹോക്കി ടീമുകള്‍ കൊല്ലത്ത് എത്തിത്തുടങ്ങി. കേരളം, ഹരിയാന, പഞ്ചാബ്, ഝാര്‍ഖണ്ഡ്, ഒറീസ എന്നീ ടീമുകളാണ് എത്തിയത്. ദേശീയ ചാമ്പ്യന്മാരായ പഞ്ചാബും ഹരിയാനയും തമ്മിലാണ് ആദ്യമത്സരം. കൊല്ലത്ത് ഇന്നലെ ഉച്ചക്ക് എത്തിയ ഹരിയാന ടീമിലെ 18 പേരെ കോവൂര്‍കുഞ്ഞുമോന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ റെയില്‍വെ സ്റ്റേഷനില്‍ സ്വീകരിച്ചു.
ആശ്രാമത്തെ ഹോക്കി സ്റ്റേഡിയത്തില്‍ ടീമുകള്‍ പരിശീലനം തുടങ്ങി. സ്റ്റേഡിയത്തില്‍ ആദ്യമായി പരിശീലനം നടത്താന്‍ അവസരം ലഭിച്ചത് മലയാളി താരങ്ങള്‍ക്കാണ്.
ജൂനിയര്‍ ഹോക്കിയില്‍ ഏഷ്യാകപ്പ് ജേതാവും മുന്‍ ഇന്ത്യന്‍ ജൂനിയര്‍ ഗോള്‍കീപ്പറുമായ മലയാളി താരം കെ നിയാസിന്റെ സാന്നിധ്യത്തില്‍ വനിതാ ഹോക്കി കളിക്കാരുടെ പരിശീലനം മേയര്‍ ഹണി ബഞ്ചമിനും പുരുഷ ഹോക്കി കളിക്കാരുടെ പരിശീലനം എന്‍ കെ പ്രേമചന്ദ്രനും ഫഌഗ് ഓഫ് ചെയ്തു. ഹോക്കി മത്സരങ്ങള്‍ക്ക് ആശ്രാമത്ത് ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഹോക്കി സ്റ്റേഡിയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ നാടിന് സമര്‍പ്പിച്ചു. കൊല്ലത്തിന്റെ വിരിമാറില്‍ 4.6 ഏക്കര്‍ സ്ഥലത്ത് കേരളത്തിലെ ആദ്യത്തെ സിന്തറ്റിക്ക് ടര്‍ഫോട് കൂടിയ അന്തര്‍ദേശീയ സ്റ്റേഡിയമാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിന് 17.80 കോടി രൂപയാണ് ചെലവായത്. കേരളത്തിലെ ഏറ്റവും മികച്ച ഹോക്കി സ്റ്റേഡിയമാണ് കൊല്ലത്തേത്. കെ ബി ഗണേശ്കുമാര്‍ സ്‌പോര്‍ട്‌സ് മന്ത്രിയായിരുന്നപ്പോഴാണ് ടെന്‍ഡര്‍ നടപടികള്‍ പുനരാരംഭിച്ച് നിര്‍മാണം ത്വരിതപ്പെടുത്തിയത്. റഗ്ബി മത്സരങ്ങള്‍ 11 മുതല്‍ 14 വരെ ലാല്‍ബഹാദൂര്‍ സ്റ്റേഡിയത്തില്‍ നടക്കും. ദേശീയ ഗെയിംസില്‍ വ്യക്തിഗത ചാമ്പ്യന്‍മാരാകുന്ന സ്വര്‍ണ മെഡലുകാര്‍ക്ക് അഞ്ച് ലക്ഷവും വെള്ളിക്ക് മൂന്ന് ലക്ഷവും ഓടിന് രണ്ട് ലക്ഷവും നല്‍കുന്നതോടൊപ്പം എല്ലാവര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.