Connect with us

Wayanad

പച്ചക്കറി കൃഷിയില്‍ വിത്ത് തിരഞ്ഞെടുപ്പ് സുപ്രധാനം- ഡോ. ടി ആര്‍ ഗോപാലകൃഷ്ണന്‍

Published

|

Last Updated

അമ്പലവയല്‍: പച്ചക്കറികൃഷിയില്‍ വിത്ത് തെരഞ്ഞെടുപ്പ് സുപ്രധാനമാണെന്ന് കേരള കാര്‍ഷിക സര്‍വകലാശാല ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ.ടി ആര്‍ ഗോപാലകൃഷ്ണന്‍. മേഖലാ ഗവേഷണ കേന്ദ്രം ദേശീയ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി ആകാശവാണി കോഴിക്കോട് നിലയം, ആത്മ വയനാട് എന്നിവയുടെ സഹകരണത്തോടെ “പച്ചക്കറി കൃഷി” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അത്യുത്പാദന, രോഗ-കീട പ്രതിരോധ ശേഷികളുള്ള വിത്തുകളാണ് പച്ചക്കറി കൃഷിക്ക് ഉത്തമം. ഇത്തരത്തില്‍പ്പെട്ട അനേകം ഇനം വിത്തുകള്‍ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചിട്ടുണ്ട്. ഇവ ഉപയോഗപ്പെടുത്തുന്നതില്‍ കൃഷിക്കാര്‍ തത്പരരാകണം. വിത്തില്‍ പിഴച്ചാല്‍ വന്‍ നഷ്ടത്തിലായിരിക്കും കൃഷിയുടെ കലാശം. വിത്തുകളുടെ തെരഞ്ഞടുപ്പില്‍ കര്‍ഷകരെ സഹായിക്കുന്നത് കൃഷി ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തമായി കരുതണം.
പച്ചക്കറിയിനങ്ങളുടെ നടീല്‍ സമയവും കൃഷിയുടെ ജയവും തോല്‍വിയും നിര്‍ണയിക്കുന്ന ഘടകമാണ്. ഓരോ വിളയ്ക്കും അതിന്റേതായ നടീല്‍ സമയം ഉണ്ട്.
മനുഷ്യര്‍ സംശയത്തോടെ കഴിക്കുന്ന ഭക്ഷണമായി പച്ചക്കറികള്‍ മാറി. എങ്കിലും രാജ്യവ്യാപകമായി അവയുടെ ഉത്പാദനത്തില്‍ വന്‍ മുന്നേറ്റമാണ് നടക്കുന്നത്. കുഗ്രാമങ്ങളിലെ പീടികകളില്‍പോലും 12 മാസവും ലഭ്യമാണ് പച്ചക്കറികള്‍. ഗവേഷണരംഗത്തെ നേട്ടങ്ങളാണ് ഇതിനു സഹായകമാകുന്നത്. പച്ചക്കറി കൃഷിയില്‍ ഗ്രാഫ്റ്റിംഗ് സാങ്കേതികവിദ്യ വികസ്വരദശയിലാണ്.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പച്ചക്കറി ഉത്പാദനത്തില്‍ പിന്നിലാണ് കേരളം. ലോഡുകണക്കിനു പച്ചക്കറികളാണ് ദിവസവും മറ്റിടങ്ങളില്‍നിന്നു സംസ്ഥാനത്തെ വിപണികളില്‍ എത്തുന്നത്. കേരളത്തില്‍ പച്ചക്കറി ഉത്പാദനം കാര്യമായി വര്‍ധിക്കാത്തിതിനു പിന്നില്‍ തൊഴിലാളി ക്ഷാമം, വളക്കൂറുള്ള മണ്ണ്, ജലസേനച സൗകര്യം എന്നിവയുടെ അഭാവം ഉള്‍പ്പെടെ നിരവധി ഘടകങ്ങളുണ്ട്. സര്‍ക്കാരും ഏജന്‍സികളും പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കിലും പച്ചക്കറി ഉത്പാദനത്തില്‍ കേരളം ഉടനൊന്നും സ്വയംപര്യാപ്തത കൈവരിക്കില്ല. ഓരോ കുടുംബവും അവര്‍ക്കാവശ്യമായ പച്ചക്കറികള്‍ സ്വയം ഉത്പാദിപ്പിക്കുന്നത് സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിലേക്കുള്ള ദൂരം കുറയ്ക്കും.
പരമ്പരാഗത കര്‍ഷകര്‍ പി•ാറുന്ന പച്ചക്കറി കൃഷി രംഗത്തേക്ക് ചെറുപ്പക്കാര്‍ കടന്നുവരുന്നുണ്ട്. ഇത് ആശാവഹമാണ്. ഉത്പന്നങ്ങള്‍ക്ക് ന്യായവില കിട്ടുന്നില്ല എന്നത് സംസ്ഥാനത്തെ പച്ചക്കറി കര്‍ഷകരുടെ സ്ഥിരം പരാതിയാണ്. ഇടത്തട്ടുകാരുടെ ചൂഷണത്തിനു തടയിടാനായാല്‍ ഈ അവസ്ഥയ്ക്ക് മാറ്റമാകും. ഇക്കാര്യത്തില്‍ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിനു ഇടപെടലുകള്‍ നടത്താനാകും- ഡോ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം പി.എം.ജോയി അധ്യക്ഷനായിരുന്നു. വിവിധ സെഷനുകള്‍ക്ക് വെള്ളനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് അസോസിയേറ്റ് പ്രൊഫ.ഡോ.ടി.പ്രദീപ്കുമാര്‍, തവന്നൂര്‍ കെ.സി.എ.ഇ.ടി പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ.വി.എം.അബ്ദുല്‍ ഹക്കീം, കാര്‍ഷിക സര്‍വകലശാല എ.ആര്‍ ആന്‍ഡ് ടി അസോസിയേറ്റ് ഡയറക്ടര്‍ ജിം തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. മേഖലാ ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ.പി.രാജേന്ദ്രന്‍ സ്വാഗതവും അസിസ്റ്റന്റ് പ്രൊഫ. സ്മിത രവി നന്ദിയും പറഞ്ഞു.