Connect with us

Kozhikode

നാദാപുരം അക്രമം: സി പി എം തൂണേരി ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍മാന്‍ രാജിവെച്ചു

Published

|

Last Updated

നാദാപുരം: തൂണേരി വെള്ളൂര്‍ പ്രദേശങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് സ്ഥലത്തെ ജനപ്രതിനിധികൂടിയായ സി പി എമ്മിലെ തൂണേരി ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍മാന്‍ സി പി സലാം രാജിവെച്ചു. പരസ്പര വിശ്വാസം നഷ്ടപ്പെട്ട ഒരു സമൂഹത്തിലെ ജനപ്രതിനിധിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റിന് നല്‍കിയ രാജി കത്തില്‍ അദ്ദേഹം വ്യക്തമാക്കി. തന്റെ തീരുമാനം ഒരു ശൂന്യതയും സൃഷ്ടിക്കുകയില്ലെന്ന് നന്നായി അറിയാം. പക്ഷേ ഇതെങ്കിലും ചെയ്തില്ലെങ്കില്‍ മനസ്സാക്ഷിക്ക് മുമ്പില്‍ തെറ്റുകാരനാകും. മകന്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ദുഃഖവും സര്‍വവും നഷ്ടപ്പെട്ട നിരപരാധികളായ കുടുംബങ്ങളുടെ നൊമ്പരവും അതിലുപരി ഭയവിഹ്വലരായ കുഞ്ഞുമക്കളുടെ മുഖവും കാണുമ്പോള്‍ ലജ്ജ തോന്നുന്നതായും രാജി കത്തില്‍ വിശദീകരിക്കുന്നു. ലീഗിന്റെ ഭാഗത്ത് നിന്ന് തെറ്റുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ സാധാരണക്കാരുടെ പാര്‍ട്ടിയായ സി പി എമ്മിന് ഇക്കാര്യത്തില്‍ തെറ്റ് പറ്റാന്‍ പാടില്ലെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
വീടുകള്‍ ആക്രമിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്തതില്‍ നിന്ന് സി പി എമ്മിന് ഒഴിഞ്ഞ് മാറാന്‍ സാധിക്കുകയില്ലെന്ന വാദമാണ് രാജിയിലൂടെ സലാം ഉയര്‍ത്തുന്നത്. കഴിഞ്ഞ തവണ കുന്നുമ്മല്‍ ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍മാനായിരുന്നു സലാം. എന്നാല്‍ ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സലാമിന് അറിയാമെന്നും സി പി എം ജില്ലാ കമ്മിറ്റി അംഗം വി പി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.